Malayalam Article 4 – February 2024

ദൈവീക സമാധാനം

വായനാഭാഗം :  യോഹന്നാൻ 14 :27  “സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.”

ഏതൊരു മനുഷ്യന്റെയും ആത്യന്തികമായ ചിന്ത സമാധാനപരമായ ഒരു ജീവിതമാണ്. സമാധാനം ഉണ്ടാക്കുവാനായി രാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നു. സമാധാനം പ്രസംഗിക്കപ്പെടുന്നു. പുസ്തകങ്ങൾ എഴുതി വിപണിയിലെത്തിക്കുന്നു. എന്നാൽ ചർച്ചകളും പ്രസംഗങ്ങളും പുസ്തകങ്ങങ്ങളും അതായി തന്നെ നിലനിൽക്കുന്നതല്ലാതെ യഥാർത്ഥ ഫലത്തിലേക്കെത്തിക്കുവാൻ ഇവക്കൊന്നും സാധിക്കുന്നില്ലന്നതാണ് വസ്തുത.

ലോകം ആഗ്രഹിക്കുന്നതും കണ്ടെത്തുവാൻ ശ്രമിക്കുന്നതുമായ സമാധാനവും ബൈബിൾ വിഭാവനം ചെയ്യുന്നതും യേശു കർത്താവു നൽകുന്ന സമാധാനവും തമ്മിലുള്ള താരതമ്യം പഠിക്കുവാൻ ശ്രമിച്ചാൽ നമുക്ക് ലഭിക്കുന്ന ഫലം എന്താണെന്നു നോക്കുകയാണ് ഈ ചിന്തയിലൂടെ.

ലോകത്തിന്റെ സമാധാനം താൽക്കാലികമാണ്. ആഗ്രഹിച്ചതുപ്പോലെ കാര്യങ്ങൾ നടക്കുമ്പോൾ, എല്ലാ സാഹചര്യങ്ങളും അനുകൂലമാകുമ്പോൾ, സാമ്പത്തികമായി നേട്ടം ഉണ്ടാകുമ്പോൾ ആരോഗ്യപരമായി സംതൃപ്തിയുണ്ടാകുമ്പോൾ ബന്ധങ്ങൾ ദൃഢമായി നിൽക്കുമ്പോൾ നാലാം സങ്കീർത്തക്കാരന്റെ ഭാഷയിൽ ധാന്യവും വീഞ്ഞും വർദ്ധിക്കുമ്പോൾ ഒക്കെ സമാധാനം എന്നു വിവക്ഷ. എന്നാൽ ഇതിൽ ഏതിലെങ്കിലും കോട്ടം സംഭവിക്കുകയോ കുറവു അനുഭവിക്കുകയോ ചെയ്താൽ ഈ സമാധാനം ഇല്ലാതെയാവും. ലോകത്തിന്റെ സമാധാനം സാഹചര്യങ്ങളിലും സംഭവങ്ങളിലും അധിഷ്ടിതമാണ്. “എന്റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിന്നു കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കയും….”(മീഖാ 3:5)

ലോകത്തിന്റെ സമാധാനം ക്ഷണികമായ സമാധാനമാണ്. നമുക്കു തിന്മാനും കുടിപ്പാനും കാര്യങ്ങൾ നന്നായി നടക്കുമ്പോഴുള്ള സമാധാനം.

“സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.” (യിരെമ്യാവ് 6:14) നമുക്കു ഒരു മുറിവു വരുമ്പോൾ, രോഗം വരുമ്പോൾ അതിനെ ലഘുവായി താത്കാലികമായ ശമനത്തിനായി ചികിത്സിച്ചാൽ പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ അതു വീണ്ടും കൂടുതൽ വഷളാകുന്നതുപ്പോലെയാണ് ലോകം തരുന്ന സമാധാനം. “സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവർ പണിതാൽ അവർ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടതു: പെരുമഴ ചൊരിയും; ഞാൻ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും. ചുവർ വീണിരിക്കുന്നു; നിങ്ങൾ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?” (യെഹെസ്കേൽ 13 : 10-12)

എന്നാൽ ദൈവീക സമാധാനം ലോകസമാധാനത്തിനു നേരെ വിപരീതമാണ്. ഭൗതീകമായ നേട്ടങ്ങളിൽ അധിഷ്ഠിതമാണ് ലോകസമാധാനം എങ്കിൽ  സമാധാനത്തിന്റെ ഉറവിടമായ യേശു കർത്താവിലധിഷ്ഠിതമാണ് ദൈവീക സമാധാനം. പ്രശ്നകലുഷിതമായ അന്തരീക്ഷത്തിലും സാമാന്യ ബുദ്ധിക്കു മനസ്സിലാക്കുവാൻ കഴിയാത്ത ബുദ്ധിക്കതീതമായ സമാധാനം. എങ്ങനെയെന്നു ലോകം  ആശ്ചര്യത്തോടെ ഉറ്റുനോക്കുന്ന സമാധാനം.

മരണ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവറയിൽ വിധിയും കാത്തു കിടക്കുന്ന ഒരുവൻ സമാധാനത്തോടെ കിടന്നുറങ്ങുന്നു. തലേദിവസം സഹതടവുകാരനും തന്റെ സഹോദരനുമായ യാക്കോബിനെ വാളാൽ കൊന്നതെന്ന വാർത്തയറിയാത്തവനുമല്ല പത്രോസ്. സാധാരണ മനുഷ്യൻ വിധിയെ പ്രാകി ഉറങ്ങാതെ നേരം വെളുപ്പിക്കേണ്ട സ്ഥാനത്താണ് ക്രിസ്തു ശിഷ്യന്റെ സമാധാനമായ ഉറക്കം. സാഹചര്യങ്ങളുടെ ഏറ്റക്കുറച്ചിലുകളിൽ സമാധാനം കണ്ടെത്തുകയല്ല പ്രത്യുത യേശു കർത്താവ് അറിയാതെ തന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലായെന്ന അചഞ്ചലമായ വിശ്വാസമാണ് പത്രോസിനെ മറ്റുള്ളവരുടെ കണ്ണിൽ അത്ഭുതമാക്കിയത്. ദാവീദു കുറച്ചേറെ വർഷങ്ങൾക്കുമുമ്പേ കുറിച്ചു “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.”

“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” ( ഫിലിപ്പിയർ 4 : 6 – 7 )

ദൈവീകമായ സമാധാനം നമ്മുടെ പ്രയോഗിക ജീവിതത്തിൽ എങ്ങനെ കൊണ്ടുവരുവാൻ സാധിക്കും.  നമ്മെ യേശുവിൽ സമർപ്പിക്കുക എന്നതാണ് ആദ്യത്തെ വഴി. പ്രാർത്ഥനയിലൂടെ ദൈവത്തിനു പൂർണ്ണമായും സമർപ്പിക്കുക. ഹന്നാ ദുഃഖിതയായ സ്ത്രീ ആയിരുന്നു. മക്കളില്ലാത്തതിനാലുള്ള പരിഹാസം തന്റെ സമാധാനം ദിനംതോറും കെടുത്തിക്കൊണ്ടേയിരുന്നു. എന്നാൽ ദൈവസന്നിധിയിൽ തന്റെ ഹൃദയം സമർപ്പിച്ചതു  മുതൽ അസമാധാനം ഹന്നയുടെ ജീവിതത്തിൽ നിന്നും മാറ്റപ്പെട്ടു. ഇപ്രകാരം നമ്മെ കർത്താവിന്റെ സന്നിധിയിൽ സമർപ്പിക്കുമെങ്കിൽ നിലനിൽക്കുന്ന സമാധാനത്താൽ ദൈവം നമ്മെ നിറയ്ക്കും.

ദൈവീക സമാധാനത്തിനായുള്ള രണ്ടാമത്തെ ചുവടു വയ്പ്പ് സ്വയത്തെ ത്യജിക്കുക എന്നതാണ്.

എങ്ങനെയാണു നമ്മുടെ സമാധാനം ഇല്ലാതെയാകുന്നത് ? നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ ആഗ്രഹിച്ചതു പോലെ നടക്കാതെ വരുമ്പോൾ മറ്റുള്ളവർ നമ്മൾ ആഗ്രഹിച്ചതുപ്പോലെ നമ്മോടു പെരുമാറാതിരിക്കുമ്പോൾ ഒക്കെ നമ്മുടെ സമാധാനം നഷ്ടമാകും. നമ്മൾ പലപ്പോഴും നമ്മുടെ ‘സ്വയ’ ത്തിനു ഒരുപാടു പ്രാധാന്യം കൊടുക്കാറുണ്ട്. സ്വന്തം ആഗ്രഹം, സ്വന്തം തീരുമാനം, സ്വന്തം ഇഷ്ടം എന്നിങ്ങനെ. എന്നാൽ മത്തായി 16 : 24 ൽ പറയുന്നത് യേശുവിനെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവർ സ്വയം ത്യജിച്ചിട്ടുവേണം തന്നെ അനുഗമിക്കുവാൻ എന്ന്. ഗലാത്യർ 2:20 പറയുന്നത് “ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു, ഇനിയും ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നത്.” നമ്മുടെ ജീവിതത്തിൽ ഒരു പ്രതികൂലം ഉണ്ടാകുമ്പോൾ മനസ്സിലാക്കേണ്ടത് നമ്മുടെ കർത്താവ് അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. നമ്മുടെ ജീവിതം കർത്താവിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് എന്നു പൂർണ്ണബോധ്യമുണ്ടെങ്കിൽ നമുക്കു സമാധാനമായിരിക്കുവാൻ സാധിക്കും. ഓരോ പ്രതികൂലത്തിലും നമ്മൾ ചിന്തിക്കേണ്ടതു കർത്താവാണ് ഈ സാഹചര്യത്തിൽ എങ്കിൽ എങ്ങനെ പ്രതികരിക്കുമെന്നാണ്. “കർത്താവു വളരേണം ഞാനോ കുറയേണം” എന്ന ചരിത്രപ്രസിദ്ധമായ യോഹന്നാൻ സ്നാപകന്റെ വാക്കുകൾ നമ്മിലൂടെ അന്വർത്ഥമാകേണം.

ദൈവീക സമാധാനം നമ്മുടെ ജീവിതത്തിന്റെ  മനോഭാവത്തെ സ്വാധിനിക്കുന്നു.

സമാധാനത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് നമ്മുടെ മനോഭാവം. സാഹചര്യങ്ങളോടു നമ്മൾ എങ്ങനെ പ്രതികരിക്കുന്നു, എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ മനോഭാവം .  2 ശമുവേൽ 16 :5-14 ൽ ദാവീദ് തന്റെ മകനായ അബ്‌ശാലോമിൽ നിന്നു പ്രതികൂലങ്ങൾ നേരിട്ടു തന്റെ രാജ്യത്തിൽ നിന്ന് മാറി ബഹുരൂമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽപ്പെട്ട ശിമയി എന്നു പേരുള്ള ഒരുത്തൻ ദാവീദിനെ ശപിച്ചും, കല്ലും പൂഴിയും വാരി എറിഞ്ഞു വരുന്നതു കണ്ടു. ഇതു കാണുന്ന ദാവീദിന്റെ കൂടെയുള്ളവർ അവന്റെ തല വെട്ടിക്കളയുവാൻ മുതിർന്നപ്പോൾ ദാവീദ് പറഞ്ഞത് നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതാണ് “അവനെ വിടുവിൻ, അവൻ ശപിക്കട്ടെ, ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും.” ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴി നടന്നു പോയി. തന്നെ ശപിക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഒരുവനോടുള്ള ദാവീദിന്റെ ഈ മനോഭാവത്തിനു കാരണം ദൈവം അനുവദിച്ചിട്ടാണ് ഈ കഷ്ടം വന്നതെന്നും ഈ കഷ്ടത്തെ അനുഗ്രഹമാക്കി മാറ്റുവാൻ തന്റെ ദൈവം ശക്തനാണെന്നും ദാവീദിന് അറിയാമായിരുന്നു. ആ ഉറപ്പാണ് സമാധാനമായി തനിക്കും തന്റെ കൂട്ടാളികൾക്കും സമാധാനമായി വഴി നടന്നുപോകുവാൻ കഴിഞ്ഞത്. റോമർ 12:18-ൽ പറയുന്നത് “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ.” നാം സമാധാനമായിരിപ്പാൻ നമ്മളും മറ്റുള്ളവരോടു സമാധാനത്തോടെ പെരുമാറണം. മത്തായി 5:9 ൽ “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” ഇതിൽ നിന്നും നാം മനസ്സിലാക്കുന്നത് സമാധാനം ഉണ്ടാക്കേണ്ട ഒന്നാണെന്നാണ്. കർത്താവായ യേശു ക്രിസ്തുവിന്റെ അതെ ആത്മാവാണ്  പിതാവായ ദൈവം കർത്താവിൽ വിശ്വസിക്കുകയും, സ്നാനം ഏൽക്കുകയും ചെയ്ത നമുക്കും നൽകിയിരിക്കുന്നത്. നമ്മുടെ കർത്താവു സമാധാനത്തിന്റെ കർത്താവാണ്. ലൂക്കോസ് 9 ൽ യേശുവും ശിഷ്യന്മാരും ശമര്യാ ഗ്രാമത്തിൽ ചെന്നപ്പോൾ അവിടുത്തെ ജനം അവരെ കൈക്കൊണ്ടില്ല. അപ്പോൾ യേശുവിന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ആകാശത്തുനിന്നു തീ ഇറക്കി അവരെ നശിപ്പിക്കട്ടെ എന്നു അനുവാദം ചോദിക്കുമ്പോൾ യേശു കർത്താവു അവരെ ശാസിക്കുന്നതായി നാം അവിടെ കാണുന്നു. “നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;

മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറയുന്നു. കർത്താവിന്റെ ആത്മാവാണ് നമ്മുടെ എല്ലാവരുടെയും ഉള്ളിൽ വസിക്കുന്നത്. ആ ആത്മാവിന്റെ ശക്തിയാൽ എല്ലായ്പ്പോഴും എല്ലാവരോടും സമാധാനമായിരിപ്പാൻ നമുക്കു സാധിക്കും. അതിനു നമുക്കു കർത്താവുമായി നിരന്തര കൂട്ടായ്മ ആവശ്യമാണ്. അങ്ങെനെയെങ്കിൽ കർത്താവിന്റെ സമാധാനം നമുക്കു പൂർണ്ണമായി അനുഭവിക്കുവാൻ സാധിക്കും.  “സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്‌പ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകും “. (2 തെസ്സലൊനീക്യർ 3:16)

 

Sr Sindhu Joy Kunnath