നിര്‍ബന്ധിച്ചാല്‍ വാങ്ങാമോ?

അപേക്ഷിച്ചു. വാങ്ങുവാന്‍ നിര്‍ബന്ധിച്ചു, എലീശാ പറഞ്ഞു ഞാന്‍ ‘സേവിച്ചു നില്‍ക്കുന്ന യഹോവയാണെ ഞാന്‍ ഒന്നും കൈക്കൊള്‍കയില്ല.’ നയവാന്‍ എലീശായെ നിര്‍ബന്ധിച്ചിട്ടും വാങ്ങിയില്ല. നയമാന്‍ കൊണ്ടുവന്ന വെള്ളിയുടെയും പൊന്നിന്‍റെയും ഇന്നത്തെ വില മൂന്നര മില്യണ്‍ ഡോളറാണ്, മുപ്പതു കോടി ഇന്ത്യന്‍ രൂപ. വെറുതെ വാഗ്ദാനം ചെയ്തതല്ല. ഒരിക്കലും മാറുവാന്‍ സാധ്യത ഇല്ലാത്ത കുഷ്ഠരോഗം സൗഖ്യമായതിന്‍റെ സന്തോഷത്തിനു കൊടുത്തതാണ്.

പണം അതിന്‍റെ സംഖ്യ എത്ര കൂടുതലായാലും ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്തിടത്തോളം ദൈവത്തെ സേവിക്കുന്നവനാണെന്നു നമുക്ക് പൂര്‍ണ്ണമായും പറയുവാന്‍ സാധിക്കുകയില്ല. പണത്തോടുള്ള മോഹം പണത്തിന്‍റെ സേവകരായി നമ്മെ മാറ്റുന്നതിനാലാണ് ഉപേക്ഷണം എന്ന ശിഷ്യത്തിലേക്കു നമുക്ക് എത്തപ്പെടുവാന്‍ സാധിക്കാത്തത് . പണത്തിന്‍റെ ഇനിഷ്യല്‍ അനീതിയെന്നാണ് . അതിന്‍റെ യഥാര്‍ത്ഥ നാമം മാമോനെന്നും. അവന്‍റെ പാസ്സ്പോര്‍ട്ടിലെ പേര് ‘അനിതിയുള്ള മാമോന്‍’ എന്നും. ആ പേര് നമെത്ര പ്രാവശ്യം ഗസറ്റില്‍ പരസ്യം ചെയ്തു മാറ്റുവാന്‍ ശ്രമിച്ചാലും മാറ്റി മറ്റൊരു പേര് നല്‍കുവാന്‍ സാധിക്കുകയില്ല. പല പ്രാവശ്യം നാം ആ പേര് മാറ്റിയിടുവാന്‍ നോക്കി പരാജയപ്പെട്ടു. ആകാശവും ഭൂമിയും മാറിയാലും കര്‍ത്താവിന്‍റെ വായില്‍ നിന്നു വരുന്ന വചനങ്ങള്‍ക്കു മാറ്റമുണ്ടാവില്ല. ഗേഹസി അനീതിയുള്ള മാമോന്‍റെ പേര് മാറ്റുവാന്‍ ശ്രമിച്ചു പരാജിതനായി. ബിലെയാം പരാജയപ്പെട്ടു. ആഖാന് തോല്‍വിയേറ്റു വാങ്ങി. യൂദാ അമ്പേ പരാജയപ്പെട്ടു. അനന്യാസും സഫീരയും ശ്രമിച്ചു കാലിടറി വീണു. പൗലോസ് അപ്പോസ്തോലന്‍റെ ഉറ്റ സ്നേഹിതന്‍ ദേമാസ് മാമോന്‍റെ കെണിയിലകപ്പെട്ടു പരാജിതനായി.

ഇന്നും നമ്മില്‍ പലരും പണത്തിന്‍റെ ഇനിഷ്യല്‍ തിരുത്തുവാനായി ഗസറ്റില്‍ പരസ്യം ചെയ്തിട്ടു കാത്തിരിക്കുകയാണ്. കഴിയുമെങ്കില്‍ അവനു പിടികൊടുക്കാതെ ഓടിയൊളിക്കുക. ഒരിക്കല്‍ പിടിയിലകപ്പെട്ടാല്‍ കരകയറുവാന്‍ പ്രയാസമാണ്. ഒട്ടകം എങ്ങനെയെങ്കിലും സൂചി കുഴയിലൂടെ മറുപുറം ചെല്ലും. മറുപുറം കയറുവാന്‍ സാധ്യമാകാതെ പണത്തെ സ്നേഹിക്കുന്ന നാം ഇക്കരെ തന്നെ കാത്തു നില്‍ക്കും. മനോഹരമായ ഒരു പാട്ടിന്‍റെ വരികള്‍ ഇങ്ങനെയാണ് എഴുതിയ ആള്‍ അവസാനിപ്പിക്കുന്നത്.

” ഒരുനാള്‍ നശ്വരലോകം
വിട്ടുപിരിയും നാമതിവേഗം
അങ്ങേക്കരയില്‍ നിന്നും
നാം നേടിയെതെന്തെന്നു അറിയും
ലോകം വെറുത്തോര്‍ വില നാമന്നാളറിയും”.

എലീശായുടെ മറുപടിയുടെ അര്‍ത്ഥമിതായിരുന്നു ഞാന്‍ സേവിക്കുന്നത് മാമോനെയല്ല, ഞാന്‍ സേവിക്കുന്നത് യഹോവയാണ്. ജീവനുള്ള ദൈവത്തെ സേവിക്കുന്നതിനു എനിക്കു നിന്‍റെ പണമാവശ്യമില്ല. അങ്ങനെ മേടിക്കുന്നവരുണ്ടാകും ഒരു പക്ഷേ എന്‍റെ ശിഷ്യഗണത്തിലും. ഞാന്‍ ആ കൂട്ടത്തിലല്ല.
യിസ്രായേലിലെ ഗോത്രങ്ങള്‍ക്കെല്ലാം അവകാശങ്ങള്‍ വിഭാഗിച്ചു കൊടുത്തത്തിനു ശേഷം യോശുവ ലേവി ഗോത്രത്തിനോട് പറഞ്ഞു നിങ്ങള്‍ക്ക് അവകാശം ഒന്നുമില്ലായെന്നു മോശ മുഖാന്തിരം ദൈവമായ യഹോവ കല്പിച്ചിട്ടുണ്ട്. പാര്‍ക്കാന്‍ പട്ടണങ്ങള്‍, കന്നുകാലികള്‍ക്കും മൃഗസമ്പത്തിനും പുല്‍പ്പുറങ്ങള്‍, അതല്ലാതെ യിസ്രായേലില്‍ നിങ്ങള്‍ക്ക് യാതൊരു ഓഹരിയുമില്ല.

ലേവ്യരുടെ സ്വഭാവിക ചോദ്യമാണ് അപ്പോള്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും? ഞങ്ങളുടെ കുഞ്ഞുകുട്ടി പരാധിനതകള്‍ ആരോട് പറയും? മറ്റുള്ള കുഞ്ഞുങ്ങള്‍ നടക്കുന്ന പോലല്ലങ്കിലും അവര്‍ക്കും ആഗ്രഹങ്ങളുണ്ടാകില്ലേ ? അത് സഫലീകരിക്കുവാന്‍ ഉള്ള വിഭവങ്ങള്‍ ഞങ്ങള്‍ എങ്ങനെ കണ്ടെത്തും. ആരോട് പറയും . വിഭജനം കഴിയുമ്പോള്‍ എല്ലാവരും അവരുടെ സമ്പത്തുമായി അണുകുടുംബങ്ങളിലെക്കു ഒതുങ്ങും. കൂടുതല്‍ ഒന്നും വേണ്ടാ സമൂഹത്തിന്‍റെ മുന്‍പില്‍ മാന്യമായി നടക്കുവാനുള്ളത് . ഇപ്പോഴേ എന്തെങ്കിലും സമ്പാദിച്ചു വച്ചാല്‍ നമുക്ക് കൊള്ളാം.

നമ്മളും പലപ്പോഴും ഈ ചോദ്യം നമ്മോടു തന്നെ നൂറു വട്ടം ചോദിക്കുന്നവരാണ്. ഈ ഭൂമിയില്‍ അവകാശങ്ങള്‍ വേണ്ടേ എന്നു നാം ആകുലതകള്‍ എല്ലാം ഉള്ളിലടക്കി നീട്ടി ചോദിക്കുന്നു . ഇപ്പോള്‍ മണ്ടത്തരം കാണിച്ചിട്ടു പിന്നെ ദുഃഖിച്ചിട്ടു കാര്യമില്ലായെന്നു നാം ബുദ്ധി ഉപദേശിക്കുന്നു.

ലേവികുടുംബത്തിനും ഒരു പക്ഷേ ഈ ആകുലതകളോടെ കൂടെ ഈ ചോദ്യം ഉന്നയിക്കാമായിരുന്നു . പക്ഷേ ഈ ചോദ്യമെത്തുന്നതിനുമുമ്പേ യോശുവ പറഞ്ഞു ‘ നിങ്ങളുടെ അവകാശം ദൈവമാണ് . അതുകൊണ്ടു നിങ്ങള്‍ക്ക് യിസ്രായേലില്‍ ഒരു അവകാശവും ഇല്ല . നിങ്ങള്‍ക്ക് ഇവിടെ ഒരു സ്വത്തുമില്ല . ദൈവം തന്നെ നിങ്ങളുടെ സ്വത്തു ആകുന്നു . ‘

പ്രിയമുള്ളവരേ, പുതിയനിയമത്തിന്‍റെ വലിയ വെളിപ്പാടുകള്‍ നല്‍കിയിട്ടു , ഏറ്റവും വലിയ സമ്പത്താകുന്ന ക്രിസ്തുവിനെ നല്‍കിയിട്ടു നാം വീണ്ടും ഇവിടുത്തെ ഓഹരിക്കായി ക്യൂ നില്‍ക്കുന്നവരാണോ ? എന്‍റെ അവകാശത്തിന്‍റെയും പാനപാത്രത്തിന്‍റെയും ഓഹരി കര്‍ത്താവു ആകുന്നു. ലോകം തരുന്ന ഓഹരികള്‍ അവകാശങ്ങള്‍ മനഃപൂര്വമായി ഉപേക്ഷിക്കുവാന്‍ തയ്യാറാകുമ്പോഴാണ് സ്വര്‍ഗ്ഗത്തിലെ ഒരിക്കലും നശിക്കാത്ത നിക്ഷേപങ്ങളുടെ വില നാം മനസ്സിലാക്കുന്നത്. ഉപേക്ഷണം നമ്മെ എത്രമാത്രം കൃപ ആസ്വദിക്കുവാന്‍ സഹായിക്കുന്നു എന്നു നാം മനസ്സിലാക്കും. ദാവീദ് പതിനാറാം സങ്കീര്‍ത്തനത്തില്‍ ഇങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നതു ‘എന്‍റെ അവകാശത്തിന്‍റെയും പാനപാത്രത്തിന്‍റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു. അളവുനൂല്‍ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.’ എനിക്കു ഈ ബുദ്ധി പറഞ്ഞു തന്നത് യഹോവയാണ്. അല്ലെങ്കില്‍ ഈ ഭൗതികമായ ഈ അവകാശത്തിനായി കടിപിടി കൂടി ഞാന്‍ നശിച്ചു പോകുമായിരുന്നു. ഉപേക്ഷണം കൂടാതെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല. ശിഷ്യനല്ലാത്തവന് അവന്‍റെ ഉള്ളില്‍ സ്ഥാനമില്ല . അവന്‍റെ ഉള്ളില്‍ സ്ഥാനമില്ലാത്തവനെ പിതാവ് അംഗീകരിക്കില്ല. പിതാവ് അംഗീകരിക്കാത്തവന് പുത്രന്‍റെ രാജ്യത്തു ഓഹരിയില്ല.

Br. Shibu Daniel