Malayalam Article 3 – February 2024

ഭാഗ്യവാൻ

ഒത്തിരി കാര്യങ്ങൾ കുറച്ചു സമയം കൊണ്ടു പറഞ്ഞവസാനിപ്പിക്കുവാൻ വ്യഗ്രതപ്പെടുന്ന സങ്കീർത്തനക്കാരനെയാണ് മുപ്പത്തിരണ്ടാം സങ്കീർത്തനത്തിലൂടെ നാം പരിചയപ്പെടുന്നത്. ഒത്തിരിക്കാര്യങ്ങൾ ചുരുങ്ങിയ സമയംകൊണ്ട് പറഞ്ഞവസാനിപ്പിക്കുന്നുവെങ്കിലും അദ്ദേഹം ചെന്നെത്തുന്നത് ദൈവം എക്കാലവും എപ്പോഴും ആഗ്രഹിക്കുന്ന വിശുദ്ധിയിലേക്കാണ്.

താൻ സഞ്ചരിച്ച വ്യത്യസ്തമായ കാലഘട്ടത്തെ സങ്കീർത്തനക്കാരൻ വിവരിക്കുന്നത്, മോഹങ്ങൾ അടക്കുവാൻ കഴിയാതെ താൻ പാപത്തെ പ്രണയിച്ചു ജഡത്തിന്റെ ഇഷ്ടത്തിനു വിധേയപ്പെട്ട തന്റെ ജഡത്തിന്റെ വസന്തകാലം. അതുപാപമാണെന്നുള്ള തിരിച്ചറിവിനുശേഷം ആരും അറിയാതെ ഒളിപ്പിച്ചു വച്ചു നിരാശ അവന്റെ മുൻപിൽ നൃത്തം ചെയ്ത നിസ്സാഹായ കാലഘട്ടം. ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു പാപമോചനം ലഭിച്ചു നിരപ്പു പ്രാപിച്ച സമാധാനം കൈവന്ന ജയത്തിന്റെ കാലഘട്ടം. ഭാഗ്യവാന്റെ കഥ പറഞ്ഞാണ് അദ്ദേഹം സങ്കീർത്തനം ആരംഭിക്കുന്നത്. ഭാഗ്യവാൻ എന്നു സ്വയം അദ്ദേഹം പരിചയപ്പെടുത്തി മാറിനിൽക്കുകയല്ല പ്രത്യുത ഓരോ ഭക്തനും ഒരു പ്രതീക്ഷയുടെ നാമ്പു പകർന്നു നൽകുകയാണ് ദാവീദ് എന്ന എക്കാലത്തെയും ശ്രേഷ്ഠനായ ദൈവത്തിനു വിധേയപ്പെട്ട സംഗീതജ്ഞൻ ചെയ്യുന്നത്. പിന്മാറ്റജീവിതത്തിലകപ്പെട്ടു മറ്റുള്ളവരാൽ വിധിക്കപ്പെട്ടും പരിഹാസകഥാപാത്രവുമായിരിക്കുന്നവർക്കു മടങ്ങിവരുവാനുള്ള പ്രചോദനം കൂടിയാണ് ഈ സങ്കീർത്തനം. മറച്ചു വയ്ക്കപ്പെട്ട പാപത്തെ ഏറ്റുപറഞ്ഞു പാപമോചനം ലഭിച്ച ഉടനെ തന്നെപ്പോലെ നിരാശയിൽ കൂപ്പുകുത്തി അസ്ഥികൾക്കും മറ്റും സ്ഥാനഭ്രംശം സംഭവിച്ച അനേകരെയൂം അദ്ദേഹം മറക്കുന്നില്ല. എന്റെ കൊടിയതും നീചവുമായ പാപങ്ങളാൽ എനിക്കു നഷ്ട്ടപ്പെട്ട എന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ ലഭിക്കുമ്പോൾ ഞാൻ ആദ്യം ചെയ്യുന്നത് എന്നെപ്പോലെയുള്ള അതിക്രമക്കാരുടെ ഇടയിൽ നിന്റെ സാക്ഷിയാകുമെന്നാണ് തന്റെ വാഗ്ദാനം. അത് അക്ഷരംപ്രതി പാലിച്ച ദാവീദിനെയും നാം ഇവിടെ കാണുന്നു. ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു നമ്മുടെ കർത്താവായ യേശു ക്രിസ്തു മുഖാന്തിരം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടാകുമ്പോൾ ഏതു പ്രതിസന്ധികളുടെ നടുവിലും ദൈവം നമ്മെ സംരക്ഷിക്കുമെന്നുള്ളതാണ്. അടുക്കലോളം എത്തുന്ന പെരുവെള്ളം നമ്മെ കവിയുകയില്ല. മറവിടമാകുന്ന ദൈവം നമ്മെ കഷ്ടത്തിൽ നിന്നു സൂക്ഷിക്കും. നടക്കേണ്ടുന്ന വഴി ഉപദേശിക്കും. ആ പാതയിലൂടെയുള്ള നടപ്പു രക്ഷയുടെ ഉല്ലാസഘോഷത്തോടു കൂടെയായിരിക്കും. എപ്പോഴും നമ്മെ കാണുന്ന കണ്ണു നമ്മെ പിന്തുടരും.

മനോഹരമായ ഈ കാവ്യത്തിന്റെ തനതു ഭംഗി ആസ്വദിച്ചു മടങ്ങുവാൻ ഒരുങ്ങുമ്പോഴാണ് ഇടയിലേക്കു ആസ്വാദനത്തെ കുറച്ചു സമയത്തേക്കെങ്കിലും തടസ്സപ്പെടുത്തിക്കൊണ്ടു, ഉപദേശം കൊണ്ടോ ആലോചന പറഞ്ഞുകൊടുത്തത് കൊണ്ടോ നേർവഴി നടക്കാത്ത മർക്കടമുഷ്ടിയുള്ള കോവർ കഴുതയുടെയും കുതിരയുടെയും സ്വഭാവത്തെയും അദ്ദേഹം വിശദികരിക്കുന്നത്. ഒരു തരത്തിലും ആരാലും സ്വാധിനിക്കുവാൻ കഴിയാത്ത ഈ സ്വഭാവക്കാരെ പുറമേക്കാണുമ്പോൾ ചമയങ്ങളായി തോന്നുന്ന കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടാണ് അടക്കുന്നത്. ഈ ചമയങ്ങൾ വേദന തരുന്നതാണ്. പാപം പാപമാണെന്നുള്ള തിരിച്ചറിവോടുകൂടെ മാനസാന്തരപ്പെട്ടു മടങ്ങിയാൽ ആശ്രയം നമ്മുടെ രക്ഷകനും കർത്താവിലേക്കും തിരിച്ചാൽ അസാധാരണമായ ദയ നമ്മെ ചുറ്റിക്കൊള്ളും.

Br Shibu Daniel