ദൈവത്തെ പുറകില്‍ എറിഞ്ഞു കളയരുതേ

 

വായനാഭാഗം: സങ്കീര്‍ത്തനങ്ങള്‍ 50:17

‘നീ ശാസനയെ വെറുത്തു എന്‍റെ വചനങ്ങളെ നിന്‍റെ പുറകില്‍ എറിഞ്ഞുകളയുന്നുവല്ലോ.’

ദൈവാലോചനയെ ധിക്കരിച്ചു ജീവിക്കുന്ന, ദൈവഹിതം ഏറ്റെടുക്കാതെയിരിക്കുന്ന മനുഷ്യരില്‍ നിന്നു ദൈവം പ്രതീക്ഷിക്കുന്ന
ഒരു പ്രതികരണമാണ് അവര്‍ എങ്കലേക്കു തിരിയണം എന്നത്. ഒരിക്കല്‍ സ്വര്‍ഗ്ഗിയ കൃപകള്‍ ആസ്വദിക്കുകയും, ഇപ്പോള്‍
കൃപയ്ക്കു പുറത്തു ജീവിതം നയിക്കുകയും ചെയ്യുന്നവരുടെ മടങ്ങിവരവ് എപ്പോഴും ദൈവം ആഗ്രഹിക്കുന്നു. അതിന്നായി കാത്തിരിക്കുന്നു. ദൈവത്തെ മറന്നുകളഞ്ഞു, ദൈവവചനത്തെ പുറകില്‍ എറിഞ്ഞുകളഞ്ഞു ജീവിക്കുവാന്‍ ഒരിക്കലും ദൈവമക്കള്‍ എന്നു അഭിമാനിക്കുന്ന ആര്‍ക്കും ഇടയാകരുത്.

ദൈവത്തിന്‍റെ ശാസനയെ വെറുത്തു, ദൈവ വചനത്തിന്‍റെ ശക്തിയെ പുറകില്‍ എറിഞ്ഞു കളഞ്ഞു ജീവിക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ് എന്നു തിരുവചനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നിട്ടും അവര്‍ അനുസരക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്‍റെ
ന്യായപ്രമാണം തങ്ങളുടെ പുറകില്‍ എറിഞ്ഞു കളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാന്‍ അവരോടു സാക്ഷ്യം പറഞ്ഞ നിന്‍റെ
പ്രവാചകന്മാരെ അവര്‍ കൊന്നു മഹാകോപഹേതുക്കള്‍ ഉണ്ടാക്കി. (നെഹെമ്യാവ് 9:26) ദൈവിക കരുതലുകളും, കൃപകളും, ധാരാളം
അനുഭവിച്ചു നടക്കുമ്പോള്‍, അത്ഭുതങ്ങളും അതിശയങ്ങളും നിരവധി പ്രാവശ്യം കണ്ടിട്ടും അനുഭവിച്ചിട്ടും ദൈവത്തെ പുറകില്‍
എറിഞ്ഞു കളഞ്ഞു ജീവിക്കുന്നവര്‍ മരുഭൂപ്രയാണ കാലത്തു മാത്രമല്ല, ഇന്നത്തെ കാലഘട്ടത്തിലും ഏറിയ അളവില്‍ ഉണ്ട്.
അങ്ങനെയുള്ളവര്‍ യഹോവയുടെ അടുക്കലേക്കു തിരിയേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പു ഇന്നും ദൈവാത്മാവ്
നല്‍കിക്കൊണ്ടിരിക്കുന്നു. ദൈവമക്കളുടെ ദൈനംദിന ജീവിതത്തില്‍ അറിഞ്ഞോ അറിയാതയോ ദൈവത്തെ കോപിപ്പിക്കുന്നവരായി തീരരുത്. വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ വീണ്ടെടുപ്പുകാരനെ അപമാനിക്കുന്നവരായി മാറരുത്. ദൈവവചനം പ്രമാണിച്ചു അതിന്‍പ്രകാരം തന്നെ നാം നടക്കുന്നതാണ് ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്. അതിനു വിപരീതമായി നാം ചെയ്യുമ്പോള്‍, നാം ദൈവത്തെ പുറകില്‍ എറിഞ്ഞു കളയുന്നവരായി മാറുകയും, ദൈവകോപം നമ്മില്‍ ഉളവാക്കുന്നവരായി തീരുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇതു നാം തിരിച്ചറിയാതെ പോകരുത്. ‘എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്‍റെ പുറകില്‍ എറിഞ്ഞുകളഞ്ഞു. ‘(1 രാജാക്കന്മാര്‍ 14:9) എന്നു യൊരോബെയാം രാജാവിനോടു ദൈവം ആലോചന പറഞ്ഞതിന്‍റെ കാരണം, താന്‍ ദൈവ വഴികളില്‍ നടക്കാതെ അന്യദൈവാരാധനയില്‍ നടന്നതുകൊണ്ടാണ്. ദൈവമാണ് അവനു രാജത്വം നല്‍കിയതെന്ന് തിരിച്ചറിഞ്ഞു അവനു ജീവിക്കുവാന്‍ കഴിയാതെ വന്നു. ‘രാജത്വം ദാവീദു ഗ്രഹത്തില്‍ നിന്നു കീറിയെടുത്തു നിനക്കു തന്നു, എങ്കിലും എന്‍റെ കല്പനകളെ പ്രമാണിക്കുകയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്വാന്‍ പൂര്‍ണ്ണമനസ്സാടേെ കൂടെ എന്നെ അനുസരിക്കുകയും ചെയ്ത എന്‍റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ നിനക്കു മുന്‍പുണ്ടായിരുന്ന എല്ലാവരേക്കാളും അധികം ദോഷം ചെയ്തു’. എന്നു ദൈവത്തിന്‍റെ പ്രവാചകനില്‍ക്കൂടി ദൈവം യൊരോബെയാമിനോടു പറയുന്നതിന്‍റെ സാരം എങ്കലേക്കു തിരിയുവാന്‍ നിനക്കു മനസ്സില്ലായിരുന്നു. പിന്നെ നീ എന്തിനു തലമുറയുടെ വിടുതല്‍ ചോദിക്കുന്നു എന്നാണ്.

പ്രീയരെ, നാം ദൈവ വഴിയില്‍ നടക്കാതെ ദൈവത്തെ കോപിപ്പിക്കുന്നവരായി മാറിയാല്‍ ദൈവകോപം നമ്മുടെ മേല്‍ വ്യത്യസ്ത
നിലവാരങ്ങളില്‍ വ്യാപരിക്കും. നമ്മുടെ തലമുറകളും അതിന്‍റെ ദോഷം അനുഭവിക്കേണ്ടി വരും. ആകയാല്‍ ദൈവത്തിലേക്കു നാം
തിരിഞ്ഞിട്ടുണ്ടോ, ദൈവ വഴികളില്‍ തന്നെയാണോ നടക്കുന്നത് എന്ന് നാം ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. നശിച്ചു പോകുന്ന ജാതിക വ്യവസ്ഥകളില്‍ നിന്നു നമ്മെ തിരഞ്ഞെടുത്തത് രാജത്വവകാശവും, പൗരോഹിത്യാവകാശവും, പുത്രത്വവകാശവും ഒക്കെ നമുക്കു
നല്കി തന്നതു സ്നേഹവാനായ ദൈവം ആണ് എന്നു എപ്പോഴും ബോധ്യമുള്ളവരായിരിക്കേണം. നാം ദൈവത്തില്‍ നിന്നു അനുഭവിക്കുന്ന വിടുതലും അനുഗ്രഹവും അത്രത്തോളം വലുതാണ്. അതു മറന്നു നാം ജീവിക്കരുത്. ദൈവകോപം ക്ഷണിച്ചു വരുത്തരുത്. ദൈവത്തെ നാം പുറകില്‍ എറിഞ്ഞു കളയരുത്.

ഈ നാളുകളില്‍ അപ്രകാരമാണ് കഴിയുന്നതെങ്കില്‍ ദൈവത്തിങ്കലേക്കു തിരിയുക. ദൈവം നിങ്ങളുടെ പ്രതികരണത്തിനായി
ആഗ്രഹിക്കുന്നു. കാത്തിരിക്കുന്നു. ‘ദൈവത്തോടു അടുത്തു ചെല്ലുവിന്‍, എന്നാല്‍ അവന്‍ നിങ്ങളോടു അടുത്ത് വരും’.
ദൈവത്തിങ്കലേക്കു തിരിഞ്ഞു വരുവാന്‍ ആഗ്രഹിക്കുന്നവരെ, ശ്രമിക്കുന്നവരെ ഒരിക്കലും ദൈവം തിരിച്ചു വിടുകയില്ല. ഏറിയ
ആര്‍ദ്രതയോടെ സ്നേഹത്തോടെ സ്വീകരിക്കുന്നതു കര്‍ത്താവിന്‍റെ ദിവ്യസ്വഭാവങ്ങളില്‍ ഒന്നാണ്. ദൈവത്തെ പുറകില്‍
എറിഞ്ഞുകളയുന്നവര്‍ ജീവിതത്തില്‍ മുന്‍സ്ഥാനം നല്‍കുന്നത് തങ്ങളുടെ സ്വന്തം കാര്യത്തിനും പ്രശസ്തിക്കും വേണ്ടിയാണ്.
എന്നാല്‍ ദൈവത്തിങ്കലേക്കു തിരിയുന്നവര്‍, കര്‍ത്താവിന്‍റെ നാമ മഹത്വത്തിനും ദൈവ പ്രസാദത്തിനും തങ്ങളുടെ ജീവിതത്തില്‍
മുന്‍സ്ഥാനം കൊടുക്കുന്നവരാകും. നാം ഇതില്‍ ഏതു നിലവാരത്തിലുള്ളവര്‍? ദൈവത്തിങ്കലേക്കു തിരിയുക.

Pr. Anil Abraham (MFGC Abu Dhabi)