വര്‍ദ്ധിച്ചു വളരുന്ന സ്നേഹത്തിന്‍റെ കവിയല്‍

വായനാഭാഗം: 1 തെസ്സലൊനീക്യര്‍ 3:12 ‘എന്നാല്‍ ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതുപോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും’

അപ്പോസ്തലനായ പൗലോസ് ആത്മഭാരത്തോടെ തെസ്സലോനിക്യയിലെ ദൈവമക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു വിഷയമാണ് അവരുടെ ആത്മീക സ്വഭാവങ്ങളുടെ വര്‍ദ്ധനവ് ദൈവത്താല്‍ നടക്കേണം എന്നത്. അതിനു അദ്ദേഹം ഉപയോഗിക്കുന്ന മാതൃക ശ്രദ്ധേയമാണ്. ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതുപോലെ സ്നേഹം വര്‍ദ്ധിക്കേണം, വര്‍ദ്ധിച്ചു കവിയണം.കാലപ്പഴക്കം കൊണ്ടു കുറയേണ്ടതല്ല ദൈവസ്നേഹം, തെസ്സലൊനീക്യര്‍ അന്യോന്യം സ്നേഹിക്കേണം എന്നു മാത്രമല്ല, സ്നേഹത്തില്‍ വര്‍ദ്ധിച്ചു പെരുകേണം എന്നാണ് പ്രാര്‍ത്ഥന. പൗലോസ് അപ്പോസ്തലന്‍ അവരെ സ്നേഹിച്ചതുപ്പോലെ അവര്‍ അന്യോന്യവും മറ്റുള്ളവരെയും സ്നേഹിക്കുന്നവരായി വളരേണം. ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാല്‍ അവരുടെ ഹൃദയങ്ങളില്‍ പകരപ്പെട്ട ദൈവസ്നേഹം അവരുടെ കൂട്ടായ്മയിലുള്ളവരോടു മാത്രമല്ല, എല്ലാവരോടും വര്‍ദ്ധിച്ചു കവിയേണം. അവരോടുള്ള ദൈവകൃപ വര്‍ദ്ധിച്ചതുപ്പോലെ അവരുടെ സ്നേഹവും വര്‍ദ്ധിച്ചു പെരുകേണം. ദൈവസ്നേഹം വര്‍ദ്ധിക്കുന്നതാണ്. വര്‍ഷങ്ങള്‍ പഴകുന്തോറും കുറയുന്നതല്ല ദൈവസ്നേഹം. എന്നാല്‍ ലോകസ്നേഹം വര്‍ഷപ്പഴക്കത്തില്‍ കുറഞ്ഞുവരും. അടുക്കുന്തോറും, അടുത്തറിയുമ്പോഴും ഏറിവരുന്നതാണ് ദൈവസ്നേഹം. എന്നാല്‍ ലോകസ്നേഹം അടുക്കുന്തോറും സ്നേഹിക്കപ്പെടുന്നവന്‍ അതിനര്‍ഹനല്ലെന്നും സ്നേഹിക്കുന്നവന്‍ ചതിക്കപ്പെടുകയാണെന്നു തെളിയുകയും ചെയ്യുന്നതാണ്. എന്നിരുന്നാലും അതു തിരിച്ചറിയുമ്പോഴും അവനെ സ്നേഹിക്കുന്നതും ആ സ്നേഹത്തോടെ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുമാണ് ദൈവസ്നേഹം. അതിനു മാതൃക നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവാണ്. തന്‍റെ ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോഴും, അതിലൊരുവന്‍ കള്ളനാണെന്നും തന്നെ ഒറ്റുകൊടുക്കുമെന്നും, മറ്റൊരുവന്‍ തന്നെ തള്ളിപ്പറയുമെന്നും, മറ്റുള്ളവരൊക്കെ തന്നെ വിട്ടു ഓടിപ്പോകുമെന്നും അറിവുണ്ടായിരിക്കെ അവരെ തിരഞ്ഞെടുക്കുകയും അവരെ സ്നേഹിക്കുകയും ചെയ്തു. ഇവിടെ നമുക്കു വര്‍ദ്ധിച്ചു വരുന്ന സ്നേഹം ദര്‍ശിക്കുവാന്‍ കഴിയും. കാലപ്പഴക്കം വന്നുകൊണ്ടിരിക്കുമ്പോഴും, യൂദയുടെ സ്വഭാവം പ്രത്യക്ഷത്തില്‍ വെളിപ്പെട്ടുക്കൊണ്ടിരിക്കുമ്പോഴും, യൂദാ തന്നെ അതു വെളിപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും, അവനെ തുടര്‍ന്നും സ്നേഹിക്കുകയും, കാലുകഴുകയും, അപ്പക്കഷണം ചാറ്റില്‍ മുക്കി കൊടുക്കുവാനും, അവന്‍റെ ചുംബനം സ്വീകരിക്കുവാനും, അവസാന നിമിഷങ്ങളിലും ‘സ്നേഹിതാ’ എന്നു സംബോധന ചെയ്തു വിളിക്കുവാനും തക്കവണ്ണം ആ സ്നേഹം വര്‍ദ്ധിച്ചു വന്നുകൊണ്ടിരുന്നു. ഈ സ്നേഹം തങ്ങളുടെ ജീവിതത്തിലും പ്രയോഗികമാക്കണമെന്നാണ് പൗലോസ് അപ്പോസ്തലന്‍ ഓര്‍പ്പിക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും. സ്നേഹിക്കുവാന്‍ കൊള്ളാം എന്നു തെളിയിക്കുന്നവരെയല്ല, ആരാലും വെറുക്കപ്പെടുന്നവരെയും സ്നേഹിക്കുന്ന ദൈവസ്നേഹം വിശ്വാസികള്‍ പ്രകടമാക്കേണം എന്ന അപ്പോസ്തലന്‍റെ പ്രാര്‍ത്ഥന നമുക്ക് വേണ്ടി ക്കൂടിയുള്ളതാണ്. ഇന്നു പലപ്പോഴും സ്നേഹിക്കുന്നവരെ സ്നേഹിക്കുകയും സ്നേഹിക്കുവാന്‍ കൊള്ളാം എന്നു തോന്നുന്നവരെ സ്നേഹിക്കുകയും ചെയ്യുന്ന സ്നേഹം വിശ്വാസികള്‍ക്കു യോഗ്യമായതല്ല. വിശ്വാസികളുടെ സ്നേഹം വര്‍ദ്ധിച്ചു കവിയുന്നതായിരിക്കേണം. രണ്ടു തലങ്ങളിലാണ് നമ്മുടെ സ്നേഹം വര്‍ദ്ധിച്ചു പേരുകേണ്ടത്. വിശ്വാസികള്‍ക്കു പരസ്പരമുള്ള സ്നേഹം വര്‍ദ്ധിച്ചു കവിയേണം. കൂടാതെ എല്ലാവരെയും, സഹവിശ്വാസികളെ മാത്രമല്ല, പുറത്തുള്ളവരെയും ഉപദ്രവിച്ചവരെയും, സകലരെയും സ്നേഹിക്കുവാന്‍ കഴിയേണം. ദൈവസ്നേഹം എന്തെന്നറിയാത്ത ഏതു മനുഷ്യനെയും സ്നേഹിക്കേണം. ഉള്‍ക്കരുത്തില്ലാത്തവരെയും ക്രമംക്കെട്ടു നടക്കുന്നവരെയും, വിശ്വാസത്തില്‍ കുറവുള്ള മനുഷ്യരെയും ഒക്കെ പൗലോസ് സ്നേഹിക്കുകയും, അവരോടുള്ള ദൈവസ്നേഹത്തിനു വര്‍ദ്ധനവ് ഉണ്ടായിട്ടു താന്‍ അതു മറ്റുള്ള വിശ്വാസികളും ചെയ്യുവാന്‍ ഉപദേശിക്കുന്നു. ദൈവസ്നേഹത്തിന്‍റെ മാറ്റമില്ലാത്ത, മാറ്റിക്കൂടാനാകാത്ത ഒരു സ്വഭാവമാണ് വര്‍ദ്ധിക്കുക. കവിയുക എന്നത്. ദൈവസ്നേഹത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ ദൈവപ്രവര്‍ത്തി തങ്ങളുടെ ജീവിതത്തില്‍ വെളിപ്പെടുന്നത് കാണുവാനാകും.

സഹോദരങ്ങളെ, നമ്മെ സ്നേഹിക്കുവാന്‍ കൊള്ളാത്തവരായിരുന്നിട്ടും, ആ സ്നേഹം അനുഭവിക്കുവാന്‍ ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും കര്‍ത്താവു നമ്മെ സ്നേഹിച്ചു. ദൈവസ്നേഹം നമ്മില്‍ വര്‍ദ്ധിച്ചു കവിയുവാന്‍ തക്കവണ്ണം നമ്മെയും സ്നേഹിച്ചു തിരഞ്ഞെടുത്തു. നാമും ഇതു തന്നെ ചെയ്യുവാന്‍ വിളിക്കപ്പെട്ടവരാണ്. നമ്മുടെ ആത്മീയ സ്വഭാവങ്ങളില്‍ നാം വര്‍ദ്ധിച്ചു വളരേണം. നാം ആയിരിക്കുന്നതു പോലെ ഇരിക്കുവാനല്ല, ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നത്; വര്‍ദ്ധിച്ചു വളരണം. നാം ആയിരിക്കുന്നതുപ്പോലെ ഇരിക്കുന്നുവെങ്കില്‍ ദൈവത്തിനു നമ്മില്‍ പ്രസാദിക്കുവാന്‍ കഴിയില്ല. പൗലോസ് അപ്പോസ്തലന്‍ പറഞ്ഞതുപ്പോലെ നമുക്കും പറയുവാന്‍ കഴിയണം ‘ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതുപ്പോലെ’. ഇതു സാക്ഷിക്കുവാന്‍ കഴിയുന്ന വിശുദ്ധജീവിതത്തിനു ഉടമകളാകാം.

Pr. Anil Abraham