Malayalam Article 3 – June 2024

യേശുവിൻറെ ശിഷ്യന്മാരായി അറിയപ്പെടുന്നതിനുള്ള വ്യവസ്ഥ

പേരുകൾ കൊണ്ടും സഭകളുടെ പെരുപ്പം കൊണ്ടും യേശുവിൻറെ അനുയായികളെ ലോകത്തിന് മനസ്സിലാക്കുവാൻ കഴിയാതിരുന്ന ഒരു കാലഘട്ടത്തിൽ യേശുവിൽ വിശ്വസിക്കുകയും യേശുവിനു വേണ്ടി ജീവിക്കുകയും ചെയ്തിരുന്നവരെ മറ്റുള്ളവർ മനസ്സിലാക്കിയിരുന്നത്.” നിങ്ങൾ അന്യോന്യം സ്നേഹിക്കണം എന്ന്  ഒരു പുതിയ കൽപ്പന ഞാൻ നിങ്ങൾക്ക് തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം എന്നു തന്നെ” (യോഹന്നാൻ 13:34)എന്ന യേശുവിൻറെ പുതിയ കല്പന അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതുകൊണ്ടാണ്. തന്റെ ശിഷ്യന്മാർ തന്നെ സ്നേഹിക്കണം എന്നോ മറ്റുള്ളവരെ സ്നേഹിക്കണമെന്നോ അല്ല യേശു ആവശ്യപ്പെടുന്നത് പിന്നെയോ അവർ പരസ്പരം സ്നേഹിക്കണം എന്നാണ് യേശു അവർക്ക് നൽകിയ പുതിയ കൽപ്പന. ഒരു രാത്രി മുഴുവൻ പ്രാർത്ഥിച്ച ശേഷം താൻ തെരഞ്ഞെടുത്ത 12 ശിഷ്യന്മാരുടെ ഇടയിൽ  താൻ അവരോടുകൂടെ ഉണ്ടായിരുന്നിട്ടും തങ്ങളിൽ ആരാണ് വലിയവൻ എന്ന തർക്കം ഉണ്ടായി. അതോടൊപ്പം യേശു മഹത്വം പ്രാപിക്കുമ്പോൾ സഹോദരങ്ങളായ തങ്ങളെ ഇരുവരെയും യേശുവിൻറെ ഇടത്തും വലത്തും ഇരുത്തണമെന്ന് യാക്കോബു യോഹന്നാനും വ്യക്തിപരമായി അവനോട് അപേക്ഷിച്ചു. തന്റെ ശിഷ്യന്മാർക്ക് നിസ്വാർത്ഥമായ സ്നേഹാദരവുകൾ പരസ്പരം ഉണ്ടായിരുന്നുവെങ്കിൽ അവരിൽ ആരാണ് വലിയവൻ എന്നുള്ള ചിന്തയും സ്ഥാനമാനങ്ങൾക്കായുള്ള അന്തർദാഹവും ഉണ്ടാകുമായിരുന്നില്ലെന്നു അവർ മനസ്സിലാക്കുവാനാണ്  പരസ്പരസ്നേഹത്തെ കുറിച്ചുള്ള പുതിയ കൽപ്പന തൻറെ ശിഷ്യന്മാർക്ക് യേശു നൽകിയത്. മാത്രമല്ല “നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എൻറെ ശിഷ്യന്മാർ ആകുന്നുവെന്ന് എല്ലാവരും അറിയും (യോഹന്നാൻ 13:35)എന്നു കൽപ്പിച്ച കർത്താവ് തൻറെ അനുയായികളിൽ പരസ്പരം ഉണ്ടാകേണ്ട സ്നേഹത്തിൻറെ അഗാധത ചൂണ്ടിക്കാണിക്കുന്നു. തൻറെ ശിഷ്യന്മാരുടെ കാലുകൾ കഴുകി സ്നേഹത്തിൻറെ മുഖമുദ്രകളായ എളിമയുടെയും സൗമ്യതയുടെയും താഴ്മയുടെയും മാതൃക കാട്ടിയ കർത്താവ് അത് അവരുടെ ജീവിതങ്ങളിൽ ഉണ്ടാകുവാൻ അവരും പരസ്പരം കാലുകൾകഴുകേണ്ടത് ആകുന്നു എന്ന് കല്പിക്കുന്നു. ക്രിസ്തുവിനെ വഹിക്കുന്നവരെന്ന് വിളിക്കപ്പെടുന്നവർക്ക് പരസ്പരം സ്നേഹിക്കുവാൻ കഴിയുന്നില്ലെങ്കിൽ യേശുവിൻറെ ശിഷ്യന്മാർ എന്ന പദവിക്ക് യോഗ്യരാകുകയില്ല. പേരു കൊണ്ടും കുൽസിത മാർഗ്ഗങ്ങളിലൂടെ വെട്ടിപ്പിടിച്ച സ്ഥാനമാനങ്ങൾകൊണ്ടും ക്രിസ്തുവിൻറെ ശിഷ്യന്മാർ എന്ന് കൊട്ടിഘോഷിച്ചു പരസ്പരസ്നേഹമില്ലാതെ  ഈ ഭൂമിയിൽ ജീവിച്ച ശേഷം ഭൂതലം വിട്ട് പോകുന്നവർക്ക് യേശുവിൻറെ സന്നിധിയിൽ അവൻറെ ശിഷ്യന്മാരായി ചെല്ലുവാൻ കഴിയുമോ ? സ്വാർത്ഥലാഭത്തിനായി പരസ്പരം തലതല്ലിക്കിറുകയും സഭകൾ പോലും പോർക്കളങ്ങളാക്കിമാറ്റുകയും ചെയ്യുന്നവരെ തൻറെ ശിഷ്യന്മാരെന്ന് യേശുവിന് വിളിക്കുവാൻ കഴിയുമോ ? ആത്മീയ കൃപാവരങ്ങൾക്കു ദൈവത്തിൻറെ ഹിതം നിറവേറ്റുവാൻ കഴിയുന്ന ഏക പശ്ചാത്തലം എന്ന നിലയിൽ എല്ലാ ആത്മീയ പ്രകാശനങ്ങളുടെയും അടിസ്ഥാന തത്വം സ്നേഹമായിരിക്കണം എന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു ദൈവം ക്രിസ്തു തുല്യമായ സ്വഭാവത്തെയാണ് വിലമതിക്കുന്നത്. പ്രവർത്തിക്കുന്ന സ്നേഹത്തെ ദൈവം വിലമതിക്കുന്നു. മലയെ നീക്കുവാൻ പോകുന്ന വിശ്വാസത്തെക്കാളും സഭയിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനേക്കാളും സ്നേഹമാണ് അഭികാമ്യം. ദീർഘമായി ക്ഷമിക്കുന്ന സ്നേഹം കേവലം ഒരു ആന്തരിക വികാരമോ പ്രേരകശക്തിയോ അല്ല സ്നേഹം ഒരു പ്രവർത്തിയും സ്വഭാവവും ആണ് പിതാവായ ദൈവത്തെയും പുത്രനായ യേശുക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും വെളിപ്പെടുത്തുന്നതാണ്. അതിനാൽ എല്ലാ വിശ്വാസസമൂഹവും ഈ സ്നേഹത്തിൽ വളരേണ്ടതാണ്. ഈ വചനത്താൽ ദൈവം നമ്മെ എല്ലാം അനുഗ്രഹിക്കുമാറാകാട്ടെ

 

Br Aji Baby