Malayalam Article 2 – October 2023

ഒഴിഞ്ഞ കല്ലറകൾ

 

അത്ഭുതപൂർവ്വമായ മഹാ സംഭവത്തിലേക്കു നാം ഒന്ന് തിരിഞ്ഞു നോക്കുക. പെസഹ എന്ന പെരുന്നാളിന് യെരുശലേമിൽ വന്നു കൂടിയ ജനസമൂഹങ്ങൾ റോമൻ ആധിപത്യത്തിൽ നിന്നു യഹൂദ ജനതയെ മോചിപ്പിക്കുന്ന ഒരു രാജാവിൻ്റെ വരവിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. തങ്ങളെ വീണ്ടെടുക്കുന്ന രാജാവായിരിക്കും യേശു എന്നു അവർ കരുതി അതുകൊണ്ട് പ്രവാചകൻമാർ പറഞ്ഞിട്ടുള്ളത് പോലെ കഴുതക്കുട്ടിയുടെ പുറത്ത് കയറി യെരുശലേമിലേക്ക് വന്ന യേശുവിനെ അവർ ഉജ്ജ്വലമായ വരവേൽപ്പ് നൽകി. എന്നാൽ തൻ്റെ രാജ്യം ഐഹികമല്ല എന്നു കർത്താവ് പറഞ്ഞത് അവർ വിസ്മരിച്ചു. പുരോഹിതന്മാരും ജനപ്രമാണികളും യേശുവിനെ പിടികൂടി മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. യഹൂദന്മാരുടെ സാക്ഷാൽ വിമോചകനായിരുന്നെങ്കിൽ കർത്താവ് തൻ്റെ പ്രതിയോഗികളോട് അങ്കം വെട്ടി രാജ്യം സ്ഥാപിക്കുമായിരുന്നില്ലേ.?

 

ബന്ധനസ്ഥനായി മഹാപുരോഹിതൻ്റെ  മുൻപിൽ നിൽക്കുന്ന ഈ മനുഷ്യൻ സാക്ഷാൽ മിശിഹാ  ആയിരിക്കില്ല. അതുകൊണ്ട് “കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ “എന്ന് ആർത്തു വിളിച്ചവർ തന്നെ അവനെ ക്രൂശിക്കുക ക്രൂശിക്കുക എന്ന് വിളിച്ചുപറഞ്ഞു. അങ്ങനെ റോമൻ സുപ്രീംകോടതിയുടെ വിധി അനുസരിച്ച് യേശുവിനെ നിന്ദിക്കുകയും നിഷ്ഠൂരമായി അടിക്കുകയും ചെയ്തു. ഒടുവിൽ ക്രൂശിൽ തറച്ച്  കൊല്ലുകയും ചെയ്തു. ഇവർ ചെയ്തത് ഇവരോട് ക്ഷമിക്കണമെന്ന്  യേശു കുരിശിൽ കിടന്നുകൊണ്ട് പ്രാർത്ഥിച്ചു. ദൈവത്തിൻ്റെ ഉദാത്തമായ സ്നേഹത്തെ ഈ പ്രാർത്ഥനയിലൂടെ ലോകം ദർശിച്ചു. എന്നാൽ അവിടുത്തെ സ്നേഹത്തെ ക്രൂശിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. യേശു പ്രാണൻ വിട്ടു. തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യൻ മുന്നോട്ടു വന്ന്  ജഡം ഏറ്റുവാങ്ങി പാറ തുരുന്നുണ്ടാക്കിയ ഒരു പുതിയ കല്ലറയിൽ യേശുവിൻ്റെ ശരീര സംസ്കരിച്ചു. മൂന്നാം ദിവസം ഏതാനും സ്ത്രീകൾ അതിരാവിലെ കല്ലറക്കൽ എത്തി. കല്ലറ തുറന്നിരിക്കുന്നതായി കണ്ടു. കല്ലറയുടെ മൂടിക്കല്ല് ഉരുട്ടി നീക്കി അതിന്മേൽ ഒരു ദൈവദൂതൻ ഇരിക്കുന്നുണ്ടായിരുന്നു. നിങ്ങൾ അന്വേഷിക്കുന്ന യേശു മരിച്ചവരുടെ ലോകത്ത് നിന്ന് പുനരുത്ഥാനം ചെയ്തിരിക്കുന്നു. അവൻ ഇവിടെയില്ല എന്നു സ്ത്രീകളോട് പറഞ്ഞു.

 

എന്നെ വായിക്കുന്ന പ്രീയ സഹോദരങ്ങളെ യേശുവിൻ്റെ ഭൗതിക ശരീരത്തിനു കർമ്മങ്ങൾ ചെയ്യുന്നവർ ആയിരിക്കരുത്. നമ്മൾ ഒഴിഞ്ഞ കല്ലറകളെ പോലെയല്ല . ഓരോ മനുഷ്യൻ്റെയും  ഹൃദയങ്ങളാണ് ഉയർത്തെഴുന്നേറ്റ യേശുവിൻ്റെ പാർപ്പിടം. യേശുവിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാതെ മരിച്ചവരുടെ ലോകത്ത് നാം കർത്താവിനെ  തേടി അലയുന്നവർ ആകരുത്. നമ്മുടെ ദേവാലയങ്ങളും സഭയും സഭായോഗങ്ങളും   എന്നല്ല സുവിശേഷ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്ന സംഘടനകൾ പോലും ഒഴിഞ്ഞ കല്ലറകളായി പരിണമിച്ചിരിക്കയല്ലേ എന്നു നാം ആലോചിക്കേണ്ടതാണ്.

 

ഉയർത്തെഴുന്നേറ്റ ക്രിസ്തുവിൻ്റെ സാന്നിധ്യം ഇല്ലാത്ത ഏത് രംഗവും ഒഴിഞ്ഞ കല്ലറ മാത്രമായിരിക്കും.

 

Br. Aji Baby