സഹായം വരുന്ന ഉറപ്പുള്ള പാറ

വായനാഭാഗം – സങ്കീര്‍ത്തനങ്ങള്‍ 121

നൂറ്റിയിരുപത്തിയൊന്നാം സങ്കീര്‍ത്തനക്കാരന്‍ തന്‍റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തി തനിക്കു സഹായം എവിടെനിന്നു ലഭിക്കുമെന്നു അന്വേഷിക്കുകയും സഹായം വരുന്നത് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ സര്‍വ്വശക്തനില്‍ നിന്നാണെന്നു കണ്ടെത്തുകയും ചെയ്യുന്നു. യാതൊരിടത്തുനിന്നും സഹായം പ്രതിക്ഷിക്കുവാന്‍ വകയില്ലാതെയാണ് ഞാന്‍ പര്‍വ്വതങ്ങളിലേക്ക് എന്‍റെ മിഴികളെ എറിയുന്നത്. ഞാന്‍ ഏറെ നിസ്സഹായനാണ്. എന്‍റെ ശരീരവും മനസ്സും ആകെ തളര്‍ന്നതാണ്. കുറച്ചെങ്കിലും നില്‍ക്കുവാന്‍ കെല്പ്പുണ്ടായിരുന്നെങ്കില്‍ പര്‍വ്വതത്തിലേക്കു ഞാന്‍ നോക്കുകയില്ലായിരുന്നു. സഹായം പ്രതീക്ഷിച്ചിടത്തുനിന്നും സഹായത്തിനു പകരം കുറച്ചേറെ മുറിവുകളും ചേര്‍ത്തുപിടിക്കേണ്ട കരങ്ങളില്‍ നിന്നും മുള്ളുകളും മാത്രം ലഭിച്ചപ്പോഴാണ് എനിക്കു പര്‍വ്വതത്തിലേക്കു നോക്കുവാന്‍ തോന്നിയത്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സഹായിക്കുന്നവരോ സഹായം സ്വീകരിക്കുന്നവരോ ആണ് നാം ഓരോരുത്തരും. മനുഷ്യരില്‍ നിന്നു നേരിട്ടുള്ള സഹായവും ദൈവത്താലുള്ള സഹായവും ഇങ്ങനെ രണ്ടുതരത്തിലുള്ള സഹായമാണ് നമുക്കു കാണുവാന്‍ കഴിയുന്നത്.

യാക്കോബിന്‍റെ മകനായ യോസഫിനോടു ശേഖേം വരെ ചെന്നു തന്‍റെ സഹോദരങ്ങളുടെ സുഖവിവരം അന്വേഷിക്കുവാന്‍ ആണ് പിതാവു ആവശ്യപ്പെടുന്നത്. എന്നാല്‍ ശെഖേമില്‍ കാണാത്തതിനാല്‍ അവരെവിടെയുണ്ടോ അവിടെവരെയും അതായതു ദോഥാന്‍ വരെയും ചെന്നു യോസഫ് അവരെ കണ്ടെത്തുന്നു. തങ്ങളുടെ സുഖവിവരങ്ങള്‍ അറിയുവാന്‍ എത്തിയ യോസഫിനെ അവര്‍ സ്വീകരിക്കുന്നതു പകയോടുക്കൂടിയാണ്. അവനെ കൊല്ലുന്നതില്‍ കുറവായതൊന്നും ഹൃദയത്തില്‍ സൂക്ഷിക്കാത്തതിനാല്‍ അവരുടെ പകയുടെ ആഴം നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും. തുടര്‍ന്നുള്ള യോസേഫിന്‍റെ ജീവിതം ഫറവോന്‍ കണ്ടെത്തുംവരെയും കയ്പുനിറഞ്ഞതായിരുന്നു. പ്രതികൂല സാഹചര്യങ്ങളായ പോത്തിഫറിന്‍റെ ഭവനം, കാരാഗ്രഹം ഇവിടെയെല്ലാം മാനുഷിക കരങ്ങള്‍ക്കു സഹായം എത്തിക്കുവാന്‍ കഴിയുമായിരുന്നിട്ടും യോസേഫില്‍ നിന്നു അവ അന്യമായിത്തന്നെ നിന്നു. സഹായിക്കുവാനും കരുതുവാനും കഴിയുമായിരുന്ന സ്വന്തം സഹോദരങ്ങളാല്‍ തന്നെ ക്രൂരമായ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടും ദൈവത്തില്‍ നിന്നുള്ള കൃപ പ്രാപിച്ചു യോസഫ് കൃതാര്‍ത്ഥനായി നിലകൊണ്ടു.

തകര്‍ക്കുകയോ/ ഇല്ലായ്മചെയ്യുകയോ എന്ന ലക്ഷ്യത്തോടുക്കൂടി നിയമത്തെ നിര്‍ബന്ധ ബുദ്ധിയാല്‍ മുപ്പതുദിവസത്തേക്കു മാറ്റിയെഴുതിച്ച സഹപ്രവര്‍ത്തകരുടെ ക്രൂരതയില്‍ നിന്നു ദാനിയേലിനു സഹായം എത്തിക്കുവാന്‍ രാജ്യത്തെ നിയമം ഉണ്ടാക്കുകയും നടപ്പിലാക്കുകയും തടയുകയും ഒക്കെ ചെയ്യുവാന്‍ കഴിയുന്ന രാജാവിന്‍റെ പരിശ്രമം വൃഥാവായ കഥയാണ് ദാനിയേലിന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നത്. ദാനിയേലിനെ ഈ വിധിയില്‍ നിന്നു കരകയറ്റുവാന്‍ രാജാവ് അഹോരാത്രം പരിശ്രമിച്ചു. സൂര്യന്‍ അസ്തമിക്കുവോളം പ്രയത്നം ചെയ്തു. നിയമത്തിന്‍റെ ഏതെങ്കിലും പഴുതുകള്‍ ദാനിയേലിനായി ഉപയോഗിക്കുവാന്‍ കഴിയുമോയെന്ന് രാജാവ് ഒരു പകല്‍ മുഴുവന്‍ ഉറ്റു നോക്കി. ഫലം നിരാശാജനകമായിരുന്നു. സഹായിക്കുവാന്‍ ആളും അര്‍ത്ഥവും അധികാരവും പിടിപാടും ഹൃദയവും ഒക്കെയുണ്ടായിട്ടുക്കൂടെ മനുഷ്യര്‍ നിസ്സഹായരായിപോകുന്ന യാഥാര്‍ത്യത്തിന്‍റ നേര്‍ ചിത്രം നമുക്കു ഇവിടെ കാണുവാന്‍ കഴിയും. എല്ലാ അധികാരങ്ങളും അഫലമായിപ്പോയപ്പോള്‍ ദാനിയേല്‍ നോക്കിയ സ്ഥിരതയും ഉറപ്പുമുള്ള ക്രിസ്തുവാകുന്ന പാറ അവന്‍റെ സഹായമായി.

പഴയനിയമ ഭക്തരായ യോസേഫും ദാനിയേലും കടന്നുപോയതുപ്പോലെയുള്ള സാഹചര്യത്തിന്‍റെ നടുവില്‍ നിന്നു കൊണ്ടാണ് നൂറ്റിയിരുപത്തിയൊന്നാം സങ്കീര്‍ത്തനക്കാരന്‍ പറയുന്നത് ഞാന്‍ എന്‍റെ കണ്ണ് പര്‍വ്വതത്തിലേക്കു പായിക്കുകയാണ്. പര്‍വ്വതത്തിന്‍റെ പ്രത്യേകത അതു ഉയര്‍ന്നതാണ്, ബലമുള്ളതാണ്, സ്ഥിരതയുള്ളതുമാണ്. ഈ നിസ്സഹായ അവസ്ഥയില്‍ എനിക്കു സഹായം വരുന്നതു യഹോവയില്‍ നിന്നു മാത്രമാണ്. യഹോവ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. ഒരു ദോഷവും തട്ടാതെ നമ്മെ പരിപാലിക്കുമെന്നു ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു. മാനുഷിക പ്രയത്നങ്ങള്‍ അഫലമാകുകയോ നിഷ്പ്രയോജനമാകുകയോ ചെയ്യുമ്പോള്‍ നമുക്കു അഭയം പ്രാപിക്കുവാന്‍ കഴിയുന്ന ക്രിസ്തുവാകുന്ന പാറയിലേക്കു നമുക്കും കണ്ണുകളെ ഉയര്‍ത്താം.

 

Roju Heston