Malayalam Article 2 – December 2023

ജയോത്സവം

 

വായനാഭാഗം 2 കൊരിന്ത്യർ 2 : 14 – “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.”

 

ഒരിക്കൽ ഒരു രാജാവു യുദ്ധം കഴിഞ്ഞു മടങ്ങിവന്ന പടയാളികളെ പരിശോധിച്ചു. മുറിവുകളും പരുക്കുകളും ഉള്ള ധാരാളം പടയാളികളെ കണ്ടു. അവരെ മുൻഭാഗത്തു പരുക്കേറ്റവരും പിൻഭാഗത്തു പരുക്കേറ്റവരുമായി രണ്ടായി വേർതിരിച്ചു.  മുൻഭാഗത്തു പരുക്കേറ്റവരെ രാജാവ് അഭിനന്ദിക്കുകയും, സമ്മാനങ്ങൾ നൽകുകയും തുടർന്നുള്ള ചികത്സയ്ക്കും മറ്റുമായുള്ള ക്രമീകരണങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു. പിൻഭാഗത്തു പരുക്കേറ്റവരെ കൊന്നുകളയുവാൻ ഉത്തരവിട്ടു. കാരണം അവർ പിന്തിരിഞ്ഞു ഓടിയവരായതിനാലാണ് അവർക്കു പിൻഭാഗത്തു പരിക്കേറ്റത്. ക്രിസ്തിയ ജീവിതം വിജയത്തിന്റെതാണ്. മരണം മുൻപിലുണ്ടെങ്കിലും യുദ്ധം ചെയ്തു മുൻപോട്ടു പോകുക.

“യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കി

യുദ്ധം ചെയ്യും ഞാൻ യേശുവിനായി

ജീവൻ വച്ചിടും രക്ഷകനായി

അന്ത്യശ്വാസം വരെയും ”

 

എബ്രായ ഭാഷയിൽ “യാഷ” എന്ന ക്രിയാപദമാണ് ജയം എന്നു മലയാള ബൈബിളിൽ വിവർത്തനം ചെയ്തിരിക്കുന്നത്. ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ശത്രുവിന്റെ മേലുള്ള ആധിപത്യവും വിജയവുമാണ് “യാഷ”

പരീക്ഷകൾ ആണ് ഒരു വ്യക്തിയെ വിജയത്തിൽ എത്തിക്കുന്നത്. ജീവിതത്തിൽ കടന്നുവരുന്ന പരീക്ഷകളെ ജയിക്കുവാൻ പരിശുദ്ധാത്മാവ് നമുക്കു ബലം നൽകുന്നു. യേശുവിന്റെ പരീക്ഷയും പിശാചിനെ ജയിച്ചതും നമുക്കു പാഠമാണ്. പകലും നക്ഷത്രങ്ങൾ ഉണ്ട്. എന്നാൽ സൂര്യന്റെ ശക്തമായ വെളിച്ചം നിമിത്തം നമുക്കു കാണുവാൻ കഴിയുന്നില്ല. എന്നാൽ നക്ഷത്രങ്ങളെ കാണണം എങ്കിൽ ഒരു രാത്രി കടന്നു വരണം. ജീവിതത്തിൽ കടന്നു വരുന്ന പരീക്ഷയുടെ ഇരുളുകൾ  തലയ്ക്കു മുകളിൽ ആയിരം, ആയിരം നക്ഷത്രങ്ങളെ കാണുവാൻ കാരണമാകുന്നു. പരീക്ഷകളിലൂടെ വിജയത്തിന്റെ പുതിയ പുതിയ അനുഭവങ്ങൾ ഒരു ദൈവപൈതൽ കാണുന്നു.

ദൃശ്യസഭകളിൽ വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട്. വെളിപ്പാട് പുസ്തകത്തിൽ ഏഴു സഭകൾക്കുള്ള സന്ദേശം കർത്താവിന്റെ വരവുവരെയുള്ള ദൈവസഭയ്ക്കു ഉള്ളതാണ്. അവിടെ ഏഴു സഭകൾക്ക് യേശു ക്രിസ്തു നൽകുന്ന സന്ദേശം ജയിക്കുന്നവരാകുക എന്നതാണ്.

എന്തിനു ജയിക്കണം ?

  1. ക്രിസ്തുവിൽ നിന്നു നമ്മെ അകറ്റുന്ന എല്ലാറ്റിനെയും ജയിക്കുക. അതു വസ്തുക്കളോ, വ്യക്തികളോ, സംവിധാനങ്ങളോ, പഠിപ്പിക്കലുകളോ ആകാം. ക്രിസ്തുവിന്റെ സ്‌നേഹത്തിൽ നിന്നു ഞങ്ങളെ വേർതിരിക്കുന്നതാർ? കഷ്ടതയോ സങ്കടങ്ങളോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ? നമോ നമ്മെ സ്‌നേഹിച്ചവൻ മുഖാന്തിരം ഇതിലൊക്കെ പൂർണ്ണജയം പ്രാപിക്കുന്നു. (റോമർ 8: 37)
  2. ലോകത്തെ ജയിക്കുക

ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് എങ്കിലും ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു. ലോകത്തെ ജയിച്ച ജയമോ നിങ്ങളുടെ വിശ്വാസം തന്നെ. (യോഹന്നാൻ 16: 33 , 1 യോഹന്നാൻ 5:4) ലോകത്തിന്റെ തെറ്റായ വ്യവസ്ഥിതികളെയും ശൈലികളെയും നാം ജയിക്കണം.

  1. തിന്മയെ ജയിക്കുക.

തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമർ 12:21)ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ. (1 പത്രോസ് 4:9)

  1. ദുഷ്ടനെ ജയിക്കുക

ദൈവവചനം നമ്മിൽ വസിച്ചാൽ നാം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ജയത്തിന്റെ കൊടി ഉയർത്തുവാൻ ദൈവം നമ്മെ സഹായിക്കും. (1 യോഹന്നാൻ 2:4) രാപ്പകൽ പ്രവർത്തിക്കുന്നവനാണ് പിശാച്. നേരിട്ടും അല്ലാതെയും ദൃശ്യമായതും അദൃശ്യമായും പോരാടുന്നവനാണ് സാത്താൻ. സഭ ജാഗ്രതയോടു മുന്നേറുകയാണ് വേണ്ടത്. രാപ്പകൽ സഹായിക്കുവാൻ   പരിശുദ്ധാത്മാവ് നമ്മോടു കൂടെയുണ്ട്. നമ്മിലുണ്ട്.

  1. മരണത്തെ ജയിക്കുക

യേശുക്രിസ്തു മരണത്തെ ജയിച്ചു. ആ ജയം നമുക്കും അവകാശപ്പെട്ടതാണ്. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. “ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. (1 കൊരി 15: 53-57)  ജയിക്കുന്നവർക്കു കർത്താവു വ്യത്യസ്ത തരത്തിലുള്ള പ്രതിഫലങ്ങളും കിരീടങ്ങളും വാഗ്‌ദത്തം ചെയ്തിരിക്കുന്നു. ആമേൻ.

 

Pr. C.M. Mathew (MFGC Alappuzha)