Malayalam Article 2 – November 2023

ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല

 

വായനാഭാഗം  മത്തായി (7-22-23) “കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും”.

 

സഭയിൽ തന്നെ അവന്റെ നാമത്തിൽ ശുശ്രൂഷിക്കുകയും അവന്റെ ദാസന്മാരാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന അനേകരെ വാസ്തവത്തിൽ കർത്താവ് ഒരിക്കലും അറിഞ്ഞിട്ടില്ല എന്ന് ഊന്നി പറയുകയുണ്ടായി. അന്ത്യകാലത്തിന്റെ  വഞ്ചനയിൽ നിന്ന് രക്ഷപ്പെടുവാൻ ഏതൊരു സഭാ ശുശ്രൂഷക്കാരനും, വിശ്വാസിയും ദൈവവചനത്തിൽ വെളിപ്പെടുത്തിയിട്ടുള്ള സത്യത്തോടും നീതിയോടും സമ്പൂർണ്ണ പ്രതിബദ്ധതയുള്ളവർ ആയിരിക്കണം എന്നു മനസ്സിലാക്കണം. ‘”ശുശ്രൂഷയിലെ വിജയം'” കർത്താവുമായുള്ള ബന്ധത്തിന്റെ മാനദണ്ഡമായി കണക്കാക്കരുത്. ഒരു പ്രസംഗകൻ ക്രിസ്തുവിന്റെ നാമത്തിൽ സുവിശേഷം പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തേക്കാം. അതേസമയം അവനു സ്വയം ക്രിസ്തുവിന്റെ  രക്ഷയിലുള്ള വിശ്വാസം  ഇല്ലാതെയും ഇരിക്കാം എന്ന സത്യമാണ് യേശു ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. തീക്ഷ്ണതയേറിയ സുവിശേഷ പ്രസംഗം, നീതിക്കു വേണ്ടിയുള്ള ശുഷ്കാന്തി, അത്ഭുത പ്രവർത്തികൾ, ഈ കാലഘട്ടത്തിൽ സാത്താന്റെ  ശക്തിയിലും സ്വാധീനത്തിലും ചെയ്യുവാനും വെളിപ്പെടുത്തുവാനും കഴിയുമെന്ന് പൗലോസ് തന്റെ ലേഖനത്തിൽ പറയുന്നു. “സാത്താൻ താനും വെളിച്ച ദൂതന്റെ വേഷം ധരിക്കുന്നുവല്ലോ” ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയം ഇല്ല എന്ന് താക്കീത് നൽകുന്നു. ചില ശക്തിയേറിയ അഭിഷേകം പോലും സാത്താന്റെ പ്രവർത്തിയാകാം എന്ന് പൗലോസ് തിരുവചനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെയുള്ളവരുടെ സ്വഭാവം നിരീക്ഷിക്കുക അവർക്ക് കൃത്യനിഷ്ഠതയുള്ള പ്രാർത്ഥനാ ജീവിതം ഉണ്ടോ. ദൈവത്തോട് പരമാർത്ഥവും ശുദ്ധവുമായ ഭക്തി അവർ പ്രകടമാക്കുന്നുണ്ടോ. ആത്മാവിന്റെ ഫലം അവർ പ്രകടമാക്കുകയും പാപികളെ സ്നേഹിക്കുകയും തിന്മയെ വെറുത്ത് നീതിയെ സ്നേഹിക്കുകയും പാപത്തിനെതിരെ ശബ്ദം ഉയർത്തുകയും ചെയ്യുന്നുണ്ടോ? യഥാർത്ഥ ക്രിസ്തീയ നേതാക്കൾ  ക്രിസ്തുവിനെ ബഹുമാനിക്കുകയും, സഭയെ വിശുദ്ധികരണത്തിലേക്ക് നയിക്കുകയും, നശിച്ചു പോകുന്നവരെ രക്ഷിക്കുകയും, കർത്താവിന്റെയും അപ്പോസ്തോലന്മാരുടെയും സുവിശേഷത്തെ പ്രഘോഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യും. അവരുടെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും ഫലത്തെ കാണുമ്പോൾ നമുക്ക് അവരെ തിരിച്ചറിയുവാൻ സാധിക്കും. സുവിശേഷം പ്രസംഗിക്കുന്നവർ നീതിയുള്ളവർ ആയിരിക്കണം എന്ന് ദൈവമാഗ്രഹിക്കുന്നു. എങ്കിലും. ദുഷ്ടനോ, അധാർമ്മികനോ, ആയ  ഒരു വ്യക്തി ദൈവത്തിന്റെ വചനം പ്രസംഗിക്കുമ്പോൾ കർത്താവിനോടുള്ള സമർപ്പണത്തിൽ വചനം സ്വീകരിക്കുന്നവരുടെ ഹൃദയത്തിൽ പ്രവർത്തിക്കുവാൻ ദൈവത്തിന് കഴിയും. ദൈവം അനീതിയുള്ള ഒരു പ്രസംഗകനെയും ശരിവയ്ക്കുകയില്ല എന്നാൽ വേദ പുസ്തക സത്യത്തെയും വിശ്വാസത്താൽ അത് സ്വീകരിക്കുന്നവരെയും ദൈവം അംഗീകരിക്കുന്നു.