ഞങ്ങള്‍ക്ക് എന്തു കിട്ടും?

പിന്മാറ്റത്തിന്‍റെ അവസ്ഥാന്തരത്തെ കുറിച്ചുള്ള ചെറുതല്ലാത്ത ഉപമയില്‍ കര്‍ത്താവു പറഞ്ഞുതരുന്നതു ഗ്രഹിക്കുവാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍. ഓരോ പ്രാവശ്യവും മത്തായി എഴുതിയ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലെ സ്വര്‍ഗ്ഗരാജ്യ ഉപമ വായിച്ചെടുക്കുമ്പോഴും കര്‍ത്താവിന്‍റെ ഹൃദയം ആരായുമ്പോഴും എന്‍റെ കണ്ണുകള്‍ തൊട്ടുമുന്‍പുള്ള പേജില്‍ മുന്‍പപ്പെഴോ അടിവരയിട്ട രണ്ടു വാക്കില്‍ ഉടക്കുകയും ആ ചെറിയ വാക്കുകള്‍ എന്നെ നോക്കി മന്ദസ്മിതം ചെയ്യുകയും തുടര്‍ന്നു ഞാന്‍ ഈ ഭാഗത്തെ വായന അവസാനിപ്പിക്കുകയും ആണ് ചെയ്യാറുള്ളത്. ആ വാക്കുകള്‍ വേറെ ഒന്നുമല്ല ‘വരം ലഭിച്ചവര്‍ക്കല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല’ എന്നുള്ള കര്‍ത്താവിന്‍റെ വരമൊഴി തന്നെ.

ആദ്യ സ്നേഹം നമ്മില്‍ നിന്നു പോകുന്നതാണ് പിന്മാറ്റത്തിന്‍റെ ആദ്യത്തെ പടി. ആദ്യ സ്നേഹം നഷ്ടപ്പെട്ട അവസ്ഥ പിന്മാറ്റമാണ്. ആദ്യസ്നേഹം പലപ്പോഴും വിട്ടുകളയുന്നതു മനഃപൂര്‍വ്വമല്ല. അങ്ങനെയായി പോകുന്നതാണ്. വര്‍ഷങ്ങളുടെ പഴക്കം ശുശ്രുഷയുടെ പെരുപ്പം ഒക്കെ നമ്മെ ആദ്യസ്നേഹത്തില്‍ നിന്നു അകറ്റുന്നതാണ്. കഠിന പാപമല്ലാത്ത പാപങ്ങളെ നിസ്സാരവത്ക്കരിക്കുന്നതു മൂലവും ദൈവത്തിനു കഠിനപാപത്തില്‍ മാത്രമേ ശ്രദ്ധയുള്ളുവെന്ന മിഥ്യാ ധാരണയും നമ്മെ ആദ്യസ്നേഹത്തില്‍ നിന്നും അകറ്റുന്നു. ആദ്യസ്നേഹം നഷ്ടപ്പെടുന്നത് നാം അറിയുന്നുക്കൂടിയുണ്ടാവില്ല. ഈ ഇരുപതാം അദ്ധ്യായത്തില്‍ മുന്തിരിത്തോട്ടത്തിലെ വേലക്കാരുടെ നിയമനവും അവരുടെ കൂലിയും വേലയുംസംബന്ധിച്ചുള്ള തര്‍ക്കങ്ങളുടെയും എല്ലാം തുടക്കം പത്രോസില്‍ നിന്നാണെന്നു പറയാം. ധനവാനായുള്ള ചെറുപ്പക്കാരന്‍റെ നിത്യതയിലേക്കുള്ള പ്രവേശനത്തിന്‍റെ സാധ്യതകളെ ആരാഞ്ഞുള്ള ചോദ്യവുമായി ബന്ധപ്പെട്ടാണ് ഈ സന്ദര്‍ഭം ഉടലെടുക്കുന്നത് തന്നെ. അനേക സമ്പത്തിന്‍റെ ഉടമയായ ഈ ചെറുപ്പക്കാരന്‍ ധനമുപേക്ഷിച്ചുള്ള നിത്യജീവനോടുള്ള താല്‍പര്യക്കുറവ് കര്‍ത്താവിനെ ദുഃഖിപ്പിച്ചു. ഒട്ടകം സൂചിക്കുഴയിലൂടെയും ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുവാനും ഒരുമിച്ചു ശ്രമം നടത്തിയാല്‍ ഒട്ടകം സൂചിക്കുഴയുടെ അപ്പുറം എത്തിയാലും ധനവാന് പിന്നെയും ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം അകലെയായിരിക്കും എന്ന യേശുകര്‍ത്താവിന്‍റെ വാക്കുകള്‍ പത്രോസ് ഉള്‍പ്പടെയുള്ള ശിഷ്യവൃന്ദത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. രക്ഷിക്കപ്പെടുവാന്‍ മനുഷ്യര്‍ക്ക് അസാദ്ധ്യമാണെന്നുള്ള അടിസ്ഥാനപാഠം യേശുകര്‍ത്താവു ശിഷ്യന്മാര്‍ക്കു ഉപദേശിച്ചു കൊടുക്കുമ്പോള്‍ തകര്‍ന്നുവീഴുന്നതു നമ്മുടെക്കൂടെ ധാരണകളാണ്. രക്ഷിക്കപ്പെടുവാന്‍ ധനവാന്‍ എന്ന പ്രത്യേക വിഭാഗത്തിനു മാത്രമല്ല മനുഷ്യര്‍ക്കു ആര്‍ക്കും സാധ്യമല്ല. അതിനു ദൈവത്തിന്‍റെ കരുണ വേണമെന്നാണ് കര്‍ത്താവു ഇവിടെ മനസ്സിലാക്കിത്തരുന്നത്. സ്വന്തദാരിദ്ര്യം തിരിച്ചറിയാത്ത ആര്‍ക്കും ഈ ഭാഗ്യാവസ്ഥയിലേക്കു എത്തപ്പെടുവാന്‍ കഴിയുകയില്ല. പൗലോസ് അപ്പോസ്തോലന്‍ എഫസ്യര്‍ക്കു എഴുതിയ ലേഖനത്തില്‍ കുറച്ചുക്കൂടെ വ്യക്തത വരുത്തി എഴുതി ‘കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു: അതിന്നും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു.(വാ. 2:8)

ദൈവത്തിന്‍റെ ദാനമാണ് രക്ഷ എന്നുള്ള മറവിയാണ് നമ്മെ പലപ്പോഴും ആത്മിക അഹങ്കാരത്തിലേക്കു നയിക്കുന്നത്. മനുഷ്യരുടെ യാതൊരു പ്രവര്‍ത്തി വൈഭവവും കൊണ്ടല്ല രക്ഷ എന്ന ദാനം കൈവന്നതെന്ന വാക്കുകള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്നുണ്ടാക്കിയ മൗനതയെ ഭഞ്ജിച്ചുകൊണ്ടാണ് ശിഷ്യന്മാരുടെ എല്ലാം പ്രതിനിധി എന്ന അവകാശമെടുത്തു പത്രോസിന്‍റെ അപ്രതീക്ഷ ചോദ്യം ‘ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ, ഞങ്ങള്‍ക്കു എന്തുകിട്ടും ?’.

സകലതും ഉപേക്ഷിച്ചുള്ള അനുഗമനം മടയത്തരമാണെന്നുള്ള കണ്ടെത്തലിലാണ് ധനവാനായ ചെറുപ്പക്കാരന്‍ മടങ്ങിയതെങ്കില്‍ ആ മടയത്തരം കാണിച്ച ഞങ്ങള്‍ക്കു വല്ല പ്രയോജനവും ഉണ്ടാകുമോ എന്നാണ് മറയില്ലാതെ പത്രോസ് ചോദിക്കുന്നത്. ലാഭമില്ലാത്ത ഒരു പ്രവര്‍ത്തിക്കും തയ്യാറാകാത്ത ആധുനീക മനുഷ്യന്‍റെ പരിച്ഛേദം ആണ് പത്രോസ് എന്ന ശിഷ്യനിലൂടെ കേട്ടത്. കര്‍ത്താവിനോടുള്ള അഭേദ്യമായ ആദ്യസ്നേഹത്തിലുള്ള വിള്ളലുകള്‍ അറിയാതെയാണെങ്കിലും പ്രതിഫലിക്കപ്പെടുകയാണ് ഈ ചോദ്യത്തിലൂടെ. ഹൃദയം നിറഞ്ഞു കവിയന്നതിലൂടെയല്ലാതെ വായ്ക്കു പ്രസ്താവിക്കുവാന്‍ കഴിയുകയില്ലല്ലോ. ധനവാനായ ചെറുപ്പക്കാരന്‍ നിത്യജീവന്‍ തേടി വരുന്നതിനും മുന്‍പേ ഒരിക്കലെങ്കിലും ഹൃദയ ഭിത്തികളിലൂടെ മിന്നിപ്പോയ ചിന്തകളുടെ പ്രത്യക്ഷരൂപമാണല്ലോ അവസരമെത്തിയപ്പോള്‍ വാക്കുകളായി പുറത്തേക്കു നിര്‍ഗ്ഗളിച്ച ‘അനുഗമിച്ചാല്‍ എന്തു കിട്ടും എന്ന ചോദ്യം’. അനുഗമനം സമം ഉപേക്ഷണമാണെന്നുള്ള യാഥാര്‍ഥ്യത്തെ കൊന്നു കുഴിച്ചുമൂടിയിട്ടാണ് നാം യേശുവിന്‍റെ ശിഷ്യരാണെന്നുള്ള ലേബലില്‍ ആരാധിക്കുന്നത്.

ആരും കൂലിക്കുവിളിക്കാതെ പകല്‍ മുഴുവന്‍ ചന്തയില്‍ മിനക്കെട്ടു നിന്ന എനിക്കു എന്തു കിട്ടുമെന്ന ചോദ്യം പിന്മാറ്റമാണ്. എന്നെപ്പോലെ അയല്‍ക്കാരനും ലഭിക്കുന്നതു കാണുവാന്‍ മനസ്സില്ലാതെ നല്ലവനായ യജമാനന് നേരെ പിറുപിറുത്തതു പിന്മാറ്റത്തിന്‍റെ എത്രാമത്തെ അവസ്ഥാന്തരത്തില്‍ എഴുതിച്ചേര്‍ക്കാം. തന്‍റെ മുന്തിരിത്തോട്ടത്തിലേക്കുള്ള വേലക്കാരെ കണ്ടെത്തുന്ന കാല വ്യത്യാസങ്ങള്‍, പ്രതിഫലം ഒന്നും കൂട്ടുവേലക്കാരുടെ അധികാരത്തിന്‍റെ പരിധിയില്‍ വരുന്നതല്ല. സ്വന്ത സഹോദരനെ സമമായി കാണുവാന്‍ കഴിയാത്ത നാം പിന്മാറ്റ ഗണത്തിലല്ലാതെ വേറെ ഏതു വിഭാഗത്തില്‍പ്പെടുത്തും. ഒരു മണിനേരം മാത്രം വേലചെയ്തവനും പകലത്തെ ഭാരവും വെയിലും സഹിച്ചവനോട് സമമാക്കിയല്ലോ എന്നുള്ള ചിന്തയും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമായ സഹോദരനെ രണ്ടായി കാണുന്നതും സ്വന്തം സഹോദരന്‍റെയും തന്‍റെയും നിത്യജീവനെ ക്കുറിച്ചുള്ള കാഴ്ചപ്പാടു നഷ്ടപ്പെടുത്തിയത് മൂലമാണ്.

പകലത്തെ ഭാരവും വെയിലും സഹിച്ച മുമ്പന്മാര്‍ക്കു അധികം ലഭിക്കുമെന്ന സ്വഭാവിക ചിന്ത തെറ്റല്ല ലോകവ്യവസ്ഥിതിയില്‍. എത്ര മാത്രം നല്ലതെന്നു നമുക്കു തോന്നിക്കുന്ന ലോകത്തിന്‍റെ ഏതു വ്യവസ്ഥകളും ദൈവസന്നിധിയില്‍ അത് വിപരീത ഫലം കൊണ്ടു വരും.

പിന്‍പന്മാര്‍ അതായതു, താമസിച്ചു ജോലിക്കു പ്രവേശിച്ചവര്‍ ജോലിക്കു എത്താതിരുന്നെങ്കില്‍ ഈ സാഹചര്യം ഉണ്ടാകുകയില്ലായിരുന്നു. ഭാരവും വെയിലും ഒരു വെള്ളിക്കാശുമല്ല ഇവിടുത്തെ പ്രതിസന്ധിക്കോ തര്‍ക്കത്തിനോ നിദാനം. നേരത്തെ ജോലിയില്‍ പ്രവേശിച്ചവര്‍ കുറച്ചേറെ പ്രത്യകത ഉള്ളവരാണെന്നു സ്വയമായി ചിന്തിക്കുന്നതിന്‍റെ ഒരു അപകടം കൂടിയാണ് ഇത്. യാതൊരു യോഗ്യതയും ഇല്ലാതിരുന്നിടത്തു നിന്നു സൗജന്യമായി നല്‍കിയ രക്ഷയുടെ പ്രാധാന്യത്തെ മറക്കുകയും തങ്ങളുടെ പ്രവര്‍ത്തിയെ രക്ഷയ്ക്ക് നിദാനമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നതും ഈ പിറുപിറുപ്പിനു കാരണമാകാം.

പുറകെ വന്നവരെയും ആദ്യം തന്നെ ഉണ്ടായിരുന്നവരെയും ഒരേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ യജമാനനാണ് കുറ്റക്കാരന്‍. പണത്തിന്‍റെ കുറവോ, അധ്വാനത്തിന്‍റെ കണക്കോ ഞാന്‍ ക്ഷമിക്കാം. പക്ഷേ ഇരുകൂട്ടരെയും ഒരു പോലെ കാണുന്ന നിന്‍റെ നല്ല മനസ്സ് അതു ഞങ്ങള്‍ക്കു സഹിക്കാവുന്നതിലും അധികമാണ്. സഭകളില്‍ ഉണ്ടാകുന്ന പരിഹരിക്കപ്പെടുവാന്‍ കഴിയാതെ പോകുന്ന പ്രതിസന്ധികളുടെ ഏറ്റവും വലിയ കാരണക്കാരനും ഈ ഒരു പോലെ കാണുന്നയവസ്ഥയാണ്. ക്രിസ്തുവിന്‍റെ പരിജ്ഞാനത്തിലേക്കുള്ള വളര്‍ച്ചയുടെ പടവുകളില്‍ പതിനൊന്നാം മണിയില്‍ പ്രവേശിച്ചവനെ അംഗീകരിക്കുവാനുള്ള മനസ്സില്ലായ്മ വല്ലാതെ പ്രതിസന്ധി സൃഷ്ടിക്കും. ഒരുമിച്ചു നിന്നു സ്വര്‍ഗ്ഗരാജ്യം പണിയപ്പെടുന്നതിന്‍റെ പ്രാധാന്യവും ആവശ്യകതയും മുമ്പനാണെന്നുള്ള പരിഗണനയും അവകാശവും പേറുന്നതുകൊണ്ടു നഷ്ടമായി പോകും.

സ്വാഭാവികകൊമ്പുകളില്‍ ചിലതു ഒടിച്ചിട്ടു കാട്ടൊലിവായ നമ്മെ അവയുടെ ഇടയില്‍ ചേര്‍ത്തു വച്ചിരിക്കുകയാണ്. പ്രീയമുള്ളവരെ, സ്വാഭാവിക കൊമ്പുകളെ ആദരിക്കാതെ പോയെങ്കില്‍ നമ്മെയും ആദരിക്കാതിരിക്കുവാന്‍ സാധ്യതയുണ്ട്.

നിന്‍റേതു വാങ്ങി പൊയ്ക്കൊള്‍ക എന്നതാണ് വീട്ടുടയവന് നേരെയുള്ള പിറുപിറുപ്പിനൊടുവില്‍ കേള്‍ക്കുന്ന ശബ്ദം.