മടുത്തുപോകാതെ പ്രാര്‍ത്ഥിക്കുക

വായനാ ഭാഗം : ലൂക്കോസ് 18:1-18

‘ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?’

വീണ്ടും ജനനം പ്രാപിച്ച ഏതൊരു വ്യക്തിയുടെയും മുന്‍പില്‍ വരുന്ന സാഹചര്യങ്ങളുടെ എല്ലാം ദൈവികോദ്ദേശം അവരുടെ
വിശുദ്ധീകരണമാണ് ദൈവം ലക്ഷ്യം വയ്ക്കുന്നത്. ഈ ദൈവികോദ്ദേശം തിരിച്ചറിയാത്തതിനാല്‍ അവയെ തട്ടിമാറ്റുകയും
ഒഴിവാക്കികിട്ടുവാന്‍ വേണ്ടി നാം അലമുറയിടുകയും ചെയ്യുന്നു. ക്രൂശ് ഉപേക്ഷിക്കുവാനുള്ള ഉപദേശം അതു ഉറ്റ
സ്നേഹിതനില്‍ നിന്നോ അഭ്യുദയകാംഷിയുടെ പക്കല്‍ നിന്നോ ആയാലും ശാസിക്കുവാന്‍ മടികാണിക്കരുത്. ക്രൂശ് ഒഴിവാക്കി
ക്രിസ്തിയ ജീവിതം പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയില്ല. കഷ്ടത ഒഴിവാക്കാനാണ് കര്‍ത്താവിനെ പിന്‍പറ്റുന്നതെങ്കില്‍ അയ്യോ കഷ്ടം. നാം പലപ്പോഴും തെറ്റിദ്ധരിക്കുന്നതു എന്‍റെ മുന്‍പില്‍ അയച്ചിരിക്കുന്നവനെ ഉപദേശിച്ചു ശരിപ്പെടുത്താമെന്നാണ്. നമ്മുടെ മുന്‍പില്‍
വരുന്ന സകല സാഹചര്യങ്ങളും ഒന്നാമത് നമ്മുടെ തന്നെ വിശുദ്ധീകരണം ആണ് ദൈവം ആഗ്രഹിക്കുന്നത് . അപരന്‍റെ വിശുദ്ധീകരണം രണ്ടാമത് മാത്രമാണ്. വേഗത്തില്‍ പ്രതിക്രിയ നടത്തി രക്ഷപ്പെടുന്നവന്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുകയില്ല.  നമ്മുടെ വിശുദ്ധീകരണത്തിനായി നല്‍കിയിരിക്കുന്ന പ്രതിയോഗിയെ ഒഴിവാക്കുവാനുള്ള നിരന്തര അപേക്ഷ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത് മൂലം ദൈവം ആഗ്രഹിച്ച ലക്ഷ്യം കാണാതെ പദ്ധതി ഉപേക്ഷിക്കേണ്ടി വരുന്നു. അതിന്‍റെ അന്തിമഫലം നാം സ്വര്‍ഗ്ഗത്തില്‍ കാണുകയില്ല എന്നുള്ളതാണ്.

വൃതന്മാരുടെ കാര്യത്തില്‍ ദൈവം ദീര്‍ഘക്ഷമയുള്ളവനാണ് അവരുടെ വിശുദ്ധീകരണം വരെ കാത്തിരിക്കുവാന്‍. എന്നാല്‍ ക്രൂശ് ഒഴിവാക്കുവാനുള്ള നിരന്തര നിലവിളി വിശുദ്ധീകരണം ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് നാം തന്നെ തുരങ്കം വയ്ക്കുന്നത്
പോലെയാണ്. ദീര്‍ഘകാല പദ്ധതികള്‍ ഇടയ്ക്കു വച്ച് അവസാനിപ്പിച്ചാല്‍ ഉണ്ടാകുന്ന കനത്ത നഷ്ടം ഇരുകൂട്ടര്‍ക്കും ആഘാതം
ഏല്‍പ്പിക്കും. ഇടയ്ക്കു വച്ച് അവസാനിപ്പിക്കുന്ന പ്രോജക്ടിന്‍റെ സാക്ഷ്യം കരഘോഷത്തില്‍ മുങ്ങിപ്പോകയോ ബലഹീനരായ
വിശ്വാസികളില്‍ മോഹമോ/ ആശങ്കയോ ജനിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ഒരു പക്ഷേ ചിന്തിച്ചേക്കാം പുതിയ വിശ്വാസികള്‍ക്കു
അവ ഒരു പ്രചോദനമാകുമെന്നു. പ്രത്യക്ഷത്തില്‍ കാര്യം ശരിയാണെങ്കിലും ദീര്‍ഘകാല പദ്ധതികള്‍ക്കു അവ തടസ്സം
നില്‍ക്കുമെന്നുള്ളതിനു സംശയമേതും വേണ്ടാ. എന്നാല്‍ വിശുദ്ധീകരണത്തിനായി തന്‍റെ പദ്ധതികളുമായി സഹകരിച്ചാല്‍ വിടുതലിന്‍റെ സാക്ഷ്യത്തെക്കാള്‍ താന്‍ പഠിച്ച പാഠം മനുഷ്യര്‍ക്ക് പകര്‍ന്നു നല്‍കുവാനും തന്മൂലം എന്‍റെ വിശുദ്ധീകരണമാണ് ദൈവം
ആഗ്രഹിക്കുന്നതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും നമുക്ക് സാധിക്കുന്നു.

വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമ കാണിച്ചതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇയ്യോബ്. പ്രതിക്രിയ വേഗത്തില്‍ ചെയ്തു
രക്ഷിക്കുവാന്‍ എന്ത് കൊണ്ടും യോഗ്യനായിരുന്നു ഇയ്യോബ്. എന്നാല്‍ വിശുദ്ധീകരണം എന്ന ദീര്‍ഘകാല പദ്ധതിയെ ഉപേക്ഷിക്കുന്ന യാതൊന്നും ഇയ്യോബിന്‍റെ ജീവിതത്തില്‍ നിന്നും ഉണ്ടായില്ല. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി പറയുന്ന വാക്യമാണ് (ഇയ്യോബ് 19:25-27 ) ‘എന്നെ വീണ്ടെടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവില്‍ പൊടിമേല്‍ നില്ക്കുമെന്നും ഞാന്‍ അറിയുന്നു. എന്‍റെ  ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാന്‍ ദേഹരഹിതനായി ദൈവത്തെ കാണും. ഞാന്‍ തന്നേ അവനെ കാണും; അന്യനല്ല, എന്‍റെ സ്വന്തകണ്ണു അവനെ കാണും; എന്‍റെ അന്തരംഗം എന്‍റെ ഉള്ളില്‍ ക്ഷയിച്ചിരിക്കുന്നു.’ നാം മറ്റു പലതിനായും ഈ വാക്യം ഉപയോഗിക്കുമെങ്കിലും ദൈവത്തിന്‍റെ പദ്ധതിയെ തിരിച്ചറിഞ്ഞ ഇയ്യോബിനു കൃത്യതയുണ്ടായിരുന്നു, എന്‍റെ നന്മയാണ് ദൈവം ആഗ്രഹിക്കുന്നതെന്ന്. ഈ തിരിച്ചറിവ് ഇയ്യോബിനെ കൊണ്ടെത്തിച്ചത് ദൈവത്തിന്‍റെ തികഞ്ഞ ഇഷ്ടത്തിലേക്കാണ്.              (Perfect Will)

(ഇയ്യോബ് 42:56) ‘ഞാന്‍ നിന്നെക്കുറിച്ചു ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്‍റെ കണ്ണാല്‍ നിന്നെ കാണുന്നു. ആകയാല്‍ ഞാന്‍ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.’ എന്നു പറയുവാന്‍ ഇയ്യോബിന് സാധിച്ചു.

വിശുദ്ധ ബൈബിളിലെ ഏതു വിശുദ്ധന്മാരെയെടുത്തു പരിശോധിച്ചാലും നമുക്കു ഇങ്ങനെത്തന്നെ കാണുവാന്‍ കഴിയും. ദൈവത്തിന്‍റെ തികഞ്ഞ ഇഷ്ടത്തിലേക്കു (Perfect Will) ഈ ദീര്‍ഘകാല പദ്ധതി അവരെ നയിക്കുന്നതായി നമുക്കു കാണുവാന്‍ സാധിക്കും.

ഹാനോക്കിന്‍റെ കാര്യത്തിലായിരുന്നു ഞാന്‍ കുറച്ചേറെ സന്ദേഹപ്പെട്ടതു. കൂടുതല്‍ ഒന്നും അദ്ദേഹത്തെ കുറിച്ച് പ്രസ്താവന കാണാത്തതുമൂലവും മുന്നൂറു വര്‍ഷം ദൈവത്തോടുക്കൂടെ നടന്നതിനാല്‍ കഷ്ടത എന്ന കഠിനശോധനയില്‍ക്കൂടെ അദ്ദേഹം കടന്നു പോയില്ലായെന്ന തെറ്റിദ്ധാരണ ഞാന്‍ വച്ചു പുലര്‍ത്തിയിരുന്നു. എന്നാല്‍ യൂദാ തന്‍റെ കൊച്ചു ലേഖനം കൊണ്ട് എന്‍റെ സന്ദേഹത്തിനു മറുപടി തന്നു. വാക്യം (14,15) ‘ആദാംമുതല്‍ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: ഇതാ കര്‍ത്താവു എല്ലാവരെയും വിധിപ്പാനും അവര്‍ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികള്‍ തന്‍റെ നേരെ പറഞ്ഞ
സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ
വന്നിരിക്കുന്നു എന്നു പ്രവചിച്ചു.’ തന്‍റെ മുന്‍പിലുണ്ടായിരുന്ന നിരന്തരമായ പ്രതിസന്ധികള്‍ക്കു കാരണക്കാരായ പ്രതിയോഗികള്‍
വീണ്ടും അവനെ കുറ്റം വിധിക്കുവാനായി വന്നപ്പോള്‍ പിന്നെ ഹാനോക്കിനെ അവിടെ കണ്ടില്ല. ദൈവത്തിന്‍റെ വചനം പറയുന്നു ‘ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ പിന്നെ ആരും അവനെ കണ്ടില്ല.’ വിശുദ്ധീകരണത്തിന്‍റെ കാലാവധി അവസാനിച്ചപ്പോള്‍ ദൈവത്തിന്‍റെ തികഞ്ഞ ഇഷ്ടം നിറവേറ്റുവാന്‍ നിന്നു കൊടുത്ത ഭക്തനെ കര്‍ത്താവു എടുത്തുകൊണ്ടു പോയി.

ഏലിയാവ് കുറച്ചു സമയം ആ ദീര്‍ഘകാല പദ്ധതിയോടു എതിര്‍ത്തു നിന്നെങ്കിലും പിന്നീട് അവന്‍ കീഴ്പ്പെട്ടതായി കാണുന്നു.
ഇസബേല്‍ എന്ന പ്രതിയോഗിയില്‍ നിന്നു ഓടിയൊളിക്കുവാന്‍ ശ്രമിച്ചെങ്കിലും ദൈവ ശബ്ദത്തിനു മുന്‍പില്‍ ഏലിയാവ് തന്നെ
സമര്‍പ്പിച്ചു. ശുശ്രുഷയെക്കാള്‍ വലുതു തന്‍റെ വിശുദ്ധീകരണമാണെന്നു ഏലിയാവ് തിരിച്ചറിഞ്ഞതുകൊണ്ടു തന്നെ ഭരമേല്പിച്ച
ശുശ്രുഷ പോലും തന്‍റെ പിന്‍ഗാമിക്കു വിട്ടുകൊടുത്തിട്ടു അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്കു കയറിപ്പോയത്. ലോകത്തെ
സ്നേഹിക്കുന്നവര്‍ക്കു ഇതു ദഹിക്കുവാന്‍ പാടാണ്.

യോസഫു തന്‍റെ ദീര്‍ഘകാല പദ്ധതിക്കു തന്നെത്തന്നെ കീഴ്പ്പെടുത്തി കൊടുത്തു. തന്‍റെ കഷ്ടതയ്ക്കു കാരണക്കാരായുള്ളവര്‍ക്കു
പ്രതികാരം ചെയ്യുവാന്‍ ആളും അര്‍ത്ഥവും കയ്യിലുള്ളപ്പോഴും എന്‍റെ വിശുദ്ധീകരണമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് അവന്‍
തിരിച്ചറിഞ്ഞു.

വിധവ നമ്മുടെ പ്രതിനിധി ആണ്. കര്‍ത്താവു പലപ്പോഴും ഈ പ്രതിയോഗിയെ ഒഴിവാക്കിത്തരുന്നതിന്‍റെ പ്രധാന കാരണം നമ്മുടെ
അസഹ്യപ്പെടുത്തലാണ്. ഒരു പക്ഷേ ചോദിക്കാം അവരവര്‍ക്കു വരുമ്പോഴേ അതിന്‍റെ ബുദ്ധിമുട്ടു എത്രയുണ്ടെന്നും അതിനെ എങ്ങനെ
നേരിടുമെന്നും അറിയുവാന്‍ കഴിയൂ എന്ന്. ശരിയാണ് നൂറു ശതമാനവും. എന്നാല്‍ ദൈവത്തിലുള്ള വിശ്വാസമെന്ന അടിസ്ഥാന
തത്വം പോലും ഈ വല്ലാത്ത യാചന മുഖാന്തിരം നാം മറന്നു പോകുകയാണ്. സഹോദരങ്ങളെ ദൈവം അറിയാതെ നമ്മുടെ
ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല.

ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു. യോനായുടെ അടയാളമല്ലാതെ അതിനു അടയാളം ലഭിക്കുകയില്ല. പിന്നെ
അവന്‍ അവരെ വിട്ടു പോയി. അടയാളം തിരയുന്നവരെ അവന്‍ വിട്ടുപോകും…തീര്‍ച്ച…

പ്രീയമുള്ളവരേ,യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത നീതിയോടെ വിധിക്കാത്ത
ന്യായാധിപന്‍ പോലും സ്ത്രീയുടെ നിരന്തരമായ യാചനയില്‍ തന്‍റെ പ്രതിയോഗിയെ ഒഴിവാക്കി കൊടുക്കുവാന്‍ തയ്യാറായെങ്കില്‍ സ്നേഹവും കരുണയുമുള്ള തന്‍റെ വിശുദ്ധന്മാരുടെ കാര്യത്തില്‍ ഇത്രയും ശ്രദ്ധാലുവായുള്ള സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോട്
യാചിക്കുന്നവര്‍ക്കു വല്ലാത്ത ഈ യാചനയാല്‍ നമ്മുടെ വിശുദ്ധികരണത്തിനായി നമുക്കു മുന്‍പില്‍ വച്ചിരിക്കുന്ന ഈ പ്രതിയോഗിയെ വേഗത്തില്‍ ഒഴിവാക്കിത്തരും. നമ്മുടെ വിശുദ്ധികരണത്തിനായി നല്‍കിയിരിക്കുന്ന പ്രതിയോഗിയെ ദൈവത്തിന്‍റെ തികഞ്ഞ ഇഷ്ടത്തിന്‍റെ തിരിച്ചറിവ് ഇല്ലാത്തതുമൂലം ഒഴിവാക്കി കിട്ടുവാനുള്ള നിരന്തര കരച്ചില്‍ മുഖാന്തിരം ഒഴിവാക്കുന്നുവെങ്കില്‍ നാം സ്വര്‍ഗ്ഗത്തില്‍ അവനോടു കൂടെ കാണുകയില്ലയെന്നാണ് കര്‍ത്താവു പറഞ്ഞതിന്‍റെ ആകെ തുക.

Br. Shibu Daniel