Malayalam Article 3 – December 2023

നമ്മുടെ മക്കളെ ദൈവനാമ മഹത്വത്തിനായി വളർത്തുവാൻ കഴിയുന്നുണ്ടോ ?

മക്കൾക്ക് ഉന്നതമായ ഒരു ഭാവി കെട്ടിപ്പടുക്കുവാൻ വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന മാതാപിതാക്കളെ ഇന്ന് എവിടെയും കാണുവാൻ കഴിയും. തങ്ങളുടെ ലക്ഷ്യത്തിലേക്ക് മക്കളെ  ബാല്യം മുതൽ തന്നെ പഠനത്തോടൊപ്പം അവരുടെ നൈസർഗികമായ കഴിവുകളെയും പരിപോഷിപ്പിക്കുന്ന അനേകം മാതാപിതാക്കൾ ഉണ്ട്. മക്കളെ ലോകത്തിൻറെ എല്ലാ ശ്രേണിയിലും ഉന്നതരാക്കുവാനുള്ള ഈ തത്രപ്പാടിൽ അവരെ ദൈവാശ്രയത്തിലും ശിക്ഷണത്തിലും അച്ചടക്കത്തിലും വളർത്തുവാൻ ദൈവഭക്തിയിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷം മാതാപിതാക്കൾക്കും കഴിയുന്നില്ല. മക്കളെ ദൈവാശ്രയത്തിലും ഭക്തിയിലും ശിക്ഷണത്തിലും വളർത്തണമെന്ന് സദൃശ്യവാക്യങ്ങൾ പോലെ ആധികാരികമായി നിഷ്കർഷിക്കുന്ന മറ്റൊരു പുസ്തകം തിരുവചന പുസ്തകങ്ങളുടെ കൂട്ടത്തിൽ ഇല്ല. “യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു” എന്ന ആദ്യ പ്രബോധനം തന്നെ മക്കളെ ലോകത്തിൻറെ ജ്ഞാനം കൊണ്ട് നിറച്ച് ഉന്നതരാക്കുവാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ് തിരുവചനം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

ബാല്യം മുതൽ അമിത വാത്സല്യത്താൽ പൊതിഞ്ഞ് അവരുടെ തെറ്റുകൾക്ക് ശിക്ഷ നൽകുവാൻ വിസമ്മതിക്കുന്ന മാതാപിതാക്കളുടെ സംഖ്യ ഇന്ന് വർദ്ധിച്ചിരിക്കുന്നു. ദൈവത്തിൻറെ ദാനമായ നമ്മുടെ മക്കൾക്ക് ദൈവഭയത്തിലും ഭക്തിയിലും വളരുവാൻ ആവശ്യമായ ശിക്ഷണം നൽകുവാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ,നാം ദൈവത്തിനു വേണ്ടി എന്തെല്ലാം പ്രവർത്തിച്ചുവെന്ന് അവകാശപ്പെട്ടാലും, അത് ലോകത്തിന് നമ്മെ വിമർശിക്കുവാനുള്ള ഒരു കറുത്ത പൊട്ടായി നമ്മുടെ ആത്മീയ യാത്രയിൽ അവശേഷിക്കും. ദൈവത്തിനു വേണ്ടി സമർപ്പിതരായി ഇറങ്ങിത്തിരിക്കുകയും ദൈവത്തിനു വേണ്ടി വൻ കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ദൈവത്തിൻറെ പ്രതിപുരുഷന്മാരുടെ മക്കൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ മറന്നു ജീവിച്ചതിന്റെ ഫലമായി ദൈവനാമം ദുഷിക്കപ്പെട്ടതും ദൈവജനത്തിന്റെ ഭാവിയെ കൂടി അത് പ്രതികൂലമായി ബാധിച്ചതും ശമുവേൽ പ്രവാചകന്റെ ഒന്നാം പുസ്തകം സാക്ഷിക്കുന്നു.

 

ദൈവത്തിൻറെ പുരോഹിതനായ ഏലിയോട് അവൻറെ മക്കൾ ചെയ്യുന്ന പാപത്തെക്കുറിച്ച് ദൈവം ഓർമ്മപ്പെടുത്തിയിട്ടും തന്റെ പുത്രന്മാരെ നിയന്ത്രിക്കുവാനോ ശിക്ഷിച്ചു വളർത്തുവാനോ ഏലിക്ക് കഴിഞ്ഞില്ല. അതിന്റെ പരിണിതഫലം ഭയാനകമായിരുന്നു . ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ യിസ്രായേൽ മക്കൾ പരാജയപ്പെട്ടു. യുദ്ധക്കളത്തിൽ കൊണ്ടുപോയ യഹോവയുടെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഏലിയുടെ മക്കൾ രണ്ടുപേരും കൊല്ലപ്പെട്ടു. ഈ വാർത്ത അറിഞ്ഞ 98 വയസ്സുകാരനായ ഏലി ഇരിപ്പിടത്തിൽ നിന്ന് വീണ് കഴുത്തൊടിഞ്ഞ് മരിച്ചു. മകൻറെ ഗർഭിണിയായ ഭാര്യ ഈ വിവരം അറിഞ്ഞ പ്രസവസമയത്ത് മരണമടഞ്ഞു. അങ്ങനെ തങ്ങളുടെ ദുർമാർഗ്ഗം വിട്ട് തിരിയാതിരുന്ന എലിയുടെ മക്കൾ നിമിത്തം ആ കുടുംബത്തോടൊപ്പം യിസ്രായേൽ മക്കളും ദൈവത്തിൻറെ ശിക്ഷ അനുഭവിക്കേണ്ടതായി വന്നു. ബാല്യത്തിൽ തന്നെ ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെടുകയും പുരോഹിതനായ ഏലിയോടൊപ്പം പാർക്കുകയും ദൈവത്തിൻറെ അരുളപ്പാടുകൾ ലഭിക്കുകയും ചെയ്തിരുന്ന പ്രവാചകനും ദൈവത്തിന്റെ അഭിഷിക്തനും ആയ ശമുവേലിനും തൻറെ മക്കളെ ദൈവനാമ മഹത്വത്തിനായി വളർത്തിക്കൊണ്ടു വരുവാൻ കഴിഞ്ഞിരുന്നില്ല. ശമുവേൽ വൃദ്ധനായപ്പോൾ അവൻ തന്റെ പുത്രന്മാരെ ന്യായാധിപന്മാർ ആക്കി.

 

പക്ഷേ അവർ ദുരാഗ്രഹികളായി ദൈവത്തെ മറന്നു ന്യായം ത്യജിച്ചു കളഞ്ഞു. അവരുടെ ദുർമാർഗ്ഗo നിമിത്തം യിസ്രായേലിലെ മൂപ്പന്മാർ ഒന്നിച്ചു കൂടി അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കണമെന്ന് ശമുവേലിനെ നിർബന്ധിച്ചു .”അവർ നിന്നെ അല്ല അവരുടെ രാജാവായിരിക്കുന്നതിൽ നിന്ന് എന്നെ ആകുന്നു തിരസ്കരിച്ചിരിക്കുന്നത്” എന്നാണ് ദൈവം അവരുടെ ആവശ്യത്തെക്കുറിച്ച് പ്രതികരിച്ചത്. അതിൻറെ യഥാർത്ഥ കാരണക്കാർ ശമുവേലിന്റെ മക്കളായിരുന്നു. നാം ദൈവജനം എന്നും ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ എന്നും അഭിമാനിക്കുന്നതിന് മുമ്പ് നമുക്ക് ദൈവം തന്നിരിക്കുന്ന മക്കളെ ദൈവനാമ മഹത്വത്തിനായി വളർത്തുവാൻ കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താം. നമ്മുടെ കഴിവുകൾകൊണ്ടോ നാം എടുക്കുന്ന തീരുമാനങ്ങൾ കൊണ്ടോ സാധിക്കുമെന്നല്ല പ്രത്യുതാ ദൈവത്തിന്റെ കൃപയ്ക്കായി നിരന്തരം യാചിക്കാം. ദൈവം നമ്മെ ഒരുമിച്ചു അതിനായി സഹായിക്കട്ടെ.

 

Br. Aji Baby