Malayalam Article 2 – January 2024

ഞാൻ അറിയുന്ന യേശു എന്നെ അറിയുന്നുണ്ടോ ?

 

വായനാഭാഗം : മത്തായി 7:23  “ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.”

 

നമ്മുടെ ദൈവം എല്ലാം അറിയുന്ന ദൈവമാണ്. കർത്താവ് അറിയാത്ത ഒരു കാര്യവും ഇല്ല. കാരണം ദൈവം സർവ്വവ്യാപിയും, സർവ്വ ശക്തനും സർവ്വ ജ്ഞാനിയുമാണ്. നൂറ്റിമുപ്പൊത്തൊമ്പതാം സങ്കീർത്തനം നമ്മെ അറിയുന്ന ദൈവത്തെക്കുറിച്ചാണ് പറയുന്നത് : യഹോവേ നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു…. അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.

മത്തായി 16:13-20 യേശുവിനെ പത്രോസും അറിഞ്ഞു, പത്രോസിനെ യേശുവും അറിഞ്ഞു. അതാണ് ക്രിസ്തീയ ജീവിതത്തിന്റെ വിജയം. ജനം മനുഷ്യപുത്രനെ കുറിച്ചു പലതും പറയും. ചിലർ യോഹന്നാൻ സ്നാപകൻ എന്നും, മറ്റു ചിലർ ഏലീയാവെന്നും, വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നൊക്കെ പറയും. എന്നാൽ ശീമോൻ പത്രോസിനു ഒരു വെളിപ്പാട് കിട്ടി ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു’. യേശു അവനോടു: ബർയോനാ ശീമോനെ നീ ഭാഗ്യവാൻ, ജഡരക്തങ്ങൾ അല്ല സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയത്.

പുതിയ നിയമ വിശ്വാസിക്കു ലഭിക്കേണ്ട വെളിപ്പാട് യേശുവിനെക്കുറിച്ചാണ്. നാം ആയിരിക്കുന്ന കാലം ഒരു വല്ലാത്ത കാലമാണ്. അന്ത്യകാലമാണ്. നമ്മുടെ തലമുറ ക്രിസ്തു വിശ്വാസത്തിൽ ഉറച്ചു നിൽക്കട്ടെ. ഈ ലോകത്തിലെ അറിവുകൾ കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസത്തിലൂടെ കൊടുക്കുവാൻ നാം പരിശ്രമിക്കുന്നതുപ്പോലെ യേശുവിനെക്കുറിച്ചുള്ള അറിവിലും പരിജ്ഞാനത്തിലും വളരുവാൻ ദൈവകൃപ എല്ലാവരിലും ലഭിക്കട്ടെ.

പത്രോസ് യേശുവിനെ അറിഞ്ഞു. യേശു പത്രോസിനെയും അറിഞ്ഞു എങ്കിലും പത്രോസ് യേശുവിന്റെ ക്രൂശീകരണ നാഴികയിൽ ‘ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളി പറയുന്നു. (ലൂക്കോസ് 22:54-61) വലിയ വെളിപ്പാടു ലഭിച്ചവൻ മൂന്നുവട്ടം തള്ളിപ്പറയുന്നു. വഞ്ചനയുടെ ചുംബനം കൊണ്ടു യൂദാ യേശുവിനെ ഒറ്റിക്കൊടുത്തു. കുറ്റബോധത്താൽ ആത്മഹത്യ ചെയ്തു. എന്നാൽ പത്രോസ് പാപബോധത്താൽ അനുതപിച്ചു മടങ്ങി വന്നു. ഒടുവിൽ പത്രോസ് മൂന്നുവട്ടം പറയുന്ന ഒരു കാര്യം ഉണ്ട് “കർത്താവേ, നീ സകലവും അറിയുന്നു”. (യോഹന്നാൻ 21: 15-17)

ഈ ലോകത്തിൽ ആയിരിക്കുന്ന നാം കാര്യങ്ങളെ അറിയുന്നതു പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. കണ്ണു കൊണ്ടു കണ്ടറിയുന്നു, മൂക്കു കൊണ്ടു മണത്തറിയുന്നു, നാക്കുകൊണ്ട് രുചിച്ചറിയുന്നു, ചെവികൊണ്ടു കേട്ടു അറിയുന്നു, ത്വക്കു കൊണ്ടു സ്പർശിച്ചറിയുന്നു. എന്നാൽ ഒരു ദൈവപൈതൽ ദൈവത്തെ അറിയുന്നതു വിശ്വാസത്താലാണ്. ‘വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു’. (എബ്രായർ 11:1)

ദൈവവചന പ്രകാരം “അറിയുക” എന്നതിനു എബ്രായ ഭാഷയിൽ ‘യാദ്’ തിരിച്ചറിയുക എന്നതും, ‘ഗിനോസ്കൊ’ അനുഭവിച്ചറിയുക എന്നുമാണ് പഠിപ്പിക്കുന്നത്. ഉല്പത്തി പുസ്തകത്തിൽ നാം വായിക്കുന്നത് ആദം ഗാഢനിദ്രയിൽ നിന്നും ഉണർന്നപ്പോൾ തക്ക തുണയായ ഹവ്വയെ തിരിച്ചറിഞ്ഞു.   ദൈവത്തെക്കുറിച്ചു തിരിച്ചറിവും, അനുഭവിച്ചറിവും ഉണ്ടാകേണം. യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ. പന്ത്രണ്ടു വർഷമായി രക്തസ്രാവക്കാരി സ്ത്രീ യേശുവിന്റെ വസ്ത്രം തൊട്ടു. ബാധ മാറി താൻ സ്വസ്ഥമായി എന്നു അവൾ ശരീരത്തിൽ അനുഭവിച്ചറിഞ്ഞു. (മർക്കോസ് 5:25-34) “ഇതാ സാക്ഷാൽ യിസ്രായേല്യൻ, ഇവനിൽ കപടം ഇല്ല” യേശു നഥനയേലിനെ അറിഞ്ഞു. നഥനയേൽ യേശുവിനെയും അറിഞ്ഞു ‘റബ്ബി, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവ്… (യോഹന്നാൻ 1: 46-51)

യെശയ്യാവ്‌ 1:2-9 “ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല.”

ശമര്യക്കാരി സ്ത്രീ യേശുവിനെ അറിഞ്ഞു ‘നീ യെഹൂദൻ’ എന്ന്. എന്നാൽ യേശുവുമായുള്ള സംസാരത്തിൽ അവൾക്കു യേശു ആരാണെന്നു വ്യക്തമായി മനസ്സിലായി. നീ യെഹൂദൻ, യജമാനൻ, പ്രവാചകൻ… സ്ത്രീ അവനോടു മിശിഹാ എന്നു വച്ചാൽ ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. (യോഹന്നാൻ 4:1-26) ശമര്യക്കാരി സ്ത്രീയെ യേശുവും നല്ലതുപോലെ മനസ്സിലാക്കി. ഒടുവിൽ അവൾ യേശുവിന്റെ സാക്ഷിയായി.

എന്നാൽ ഇവിടെ യേശുവിന്റെ നാമത്തിൽ “ഹീലിംഗ് മിനിസ്ട്രി” ചെയ്തവരെക്കുറിച്ചു യേശുപ്പറയുന്നതു ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല എന്നാണ്. എന്താണ് അതിന്റെ കാരണം? അവർ പിതാവിന്റെ ഇഷ്ടം ചെയ്തില്ല എന്നുള്ളതാണ് അതിന്റെ അർഥം. യേശുവിന്റെ നാമത്തിൽ പ്രവചിച്ചു. ഭൂതങ്ങളെ പുറത്താക്കി. വീര്യപ്രവർത്തികൾ ചെയ്തു. എല്ലാം ശരിയാണ്. ഇത്രയൊക്കെ ചെയ്തിട്ടും കർത്താവിന്റെ മറുപടി ഞാൻ നിങ്ങളെ അറിയുന്നില്ല എന്നാണ്. വചനങ്ങളെ കേട്ടു ചെയ്യുന്നവനാണ് പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന ബുദ്ധിയുള്ള മനുഷ്യനോട് തുല്യനായവൻ. ഹീലിംഗ് മിനിസ്ട്രയോടൊപ്പം വചനപഠനത്തിനു സമയം ചിലവഴിക്കാം. വചനം പ്രസംഗിക്കാം. വചനപ്രകാരം ജീവിക്കാം. ക്രിസ്തിയ ജീവിതം വചനത്തിന്റെ അടിസ്ഥാനത്തിൽ പണിതുയർത്താം. ഞാൻ അറിയുന്ന യേശു എന്നെ അറിയുന്നുണ്ടോ എന്നു ആത്മപരിശോധന നടത്താം. (മത്തായി 7: 15-27) ദൈവം നമ്മെ ഒരുമിച്ചു അനുഗ്രഹിക്കട്ടെ.

 

Pastor C M Mathew ( MFGC Alapuhza)