നിങ്ങളുടെ തിരഞ്ഞെടുപ്പിനെയും നിങ്ങളെ സ്‌നേഹിക്കുന്നവനെയും അറിയുക.

1 Thessalonians 1:4

ദൈവത്താല്‍ സ്‌നേഹിക്കപ്പെട്ട സഹോദരന്മാരെ നിങ്ങളുടെ തെരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ.

ദൈവം സ്‌നേഹമാണ്.ദൈവം തന്റെ സൃഷ്ടികളെ മുഴുവനെയും സ്‌നേഹിക്കുന്നു. തന്നെ മാനിക്കുന്നവരെ,അനുസരിക്കുന്നവരെ ദൈവം സ്‌നേഹിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ മുഴുവന്‍ സ്‌നേഹവും പകര്‍ന്നു കൊടുക്കുകയും അത് അനുഭവിക്കുവാനുമായി ലോകത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ കൂട്ടമാണ് സഭ. ദൈവം തന്റെ രക്തം വിലകൊടുത്തു വാങ്ങിയ, ആ വില എന്തെന്നറിഞ്ഞ് തങ്ങളെ വിളിച്ച വിളി അനുസരിച്ച് ആ വിളിയില്‍ തന്നെ ത്യാഗം സഹിച്ച് വചനം അനുസരിച്ച് നില്‍ക്കുന്ന തന്റെ വിശുദ്ധന്മാരെ ദൈവം സ്‌നേഹിക്കുന്നത് അവസാനത്തോളമാണ്. താന്‍ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടും ലോകത്തില്‍ തനിക്കുള്ളവരെ സ്‌നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്‌നേഹിച്ചു. John 13:1 അര്‍ത്ഥാല്‍ തനിക്ക് ശിഷ്യരാക്കപ്പെട്ടിരിക്കുന്നവരെ കര്‍ത്താവ് ആഴത്തില്‍ സ്‌നേഹിക്കുന്നു. അപ്രകാരം ദൈവം സ്‌നേഹിക്കുന്നവര്‍ അവരുടെ വിളിയെക്കുറിച്ചും തിരഞ്ഞെടുപ്പിനെ കുറിച്ചും ആഴത്തില്‍ അറിവുള്ളവര്‍ ആയിരിക്കണം. തങ്ങള്‍ ദൈവത്തിന്റെ വേറിട്ട സ്‌നേഹം അനുഭവിക്കേïതിനായി ലോകത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്ന ബോധ്യം അവര്‍ക്ക് ഉണ്ടായിരിക്കണം. ദൈവസ്‌നേഹത്തില്‍ നിന്ന് വഴുതിപ്പോകുന്ന മറ്റൊരു സ്‌നേഹത്തിലേക്ക് അവര്‍ മാറിപ്പോകാതെ തങ്ങളെ തന്നെ സൂക്ഷിക്കുന്നവരാകണം. കര്‍ത്താവിനോടുള്ള സ്‌നേഹത്തിന്റെ ഏകാഗ്രതയില്‍ നിലനില്‍ക്കുവാന്‍ തങ്ങളെ സഹായിക്കുന്നത് താന്‍ അനേകരുടെ നടുവില്‍ നിന്ന് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന ബോധ്യമാണ്. ദൈവത്താല്‍ തിരഞ്ഞെടുത്തു ദൈവത്താല്‍ സ്‌നേഹിക്കപ്പെട്ടവരുടെ ജീവിതം ദൈവഭയം കൊണ്ടും ദൈവാശ്രയം കൊണ്ടും നിറഞ്ഞതാകണം. അവര്‍ ദൈവസ്‌നേഹം മറന്ന് ലോകസ്‌നേഹത്തിലേക്ക് ഇറങ്ങുന്നതും.

ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ കാല്‍ച്ചുവടുകള്‍ വയ്ക്കുന്നതും ലോകമയത്തില്‍ തങ്ങള്‍ അനുഷ്ഠിക്കുന്നതും ദൈവത്തിന് ഏറെ വേദന വരുത്തുന്ന അനുഭവമാകും എന്ന് മറക്കരുത്. ദൈവമക്കള്‍ നിത്യതയ്ക്ക് വേണ്ടും ഒരുക്കപ്പെടേണ്ടവര്‍ ലോകക്കാരെ പോലെ ഈ ലോകത്തെ സ്‌നേഹിക്കുന്നത് ദുഃഖകരമായ കാഴ്ചയാണ്.

സുവിശേഷ സത്യത്താല്‍ ശിഷ്യരാക്കപ്പെട്ടവര്‍ ലോകസ്‌നേഹത്താല്‍ നടത്തപ്പെടുന്നവരാണെങ്കില്‍ ലോകമര്യാദ പ്രകാരവും ശേഷം മറ്റുള്ളവരെയും പോലെയാണ് തങ്ങളുടെ ജീവിതത്തില്‍ ചെയ്യുന്നതെങ്കില്‍ തിരുവചന ഭാഷയില്‍ ‘വ്യഭിചാരണികള്‍’ എന്ന പേരിന് അര്‍ഹരാക്കപ്പെടുകയാണ്. ‘വ്യഭിചാരണികള്‍ ആയുള്ളവരെ ലോകസ്‌നേഹം ദൈവത്തോട് ശത്രുത്തമാകുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ ആകയാല്‍ ലോകത്തിന്റെ സ്‌നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായി തീരുന്നു ‘James 4:4. നമ്മില്‍ ലോകസ്‌നേഹം കയറിയാല്‍ ലോക സ്‌നേഹത്തോട് നാം അനുരൂപപ്പെട്ടുകൊണ്ടേയിരിക്കും. ഈ ലോകത്തിന് അനുരൂപം ആകാതെ നന്മയും പ്രസാദവും പൂര്‍ണതയും ഉള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിന്‍. Romans 2:2. നാം കര്‍ത്താവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ നമ്മുടെ വാക്കില്‍ മാത്രം പോരാ നമ്മുടെ ജീവിതം കൊണ്ട് അത് തെളിയിക്കണം. ദൈവസ്‌നേഹം നാം അനുഭവിക്കുന്നുവെങ്കില്‍ ദൈനംദിനം കര്‍ത്താവിനോട് നാം അനുരൂപപ്പെട്ടു കൊണ്ടിരിക്കും. നമ്മെ തിരഞ്ഞെടുത്തു ആക്കി വെച്ചിരിക്കുന്നത് അവന്റെ സ്വരൂപത്തോട് അനുരൂപം ആകുവാന്‍ വേണ്ടിയാണ്. അതിനുവേണ്ടി നമ്മെ മുന്‍ നിയമിച്ചിരിക്കുന്നു Romans 8:29. നാം ലോകക്കാരെ അനുകരിക്കുന്നവര്‍ ആകരുത്, നമ്മുടെ പ്രതിയോഗിയായ സാത്താന്‍ നമ്മളെക്കുറിച്ച് ലക്ഷ്യമിടുന്നത് അതാണ്. നാം അവനെ പോലെയാകണം. അനുകരിക്കുവാനുള്ള പ്രവണത മനുഷ്യന്റെ കൂടപ്പിറപ്പാണ്. നാം മറ്റുള്ളവരെ വിശേഷാല്‍ ലോകക്കാരെ, ആത്മീയത തെല്ലുമില്ലാത്തവരെ അനുകരിക്കുന്ന ചെയ്തികള്‍ ചെയ്യുമ്പോള്‍ നാം അവരെ ആദരിക്കുവാനും ആരാധിക്കുവാനും അവര്‍ക്ക് സാക്ഷ്യം പറയുന്നവരും ആകയാണ്. ഇത് നാം അറിയുന്നത് പോലുമില്ല. അതില്‍ കൂടി ഒരു അന്യാരാധന നടക്കുകയാണ്. ഇതില്‍ കൂടി ഒരു അന്ധകാര സ്വാധീനം നമ്മിലേക്ക് കടന്നു വരികയാണ്. ദൈവവവചനം പറയുന്നു നാം ലോകത്തെ അനുകരിക്കരുത്, ലോകക്കാരെ അനുകരിക്കരുത്, അവര്‍ക്ക് അനുകാരികളായി മാറരുത്. നാം നമ്മുടെ തിരഞ്ഞെടുപ്പിനെയും നമ്മെ മുഴുവനായി സ്‌നേഹിച്ചവനെയും അറിഞ്ഞു നില്‍ക്കണം. യോഹന്നാന്‍ അപ്പോസ്തലന്‍ തന്റെ പ്രിയ ശിഷ്യനായ ഗായോസിന് ലേഖനം എഴുതുമ്പോള്‍ തന്നെ ഉപദേശിക്കുന്നത് ഇപ്രകാരമാണ്. ‘പ്രീയനെ, നന്മയല്ലാതെ തിന്മ അനുകരിക്കരുത് നന്മചെയ്യുന്നവന്‍ ദൈവത്തില്‍ നിന്നുള്ളവന്‍ ആകുന്നു തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല.’ 3 John:11.

കൂടെപ്പിറപ്പുകളെ, ലോകസ്‌നേഹപ്രകാരമുള്ള സകല അനുകരണങ്ങളും വിട്ടൊഴിഞ്ഞു ദൈവസ്‌നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ് നമ്മെ സ്‌നേഹിക്കുന്നവനെ മഹത്വപ്പെടുത്തുന്ന ജീവിതരീതി അവലംബിക്കുക. ഹൃദയാവസ്ഥകള്‍ ലോകത്തിലേക്ക് വഴുതി വീണിട്ടുണ്ടെങ്കില്‍ തിരികെ പിടിക്കുക. യഥാസ്ഥാനത്തിലേക്കു വരുവാന്‍ നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുവാന്‍, ദൈവത്തെ മാനിപ്പാന്‍ അനുസരിപ്പാന്‍ താല്പര്യപ്പെടുകയും ദൈവകോപത്തെ ഒഴിഞ്ഞ് മാറുകയും ചെയ്യുന്നവരായിരിക്കുക.

Pr. Anil Abraham