Malayalam Article 4 – December 2023

ശത്രുവിന്റെ നേരെ പ്രയോഗിക്കേണ്ട ആയുധം

 

വായനാഭാഗം 2 കൊരിന്ത്യർ 10:4  “ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.”

 

ജഡികങ്ങളല്ലാത്ത ഈ പോരിന്റെ ആയുധങ്ങൾ കോട്ടകളെ ഇടിക്കുവാൻ ശക്തിയുള്ളവയാണെന്നുള്ള വേദ വാക്യം നമുക്ക് വളരെ സുപരിചിതമാണ്. ഒരു ക്രിസ്തീയ വിശ്വാസിയെ സംബന്ധിച്ചു രണ്ടുതരം ശത്രുക്കളെ ആണ് ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടതായി വരുന്നത് . ദൃശ്യനായ ശത്രുവും അദൃശ്യനായ ശത്രുവും. രണ്ടുകൂട്ടരേയും നേരിടുമ്പോൾ ഉള്ള നമ്മുടെ മനോഭാവവും പരിണിതഫലങ്ങളും എങ്ങനെയാണു  എന്നാണ് നാം ചിന്തിക്കുന്നത്.

1.ദൃശ്യനായ ശത്രു

നമുക്ക് കാണാവുന്ന ശത്രുക്കൾ. അനീതിയുള്ള മനുഷ്യർ, ദൈവഭയമില്ലാതെ നമ്മെ ദ്രോഹിക്കുകയും ദുഃഖിപ്പിക്കുകയും, നിന്ദിക്കുകയും ചെയ്യുന്നവർ ഇവർക്ക് എതിരെ പ്രയോഗിക്കുവാൻ നമ്മുടെ കൈവശം ഒരേ ഒരു ആയുധം മാത്രമേ ഉള്ളു. സ്നേഹം എന്ന വജ്രായുധം. നമ്മുടെ ശത്രുക്കളെ സ്നേഹിക്കേണം എന്നു മത്തായി എഴുതിയ സുവിശേഷത്തിൽ നാം വായിക്കുന്നു. (5:44) “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ, ശപിക്കാതെ അനുഗ്രഹിപ്പിൻ” എന്നു റോമാ ലേഖനത്തിൽ നാം കാണുന്നു. (12:14) ഇവിടെ പരാമർശിക്കുന്ന ശത്രു ഭൂമിയിലുള്ള നമ്മൾ കാണുന്ന ശത്രുക്കളെ കുറിച്ചാണ്. ഈ ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ സ്നേഹിക്കുവാനും നമുക്കു ദൈവത്തോടു ഒരു ഉത്തരവാദിത്വമുണ്ട്. കാരണം ക്രിസ്തു നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിച്ചു. (റോമർ 5 :8 )

ആർക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതണം. (റോമർ12 :17 ) ഇങ്ങനെ നമ്മുടെ നല്ല പ്രവർത്തി സ്നേഹം കരുണയുള്ള വാക്കുകൾ പ്രാർത്ഥന ഇവയെല്ലാം കൊണ്ട് ശത്രുവിന്റെമേൽ വിജയം കൈവരിക്കുവാൻ സാധിക്കും. “തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.”(റോമർ 12:21 )

2. അദൃശ്യനായ ശത്രു

“നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.” (എഫസ്യർ 6:12)

ഇവിടെ പരാമർശിക്കുന്ന ശത്രു പിശാചാണ്.

1 പത്രോസ് 5:8 ൽ പറയുന്നു “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.” നമ്മുടെ പ്രതിയോഗിയായ പിശാചിനോട് നമ്മൾ എതിർത്തു പോരാടുക തന്നെ വേണം. “നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”(യാക്കോബ് 4:7 ) ഈ ശത്രുവിനെ ജയിക്കുവാൻ നാം സർവ്വായുധങ്ങളും എടുത്തു പോരാടണം.

“പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.” ഒരു വിശ്വാസി എല്ലാ ആയുധങ്ങളും ഉപയോഗിക്കുവാൻ പ്രാപ്തനാകേണം. ഒരു പട്ടാളക്കാരന്റേതുപ്പോലെ. ഒന്നോ രണ്ടോ ആയുധം ധരിച്ചിട്ടു മാത്രം കാര്യമില്ല. സർവ്വായുധം ധരിച്ചിട്ടാണ് ഒരു പട്ടാളക്കാരൻ യുദ്ധഭൂമിയിലേക്കു പോവുക. അതുപ്പോലെ ഒരു വിശ്വാസിയുടെ ജീവിതം പട്ടാളക്കാരന്റേതുപ്പോലെ തന്നെയാണ്. പിശാച് ആകുന്ന ശത്രുവിന് എതിരെ യുദ്ധം ചെയ്തു ജയിക്കുവാൻ നാം സദാ ആയുധം ധരിച്ചു ഒരുങ്ങിയിരിക്കേണം. സർവ്വായുധങ്ങളെക്കുറിച്ചു എഫെസ്യ ലേഖനത്തിൽ പറയുന്നത് എന്തെല്ലാമെന്ന് എന്ന് നോക്കാം.

  1. അരെക്കു സത്യം കെട്ടണം
  2. നീതി എന്ന കവചം ധരിക്കേണം
  3. സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കണം
  4. വിശ്വാസം പരിചയായിട്ടു പിടിക്കണം
  5. രക്ഷ എന്ന ശിരസ്ത്രവും
  6. വചനം എന്ന ആത്മാവിന്റെ വാളും കൈക്കൊള്ളേണം

ഒരു വിശ്വാസിയുടെ വിശ്വാസം എടുത്തു കളയുവാൻ പിശാച് എല്ലാ വിധത്തിലും തന്ത്രങ്ങൾ മെനയും. ഒരു വിശ്വാസിയുടെ നല്ല പ്രവർത്തിയെ കെടുത്തിക്കളയുവാൻ പിശാച് പല തീയമ്പുകളും തൊടുക്കും. നമ്മുടെ എതിർടീമിൽ ഉള്ളവർ മിടുക്കരാണെങ്കിൽ നമ്മൾ എന്തുചെയ്യണം നമ്മൾ മിടുമിടുക്കരാകേണം. പിശാചിന്റെ എല്ലാ തന്ത്രങ്ങളും അറിയുന്നവരാണ് നമ്മൾ. അതിനു നമ്മൾ ദൈവവചനം വായിക്കുന്നവർ മാത്രമല്ല അത് പൂർണ്ണമായി ഗ്രഹിക്കുവാനും അനുസരിക്കുവാനും സാധിക്കണം. “നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.” (സങ്കീർത്തനം 119:130) വചനം നമ്മുടെ ഉള്ളിലേക്കു കടന്നു വന്നാലെ നമ്മുടെ ഉള്ളിലെ അജ്ഞത മാറി അതു അനുസരിച്ചു പിശാചിന്റെ തന്ത്രങ്ങളെ അറിയുവാനും അതു അനുസരിച്ചു പോരാടുവാനും സാധിക്കുകയുള്ളൂ. നമ്മൾ പലരും വിശ്വാസത്തിൽ വരികയും ആരംഭിച്ച ഘട്ടത്തിൽ ഇപ്പോഴും നിൽക്കുകയും ചെയ്യുന്നത് കൊണ്ടാണ് പലപ്പോഴും നമുക്ക് നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ സാധിക്കാത്തതും പിശാചിനോടു തോറ്റു പോകുന്നതും. ഗലാത്യർ 4:1 “അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല”.

നമ്മൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖേന പുത്രത്വത്തിന്റെ ആത്മാവിനെയാണ് നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നത്. ആ പുത്രത്വത്തിന്റെ ആത്മാവ് കൊണ്ട് നമുക്ക് പിശാചിന് എതിരെ പോരാടുവാൻ സാധിക്കും. പക്ഷേ നാം ശിശുക്കൾ ആയിരിക്കാതെ യേശു ആകുന്ന തലയോളം വളർന്നു അതിനു അനുസരിച്ചു പ്രവർത്തിക്കണം. എന്നാൽ ശത്രു നമ്മുടെ മുൻപിൽ നിന്നു ഓടിപ്പോകും.

 

Sr. Sindhu Mathew