വചനമാകുന്ന പ്രകാശം

വായനാഭാഗം: സങ്കീര്‍ത്തനങ്ങള്‍ 36:9 ‘നിന്‍റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു.’

ഈ വാക്യം രണ്ടു കാര്യങ്ങളെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

  1. ദൈവത്തിന്‍റെ പ്രകാശം
  2. അതുംമൂലം നാം കാണുന്ന പ്രകാശം

നമ്മുടെ ഹൃദയത്തിലുണ്ടാകുന്ന ഒരു സ്വഭാവിക ചോദ്യമാണ് ഈ പാപം നിറഞ്ഞ ലോകത്തില്‍ എങ്ങനെ വിശുദ്ധിയോടെ ജീവിക്കുവാന്‍ സാധിക്കും? നാം ദൈവത്തിന്‍റെ ആത്മവിലാണോ? അതോ സ്വയത്തിലാണോ ആശ്രയിക്കുന്നത്? നമ്മുടെ ക്രിസ്തീയ ജീവിതത്തെക്കുറിച്ചു ഒരു ആത്മപരിശോധനയുടെ ആവശ്യതയുണ്ട്. നാം എല്ലാവരും വിചാരിക്കുന്നത് നമ്മള്‍ വിശുദ്ധിയോടെ തന്നെയല്ലേ ജീവിക്കുന്നത് എന്നാണ്. നമ്മള്‍ എപ്പോഴും പുറമെയുള്ള മനുഷ്യനെ ശരിയാക്കുവാന്‍ ശ്രദ്ധിക്കും. എന്നാല്‍ അകമേയുള്ള മനുഷ്യനെയോ? നമ്മുടെ ഉള്ളിലേക്കു ഒരു ശോധന ആവശ്യമാണ്. മനുഷ്യന്‍ തന്നത്താന്‍ ശോധന ചെയ്താല്‍ നമുക്കു വിധിപ്പാന്‍ സാധിക്കുകയില്ല. യോഹന്നാന്‍ 5:30-ല്‍ പറയുന്നത് എനിക്കു സ്വതേ ഒന്നും ചെയ്വാന്‍ കഴിയുന്നതല്ല. ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു. നമ്മള്‍ ഈ ലോകത്തില്‍ ഇരുന്നു നിത്യതയിലേക്കു വേണ്ടി ഒരുങ്ങുന്നത് ശരിയാണോ എന്നു അറിയുവാന്‍ ദൈവത്തിന്‍റെ പ്രകാശം നമ്മില്‍ വരണം. ആ പ്രകാശത്തില്‍ നാം പ്രകാശം കാണണം.

നമ്മള്‍ ഒരു കല്യാണവിരുന്നില്‍ പങ്കെടുക്കുവാന്‍ ഒരുങ്ങി. ഒരുങ്ങിയതു ശരിയാണോ എന്നു അറിയുവാന്‍ കണ്ണാടിയുടെ മുന്‍പില്‍ പോയി നോക്കാറുണ്ട്. എന്നാല്‍ കണ്ണാടിയുള്ള മുറിയില്‍ നേരിയ വെളിച്ചം മാത്രമേ ഉള്ളുവെങ്കില്‍ നാം ശരിയായിട്ടാണോ ഒരുങ്ങിയതെന്നു കാണുവാന്‍ നമുക്കു സാധിക്കുകയില്ല. എന്നാല്‍ മുറിയില്‍ വര്‍ദ്ധിപ്പിക്കുന്ന പ്രകാശത്തിന്‍റെ തോത് ഒരുക്കം ശരിയാണോ എന്നതും നമ്മുടെ കുറവുകളുടെ കൂടുതലും കണ്ടെത്തുവാന്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ വളരെ വലിയ വെളിച്ചമാണ് നമ്മിലേക്കു പതിക്കുന്നതെങ്കില്‍ അഥവാ നേരിട്ടാണ് നമ്മിലേക്കു പ്രകാശം പതിക്കുന്നതെങ്കില്‍ നമ്മിലുള്ള ചെറിയ കുറവുകളെപ്പോലും ആ വെളിച്ചം വ്യക്തമായി കാണിച്ചുതരുന്നു. സഹോദരങ്ങളെ, ഈ ഉദാഹരണം പോലെ നമ്മുടെ ഉള്ളിലെ മനുഷ്യന്‍ ശരിയായിട്ടാണോ ഒരുങ്ങിയതെന്നു അറിയുവാന്‍ ദൈവത്തിന്‍റെ പ്രകാശത്തില്‍ നാം നമ്മെ കാണണം. (എഫെസ്യര്‍ 5:13) ‘സകലത്തെയും കുറിച്ചു വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.’ ഈ ലോകത്തില്‍ വിശുദ്ധിയോടെ നടക്കുവാന്‍ നമുക്കു ദൈവത്തിന്‍റെ പ്രകാശം ആവശ്യമാണ്. ആ പ്രകാശം നമ്മുടെ ഉള്ളില്‍ വരുന്നത് ദൈവ വചനത്തിലൂടെയാണ്. (സങ്കീര്‍ത്തനം 119:105 ല്‍ പറയുന്നത് ‘നിന്‍റെ വചനം എന്‍റെ കാലിന്നു ദീപവും എന്‍റെ പാതെക്കു പ്രകാശവും ആകുന്നു.’ എന്നാണ്. ദൈവ വചന ധ്യാനം നമ്മെത്തന്നെ ശോധന ചെയ്യുവാന്‍ സഹായിക്കുന്നു. സങ്കീര്‍ത്തനം 139:23 ‘ദൈവമേ, എന്നെ ശോധന ചെയ്തു എന്‍റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്‍റെ നിനവുകളെ അറിയേണമേ.’ നഷ്ടപ്പെട്ട ഏതുകാര്യവും അന്വേഷിച്ചു കണ്ടുപിടിക്കുവാന്‍ വെളിച്ചം ആവശ്യമാണ്. ഇരുട്ടത്തു നമുക്കു തിരഞ്ഞുകണ്ടുപിടിക്കുവാന്‍ സാധിക്കുകയില്ല. സങ്കീര്‍ത്തനം 119:130 ല്‍ ‘നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.’ വചനമാകുന്ന പ്രകാശം നമ്മിലേക്കു വരുമ്പോള്‍ ശരിയായി ശോധന ചെയ്വാനും, ദൈവത്തിന്‍റെ ഇച്ഛപ്രകാരം ജീവിക്കുവാനും സാധിക്കും. ‘ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.’ (എബ്രായര്‍ 4:12)

പ്രകാശത്തിന്‍റെ ഒരു ഗുണമാണ്, പ്രകാശം ഏതു വസ്തുവിലേക്കു അടിക്കുന്നുവോ ആ വസ്തുവിനെ പ്രകാശം തിളക്കമുള്ളതാക്കുന്നു. ഗലീലാ പട്ടണത്തിലേക്കു യേശുവന്നപ്പോള്‍ ഇരുട്ടില്‍ ഇരിക്കുന്ന ഗലീലാ പട്ടണത്തിലെ ജനം വലിയ ഒരു വെളിച്ചം കണ്ടു. മരണത്തിന്‍റെ ദേശത്തിലും നിഴലിലും ഇരിക്കുന്ന ആ ജനത്തിന്‍മേല്‍ പ്രകാശം ഉദിച്ചു എന്നു എഴുതിയിരിക്കുന്നു. (മത്തായി 4:15) യേശുവിന്‍റെ പ്രകാശത്താല്‍ അവിടെ മുഴുവന്‍ പ്രകാശം ഉദിച്ചു. പിതാവിന്‍റെ വെളിച്ചമാണ് പുത്രനിലൂടെ പ്രതിബിംബിച്ചത്. നാം എല്ലാവരും വെളിച്ചത്തിന്‍റെ മക്കളാണ്. കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടിപ്പോലെ പ്രതിബിംബിക്കുന്നവരാകേണം നമ്മള്‍. എന്നാല്‍ മാത്രമേ തേജസ്സിന്മേല്‍ തേജസ്സു പ്രാപിക്കുവാന്‍ സാധിക്കുകയുള്ളു. വസ്ത്രം ധരിക്കും പോലെ നമ്മള്‍ പ്രകാശത്തെ ധരിക്കേണം. (സങ്കീര്‍ത്തനം 104:2) ‘എഴുന്നേറ്റു പ്രകാശിക്ക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു.’

പ്രീയപ്പെട്ടവരെ, നാല്പത്തിമൂന്നാം സങ്കീര്‍ത്തനക്കാരനോടു ക്കൂടെ ചേര്‍ന്നു നമുക്കും പ്രാര്‍ത്ഥിക്കാം ‘നിന്‍റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്‍റെ വിശുദ്ധപര്‍വ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.’

Sr. Sindhu Mathew