MALAYALAM ARTICLE – 1 September 2023

രാജാക്കന്മാരും പുരോഹിതന്മാരും

വായനാഭാഗം:- വെളിപ്പാട് -1:6 
“നമ്മെ സ്‌നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായാവനു എന്നന്നേക്കും മഹത്വവും ബലവും; ആമേൻ.”

 

മനുഷ്യൻ നഷ്ട്ടപെട്ടവനും നഷ്ടപ്പെടുത്തിയവനും ആയിരുന്നു. ആദാമിൽക്കൂടി മനുഷ്യനു സകലതും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ക്രിസ്തുവിൽ കൂടി മനുഷ്യനു സകലവും നൽകപ്പെട്ടിരിക്കുന്നു. ഏദൻ മനുഷ്യനു നഷ്ട്ടപ്പെട്ട ഇടമായി തീർന്നപ്പോൾ, കാൽവറിയിൽ മനുഷ്യനു ലഭ്യമാക്കപ്പെട്ട ഇടമായിത്തീർന്നു. ആദാമിന്റെ അനുസരണക്കേടിനാൽ മനുഷ്യനു വിലയേറിയതു നഷ്ടപ്പെടുകയും മരണത്തിനു ഇരയായിത്തീരുകയും ചെയ്തപ്പോൾ, ക്രിസ്തുവിന്റെ അനുസരണത്താൽ മനുഷ്യനു വിലയേറിയതു ലഭിക്കുകയും സമൃദ്ധമായ ജീവനു ഉടമയായിത്തീരുകയും ചെയ്തിരിക്കുന്നു. പുത്രൻ അടിമയായി രൂപാന്തരപ്പെട്ടെങ്കിലും ദൈവസ്‌നേഹത്തിന്റെ ആഴമേറിയ കരുണയാൽ അടിമ പുത്രനാക്കപ്പെട്ടിരിക്കുന്നു. ഇന്നു പുത്രൻ രാജ്യവും രാജാവും പുരോഹിതനുമായി ആക്കിവെക്കപ്പെട്ടിരിക്കുന്നു.

രാജപദവിയും സ്ഥാനവും പുരോഹിത പദവിയും ശുശ്രൂഷയും ത്യജിച്ചവരും നഷ്ടപ്പെടുത്തിയവരും  നഷ്ട്ടപ്പെട്ടവരുമായ അനേകർ ഭൂമിയിലുണ്ട്. സാധാരണ രീതിയിൽ രാജകുടുംബത്തിൽ ജനിച്ചവർ രാജാവാക്കപ്പെടും, പുരോഹിത കുടുംബത്തിൽ ജനിച്ചവർ പുരോഹിതരാക്കപ്പെടും. എന്നാൽ എല്ലാവരും അങ്ങനെ ആകില്ല. ദാവീദിന് എട്ടു സഹോദരന്മാർ ഉണ്ടായിരുന്നുവെങ്കിലും താൻ മാത്രമേ രാജാവാക്കപ്പെട്ടുള്ളു. തന്റെ മേൽ മാത്രമേ അഭിഷേകതൈലം ഒഴിക്കപ്പെട്ടുള്ളു.

 

ദാവീദിന് പുത്രന്മാർ പലർ ഉണ്ടായിരുന്നുവെങ്കിലും അവരിൽ ചിലരെല്ലാം രാജസ്ഥാനം മോഹിച്ചിരുന്നുവെങ്കിലും ശലോമോനു മാത്രമാണ് രാജസ്ഥാനം ലഭിച്ചത്. ഒരുവനു ദൈവകൃപയാൽ ലഭിക്കുന്ന ഈ പദവിയും ശുശ്രൂഷയും ദൈവാശ്രയത്താലും നീതിപ്രവർത്തിയാലും, അനുസരണത്താലും ബലപ്പെടുന്നതും സ്ഥിരപ്പെടുന്നതുമാണ്. ഈ തിരഞ്ഞെടുപ്പിലേക്ക്, ഭാഗ്യപദവിയിലേക്കു ഏകരായി വിളിക്കപ്പെട്ടവർക്കായി സ്തോത്രം. പലരുണ്ടായിട്ടും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും തിരഞ്ഞെടുത്തിരിക്കുന്നു. വിശ്വസ്തരാകുക.

ദൈവം രാജസ്ഥാനവും മാനവും ആദാമിനു കൊടുത്തിരുന്നു. ആദാം പാപരഹിതനായി ദൈവസാദൃശ്യത്തിലും സ്വരൂപത്തിലും തേജസ്സിന്റെ പ്രഭയിലും രാജാവായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

(ഉൽപ്പത്തി 1:26) അവന്റെ അധികാര സീമയ്ക്കു അളവില്ലായിരുന്നു.(സങ്കീർത്തനം 8:5) ആദാം പാപം ചെയ്തതിന്റെ ഫലമായി അവനിലുണ്ടായിരുന്ന ദൈവതേജസ്സും രാജത്വവും അവനു നഷ്ട്ടപ്പെട്ടു. അവൻ പാപത്തിന്റെ ശമ്പളമായ മരണത്തിനു വിധിക്കപ്പെടുകയും, ദുഷ്ടന്റെ അധിനതയിൽ ആയിത്തീർന്നു അടിമയായി ദൈവഭവനത്തിൽ നിന്നു, രാജ്യത്തിൽ നിന്നു പുറത്തു പോകേണ്ടി വന്നു. (ഉൽപ്പത്തി 3:23)

എന്നാൽ ആദാമ്യ വർഗ്ഗത്തെ മടക്കിയെടുത്തു പുത്രത്വവും രാജത്വവും നൽകി തന്റേതാക്കിത്തീർക്കുവാൻ പിതാവാം ദൈവം ക്രിസ്തുവിൽ പരിഹരിച്ച പ്രവർത്തിയാണ് ക്രൂശിൽ നടന്നത്. “നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തു.(വെളിപ്പാട് 1:6)പ്രീയരെ, നാം ഓരോരുത്തരും ഇന്നു രാജാധിരാജാവും മഹാപുരോഹിതനുമായ യേശുക്രിസ്തുവിന്റെ അധികാരത്തിൻ കീഴിൽ ഓരോ രാജാക്കന്മാരും പുരോഹിതന്മാരുമാണ്. ഈ ഭാഗ്യപദവികളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.

രാജത്വ പദവി ദൈവം ആദാമിനു ശേഷം മനുഷ്യക്കാർക്കും നൽകി കൊടുത്തിരുന്നില്ലായെങ്കിലും യിസ്രായേലിന്റെ കരച്ചിൽ പ്രകാരം ജാതികളുടെ മര്യാദ പ്രകാരം അവർ ചോദിച്ച ഒരു രാജാവിനെ ശമുവേൽ പ്രവാചകൻ മുഖാന്തരം അവർക്കു അനുവദിച്ചു. എങ്കിലും ആ രാജത്വവും തകർന്നുപോയി. മോശെമുഖാന്തരം ലേവി ഗോത്രത്തിനു മാത്രം പൗരോഹിത്യം നൽകി കൊടുത്തിരുന്നുവെങ്കിലും അതും തകർന്നുപോയി. നിത്യരാജാവും നിത്യപുരോഹിതനുമായി കർത്താവായ യേശുക്രിസ്തു ഭൂമിയിൽ വെളിപ്പെട്ടു. ആ രാജകീയ പുരോഹിത വർഗ്ഗമായി, തന്റെ ക്രൂശുമരണത്തിൽ വിശ്വസിക്കുന്നവരെയും, തന്നിൽ ആയിത്തീരുന്നവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. ക്രിസ്തുവിൽ ആദാമ്യപാപം പരിപൂർണ്ണമായി പരിഹരിച്ചശേഷം ആദാമിൽ നഷ്ടപ്പെട്ടുപോയ രാജത്വപദവി പുതിയ മനുഷ്യനിൽ സ്ഥാപിക്കുകയും തന്നിൽ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന പ്രവാചക പുരോഹിത ശുശ്രൂഷയും മനുഷ്യന് നല്കിതരികയും ചെയ്തിരിക്കുന്നു. ഇന്നു ഒരു ദൈവപൈതലിനെ ദൈവം തനിക്കു രാജ്യവും രാജാവും പുരോഹിതനും ആക്കിവച്ചിരിക്കുന്നു.

 

നമ്മെ ക്രിസ്തുവിലൂടെ രക്ഷിച്ചപ്പോൾ തന്നെ ഒരിക്കലായി രാജാക്കന്മാരും പുരോഹിതന്മാരുമായി അഭിഷേകം ചെയ്തിരിക്കുന്നു. തന്നെയുമല്ല, നമ്മെ തനിക്കു രാജ്യമായും ആക്കിയിരിക്കുന്നു.
കൂടപ്പിറപ്പുകളെ, ദൈവം നമ്മെ പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തിരിക്കുകയാൽ നാം വിലയേറിയ പൗരത്വത്തിനും, രാജത്വപദവിക്കും , പുരോഹിത ശുശ്രൂഷയ്ക്കും ആയി വാഴിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു യേശുവിൽ ആത്മാവിനെ അനുസരിച്ചു വിജയജീവിതം നയിക്കുന്ന ഏവർക്കും ഇന്നു അവർ രാജാക്കന്മാരാകയാൽ അന്ധകാര ശക്തികളുടെമേൽ അധികാരം പ്രയോഗിക്കുവാൻ അവകാശമുണ്ട്.  വാഴ്ചകൾ, അധികാരങ്ങൾ, അന്ധകാരത്തിന്റെ ലോകാധിപധികൾ സ്വർലോകത്തിലെ ദുഷ്ടാത്മസേനകൾ എന്നിവയിലുമൊക്കെ വാഴുവാൻ ഇടയാകുന്നവനാകേണം ഒരു പുതിയനിയമ വിശ്വാസി. പിശാചിനെ ധൈര്യത്തോടെ എതിർക്കുകയും അഭിഷേകത്താൽ അവനോടു പോരാടുകയും ചെയ്താൽ അവൻ നമ്മെ വിട്ടു ഓടിപ്പോകും.

 

Pr. Anil Abraham (MFGC Abu Dhabi)