Malayalam Article 3 – April 2024

എന്റെ നീതി പ്രവർത്തികൾ

 

രണ്ടു ദിർഹം ആണ് ഒരു ഫ്രഷ് മിൽക്ക് ചായക്ക്. ഉഴുന്നു വടയ്ക്കു ഒന്നര ദിർഹവും. ഞാൻ ഒരു ഉഴുന്നു വട കൂടി പറയും. എങ്കിലേ ചായക്കു രുചി കൂടുകയുള്ളൂ. ഇപ്പോൾ എനിക്ക് ഹാബിറ്റ് ആയിട്ടുണ്ട് ഒരു നാലു മണി ചായ. തണുപ്പുള്ള കാലാവസ്ഥയായതു കൊണ്ടു രുചിയേറും. അതും റോഡിൽ നിന്നു കുടിക്കുമ്പോൾ ഗൃഹാതുരത്വം ഇന്നലകളെ ഓർപ്പിക്കും. ഇന്നലെ ഞാൻ ഒന്നു മാറ്റിപിടിച്ചു ഒരു സുഖിയൻ ആണ് പറഞ്ഞത്. സുഖിയന് നിങ്ങളുടെ നാട്ടിലെന്താണ് പേര് എന്നെനിക്കറിയില്ല. പയറു നിറച്ച മധുരമുള്ള മഞ്ഞ നിറമുള്ള പലഹാരം. എന്റെ മുൻപിൽ ബഹളം വച്ച് പറന്ന് വന്നിരുന്ന കിളികൾക്കു ഞാൻ കുറച്ചു കൊടുത്തുകൊണ്ട് ഞാനും തീറ്റ ആരംഭിച്ചു. സുഖിയൻ എനിക്കത്രയ്ക്കു പിടിക്കാത്തതുകൊണ്ടാണ് അവരുടെ അവകാശം നേടിയെടുക്കുംപോലെയുള്ള ബഹളം ഞാൻ അവഗണിച്ചു വീണ്ടും വീണ്ടും ഇട്ടു കൊടുത്തത്. എന്നാൽ ഉഴുന്നുവട വാങ്ങിയ എല്ലാ ദിവസവും ഇവറ്റകളെ ഞാൻ അവഗണിക്കാറാണ് പതിവ്. അവകാശസംരക്ഷണത്തിനുള്ള മുറവിളിയുണ്ടെങ്കിലും. ഞാൻ എന്ന വിശാല മനുഷ്യന്റെ കാരുണ്യത്താൽ അവയ്ക്കു വിശപ്പടക്കുവാൻ കഴിഞ്ഞില്ലെങ്കിലും ചെറിയ ഒരു വിരുന്നു നൽകുവാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർഥ്യത്തോടെയാണ് ഞാൻ തിരിച്ചു ഓഫീസിലേക്ക് കയറിയത്.

ഇങ്ങനെയുള്ള ചെറിയ പ്രവർത്തി പോലും ഞാൻ ഓർത്തു വയ്ക്കാറുണ്ട്. ആർക്കെങ്കിലും സഹായമായി കൊടുക്കുന്നത് ഞാൻ കണക്കെഴുതാറുണ്ട്. അനാഥനെയും വിധവയെയും സംരക്ഷിച്ചതിന്റെ കണക്കുകൾ…

ദാസനും ദാസിക്കും ന്യായം ചെയ്തതിന്റെ കണക്കുകൾ…ദരിദ്രനെ സംരക്ഷിച്ചതിന്റെ കണക്കുകൾ… ഇങ്ങനെ ചെറുതും വലുതുമായ സഹായമെത്തിച്ചതിന്റെ നൂറു നൂറു കഥകൾ പേറിയാണ് നാം നടക്കുന്നത്. അവസരം കിട്ടുമ്പോഴെല്ലാം നാം അവയെല്ലാം കൂട്ടി വീരചരിത്രങ്ങൾ രചിക്കാറുമുണ്ട്.

എപ്പോൾ നിസ്സഹായത നമ്മിൽ പിടിമുറുക്കുമോ സഹായ ഹസ്തം എവിടെ അവസാനിക്കുമോ അവിടെ ബഹുമാനവും ആദരവുമെല്ലാം അനാദരവിനും അവഹേളനത്തിനും വഴിമാറും. ഇന്നലെ വരെ സഹായം സ്വീകരിച്ചവർ മുഖം തിരിക്കുന്നതും അവഗണിക്കുന്നതും നിസ്സഹായതയോടെ കണ്ടു നിൽക്കേണ്ടി വരും പ്രതികരിക്കുവാൻ വാക്കുകളില്ലാതെ.

ഇയ്യോബ് ഇങ്ങനെ ചരിത്രമെഴുതിയ അതികായനാണ്. നൊമ്പരങ്ങൾ ഓർത്തെടുത്തു കണ്ണുനീരിൽ ചാലിച്ചെടുത്തു കുത്തിക്കുറിച്ച പഴയനിയമ ഭക്തനാണ്. തന്നിൽനിന്നും സഹായം സ്വീകരിച്ചവരുടെ അവഗണനയാണ് നൊമ്പരമായി അണപൊട്ടി പുറത്തേക്കു ഒഴുകുന്നത്. എല്ലാം യഥേഷ്ടമായി കൈകളിലുള്ളപ്പോൾ നിസ്സാരമായി കൊടുത്തതിന്റെ കുറിപ്പടി വരെ പൊടി തട്ടി വീണ്ടും എഴുതിയുറപ്പിക്കുന്നു. ഞാനില്ലായിരുന്നെന്നെങ്കിൽ ഈ ഒരുപറ്റം എന്തു ചെയ്യുമായിരുന്നുവെന്ന ഓർത്ത നാളുകൾ വരെ കൃത്യമായി എഴുതുവാൻ മറന്നിട്ടില്ല.  ഈ കുറിപ്പടിയുടെ മറ്റേയറ്റം കാഴ്ചയ്ക്കു എത്താത്രയും നീണ്ടതാണെങ്കിലും ഇപ്പോൾ എന്റെ സഹായമില്ലെങ്കിലും അവറ്റകളെല്ലാം പഴയതുപോലെ ജീവിക്കുന്നുണ്ടെന്നതിലാണ്  എനിക്കു അത്ഭുതം. ഒന്നും തിരിച്ചു നൽകുവാൻ കഴിയാത്തവർക്കാണ് തന്റെ ഹസ്തം  നീണ്ടതെങ്കിലും ആ നാളുകളിലും വിധേയപ്പെടലിന്റെ ഒരു സുഖത്തിലാണ് താൻ വിരാജിച്ചിരുന്നത്.

 

പൗലോസ് അപ്പോസ്തോലൻ ഫിലിപ്പിയ ലേഖനമെന്ന കാരാഗ്രഹ ലേഖനത്തിൽ പറഞ്ഞു വയ്ക്കുന്നത് ഇങ്ങനെയാണ് “ന്യായപ്രമാണം സംബന്ധിച്ചു ഞാൻ അനിന്ദ്യനാണ് ” സ്വന്ത നീതിയുടെ കണക്കാണെങ്കിൽ പറഞ്ഞു ഫലിപ്പിക്കുന്നതിനും മുകളിലാണ്. “ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി തന്നേ ലഭിച്ചു അവനിൽ ഇരിക്കേണ്ടതിന്നും അവന്റെ മരണത്തോടു അനുരൂപപ്പെട്ടിട്ടു അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും ഇങ്ങനെ വല്ലവിധേനയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വെച്ചും ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.” പൗലോസ് ഉപേക്ഷിച്ചത് നാം പ്രസംഗിച്ചു വരുന്നതുപ്പോലെ തന്റെ പിതാവിന്റെ കപ്പൽ സാമ്രാജ്യമോ, തന്റെ സമ്പത്തോ വസ്തുവകകളോ അല്ല പ്രത്യുത താൻ ചെയ്തെടുത്ത സകല നീതിപ്രവർത്തികളുമാണ്. സ്വയനീതി വർദ്ധിക്കുന്തോറും എന്നിൽ സ്നേഹത്തിന്റെ ഉറവ വറ്റുകയാണെന്നുള്ള തിരിച്ചറിവിൽ പൗലോസ് അപ്പോസ്തോലൻ ഇപ്പോൾ പറയുകയാണ് “ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവർക്കു നൽകുന്ന നീതി” മതിയെനിക്ക്. ബാക്കിയെല്ലാം ഞാൻ ചവറ്റുകൊട്ടയിൽ വലിച്ചെറിയുകാണ്. സ്വന്ത നീതി ദൈവനീതിയെ കടന്നുപോയപ്പോഴാണ്  കല്ലെറിഞ്ഞു മരണപ്പെട്ടു എന്നുറപ്പുവരുത്തും  വരെ യെഹൂദന്മാരുടെ വസ്ത്രങ്ങളെ അവൻ  തന്റെ കാൽക്കൽ സൂക്ഷിച്ചത്. സ്വന്ത നീതി സ്ഥാപിക്കുവാനുള്ള വ്യഗ്രതയിൽ സ്തെഫാനൊസിന്റെ പ്രാണന്റെ കരച്ചിലിൽ മുങ്ങിപ്പോയി.

ഇപ്പോൾ ഇയ്യോബിനു ഉപേക്ഷിക്കുവാൻ തന്റെ കൈകളിൽ ഒന്നുമില്ല. വസ്തുവകകളില്ല , ഭാര്യയല്ല, മക്കളില്ല സാമ്രാജ്യങ്ങളില്ല, പരിചാരകരില്ല, ഉപചാപകരില്ല, വിധേയപ്പെടുന്നവരില്ല…   പ്രവർത്തി വച്ചു നോക്കുമ്പോൾ ഞാൻ  അനിന്ദ്യനാണ് . ആരു എന്നോടു വാദിച്ചാലും എന്നിൽ ഒട്ടും കുറ്റം കണ്ടെത്താത്ത നിലയിൽ ഞാൻ നീതിമാനാണ്. അതു ദൈവം എന്നെ തൂക്കിനോക്കിയാലും.  പക്ഷേ ഉപേക്ഷിക്കുവാൻ ഇനിയും ഉണ്ടായിരുന്നത് പ്രവർത്തികളാൽ താൻ ചെയ്തെടുത്ത സ്വന്ത നീതിയാണ്. സ്വയ നീതിയെന്ന ഈ നീണ്ട പട്ടിക.  ന്യായപ്രമാണത്തിൽനിന്നുള്ള തന്റെ സ്വന്ത നീതി സ്ഥാപിക്കുന്നതിനായി ചെയ്തെടുത്ത നീണ്ട പട്ടിക… തനിക്കു ഉണ്ടായിരുന്നതെല്ലാം നഷ്ടമാകാതിരുന്നെങ്കിൽ ഈ തിരിച്ചറിവ് ഇയ്യോബിനു ലഭിക്കുകയില്ലായിരുന്നു. ചിലതു മാത്രം നഷ്ടമായി മറ്റു കുറച്ചു തന്റെ കൈകളിലുണ്ടായിരുന്നെങ്കിലും താൻ ഈ ദൈവശബ്ദത്തിനു ചെവികൊടുക്കുകയില്ലായിരുന്നു. ബാക്കിയായത് കൊണ്ടു നന്മ ചെയ്തു പ്രവർത്തികളാലുള്ള നീതിയിൽ സംതൃപ്തി കണ്ടെത്തി സായൂജ്യം അടയുമായിരുന്നു.

സഹായം ചെയ്ത ഒരുപറ്റത്തിന്റെ നീണ്ടപട്ടിക കൈകളിൽ വച്ചു നിർവൃതി അടയുമ്പോഴാണ് കർത്താവിന്റെ ചോദ്യം ? നീ ഇത്രയുമൊക്കെ ചെയ്തവനല്ലേ

“സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും

അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും

നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ?

ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?

കാക്കകൂഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ

അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ ?”  (ഇയ്യോബ് 38 : 39-41 )

ഒന്നും തനിക്കു ചെയ്യുവാൻ കഴിയാതെ നിസ്സഹാവസ്ഥയിൽ നിൽക്കുമ്പോഴാണ് ദൈവശബ്ദത്തിനു നാം ചെവികൂർപ്പിക്കുന്നത്. ഇന്നലകളിലെ അനുഭവങ്ങൾ മനോമുകരത്തിലിട്ടു സ്വപ്നങ്ങൾ കാണുമ്പോൾ നിശബ്ദത തളം കെട്ടിനിൽക്കുന്ന അന്തരീക്ഷത്തിലാണ് ദൈവത്തിന്റെ ചോദ്യം “കരയുന്ന കാക്ക കുഞ്ഞുങ്ങൾ ഇരകിട്ടാതെ ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്റെ നിലവിളി മാറ്റുന്നത് നീ ആണോ” ?

 

ഞാൻ ഉഴുന്നുവട കൊടുക്കാത്ത നാലുമണികളിലും ഞാൻ മറികടന്നുപ്പോകുന്ന പക്ഷിക്കൂട്ടങ്ങൾ വിശപ്പടക്കുന്നുണ്ട്… വേറെ ആരൊക്കെയോ സുഖിയൻ വാങ്ങി അവറ്റകൾക്കു നൽകുന്നുണ്ട്. കൊത്തിപ്പറക്കുന്നതിനിടയിൽ  എന്നെ ഗൗനിക്കാത്തവയെ ഞാൻ അവഗണിച്ചു തിരിഞ്ഞു നടന്നാലും.

Br Shibu Daniel