Malayalam Article 2 – July 2024

പ്രാർത്ഥനയാൽ ഉണ്ടാകുന്ന യോഗ്യത !

 

അയോഗ്യത മനുഷ്യനെ തലകുനിപ്പിക്കുന്നതും, നിരാശപ്പെടുത്തുന്നതും ആണ്. അയോഗ്യനാണ് എന്ന് അവസാന നിമിഷത്തിൽ അറിയുന്നത് ഏതൊരു വ്യക്തിക്കും ഹൃദയഭേദകം ആയിരിക്കും.

“ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നു പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ. (ലൂക്കൊസ് 21:36).

ഇംഗ്ലീഷ് ബൈബിളിൽ ഈ വാക്യം ഒന്നു നോക്കാം, “watch therefore, and pray  always that you may be counded worthy  to escape all these things that  will come to pass, and stand before the Son of Man”.( NKJV ).

ഇംഗ്ലീഷ് ബൈബിളിൽ “worthy” യോഗ്യത എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. “പ്രാപ്തി”  എന്ന പദം അല്ല.

ആകയാൽ പ്രാർത്ഥനയിലൂടെ നമുക്ക് ലഭിക്കുന്ന ചില യോഗ്യതകൾ ഈ വചനത്തിൽ നിന്നും ചിന്തിക്കാം.

പ്രാർത്ഥിക്കുന്ന മനുഷ്യന് പ്രാർത്ഥനയിലൂടെ ലഭിക്കുന്ന രണ്ട് യോഗ്യതകളാണ് ഇവിടെ നമുക്ക് കാണുവാൻ കഴിയുന്നത്.

  1. സംഭവിക്കാനുള്ള എല്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകുവാനുള്ള യോഗ്യത പ്രാർത്ഥന ജീവിതത്തിലൂടെ ഒരു മനുഷ്യന് ലഭിക്കുന്നു.

B.മനുഷ്യ പുത്രൻറെ മുമ്പിൽ നിൽക്കാനുള്ള യോഗ്യത.

മനുഷ്യപുത്രന്റെ വരവിന് മുന്നോടിയായി സംഭവിക്കേണ്ട എല്ലാറ്റിൽനിന്നും; ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന ദോഷങ്ങളിൽ നിന്നും നമ്മെ വിടുവിക്കുന്നത് പ്രാർത്ഥനയാണ്. ക്രിസ്തു വെളിപ്പെടുമ്പോൾ തിരുമുമ്പിൽ നിൽക്കാൻ പ്രാപ്തരാക്കുന്നതും പ്രാർത്ഥനാ ജീവിതമാണ്. നമ്മുടെ അപേക്ഷ ദൈവം കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു ( 1 യോഹന്നാൻ 5:14 ).

ഏദൻ തോട്ടത്തിൽ ദൈവം മനുഷ്യനോട് കൂട്ടായ്മക്ക് വന്നപ്പോൾ മനുഷ്യൻ ഓടിയൊളിച്ചത് പോലെ, ദൈവത്തോട് സംഭാഷിക്കേണ്ട മനുഷ്യൻ ദൈവസന്നിധിയിൽ നിന്നും,പ്രാർത്ഥനാ ജീവിതത്തിൽ നിന്നും ഓടി ഒളിക്കണം എന്നതാണ് സാത്താന്റെ ആഗ്രഹം. അങ്ങനെ ദൈവസന്നിധിയിൽ നമ്മെ അയോഗ്യരാക്കുക എന്ന ഒരു പദ്ധതിയും സാത്താനുണ്ട്.  പ്രാർത്ഥന ( ദൈവത്തോടുള്ള സംഭാഷണം ) ദൈവവുമായുള്ള നമ്മുടെ ബന്ധം വർദ്ധിപ്പിക്കും. ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയിലൂടെ ദൈവത്തോട് നിലനിർത്തുന്ന ബന്ധമാണ് മനുഷ്യപുത്രന്റെ പ്രത്യക്ഷതയിൽ തിരുമുമ്പിൽ നിൽക്കാൻ നമ്മെ യോഗ്യരാക്കുന്നത്. ആ നാളിലേക്ക് നമുക്ക് ധൈര്യവും പ്രത്യാശയും നൽകുന്നതും പ്രാർത്ഥനാ ജീവിതമാണ്.

യേശു ആശങ്കയോടെ ചോദിച്ചതും ഇതുതന്നെയാണ്. ലൂക്കൊസ് 18: 8 ” എന്നാൽ മനുഷ്യ പുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്ന് കർത്താവ് പറഞ്ഞു “. ഈ വചനം കർത്താവ് പറഞ്ഞത് മടുത്തു പോകാതെ എപ്പോഴും പ്രാർത്ഥിക്കണം എന്നുള്ളതിന് അവൻ അവരോട് ഒരു ഉപമ പറഞ്ഞു് (ലൂക്കൊസ്18:1) അവസാനിപ്പിക്കുമ്പോഴാണ് . കർത്താവ് ശങ്കിക്കുന്നത് തൻറെ വരവിങ്കൽ ഉപമയിൽ പറഞ്ഞിരിക്കുന്നത് പോലെ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നവരെ കാണുമോ എന്നതാണ്.

” പ്രാർത്ഥന” എന്ന, ദൈവവുമായി നമ്മെ ബന്ധിപ്പിക്കുന്ന മാധ്യമം നാം കാര്യക്ഷമമായി ഉപയോഗിക്കാത്ത പക്ഷം ; തിരുമുമ്പിൽ നിൽപ്പാൻ നാം അയോഗരായിതീരാം.  ” ഞാൻ നിങ്ങളെ ഒരു നാളും അറിയുന്നില്ല ”  എന്ന് കർത്താവ് ഒരിക്കലും നമ്മെ നോക്കി പറയാതിരിപ്പാൻ പ്രാർത്ഥനയിലൂടെ ദൈവവുമായുള്ള ബന്ധം ദൃഢപ്പെടുത്താം . തിരുമുമ്പിൽ നിൽക്കാൻ യോഗ്യരായി മാറാം.

ആവശ്യങ്ങൾക്കായി മാത്രം പ്രാർത്ഥിക്കുന്നവർ അല്ല, പ്രാർത്ഥന നമ്മുടെ ആവശ്യമായി മാറട്ടെ !

പ്രാർത്ഥനാ ജീവിതത്തിലൂടെ യോഗ്യന്മാരായി മാറാം ദൈവവുമായി ഒരു ഊഷ്മള ബന്ധം നിലനിർത്താം.

 

Pr James Alexander, Ernakulam