Malayalam Article 1 – October 2023

നാം ഗ്രഹിച്ചറിയുന്നത് എന്താണ്?

വായനാഭാഗം യിരേമ്യാവ് – 9:24  “പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്ന ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.”

എന്തു ചെയ്യണം, എന്തു ചെയ്യരുതു എന്നു തിരിച്ചറിയുന്നവനാണ് ദൈവഭയമുള്ള മനുഷ്യൻ. താഴ്മയും ദൈവഭക്തിയുമുള്ള ഒരു വിശ്വാസി തൻ്റെ ജീവിതത്തിൽ എപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കുന്നവനായിരിക്കണം. ശരിക്കും പറഞ്ഞാൽ, അവൻ എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നൊക്കെ അവനല്ല നിശ്ചയിക്കുന്നത്, അവൻ്റെ ദൈവമാണ് തീരുമാനം എടുക്കുന്നത്. അത് ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നുള്ളത് മാത്രമാണ് ഭക്തനു ചെയ്യുവാനുള്ളത്. എങ്ങനെയാണു ദൈവീക തീരുമാനങ്ങൾ നാം തിരിച്ചറിയുന്നത്? ദൈവവചന കേൾവിയിലൂടെയും വായനയിൽ കൂടിയുമാണ് ഒരുവനു  ഇതു മനസ്സിലാക്കി പ്രവർത്തിക്കുവാനാകുന്നത്. ഇവിടെ ഈ വാക്യത്തിൽ കൂടി അങ്ങനെയൊരു കാര്യം വ്യക്തമാക്കുന്നു. വിശ്വാസികളായ ദൈവമക്കൾക്കൊരു മുന്നറിയിപ്പ് ഇവിടെ കൊടുക്കുന്നു. ധനത്തിലും ബലത്തിലും ജ്ഞാനത്തിലുമൊക്കെ പ്രശംസിക്കുവാൻ ആഗ്രഹിക്കുന്നവർ എന്തിൽ പ്രശംസിക്കരുതെന്നും, എന്തിൽ പ്രശംസിക്കേണമെന്നും ദൈവവചനം വ്യക്തമാക്കുന്നു. “ജ്ഞാനി തൻ്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്, പ്രശംസിക്കുന്നവനോ; യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളത്.”
നാം നമ്മുടെ ബലത്തിലോ, ജ്ഞാനത്തിലോ, ധനത്തിലോ പ്രശംസിക്കുന്നവരെങ്കിൽ അതു നിഗളമനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ബലം നമുക്കു നൽകുന്നത് ദൈവം തന്നെയാണ്. എന്നാൽ പലർക്കും ബലം എന്നത് പലതാണ്. ചിലർക്കു ആരോഗ്യം, ചിലർക്കു സൗന്ദര്യം, ചിലർക്ക് വിദ്യാഭ്യാസം, ചിലർക്ക് പാരമ്പര്യം, മക്കൾ അങ്ങനെപോകുന്നു ആ നീണ്ട നിര. ഇതൊക്കെ ദൈവാനുഗ്രഹത്താൽ നമുക്ക് ഉണ്ടാകുമ്പോൾ അറിയാതെ പോലും നിഗളമനോഭാവികളാകരുത്. ദൈവത്തിൽ മാത്രം ആശ്രയിക്കുകയും പുകഴുകയും ചെയ്യുകയാണെങ്കിൽ നാം കൂടുതൽ ദൈവകൃപയാൽ ബലപ്പെടുവാനും ബലം നമ്മിൽ നിലനിർത്തപ്പെടുവാനും ഇടയായിത്തീരും. നമുക്കുള്ളതെല്ലാം നമ്മുടെ കഴിവുകൊണ്ടോ മിടുക്കുകൊണ്ടോ പ്രയത്നം കൊണ്ടോ നേടിയതല്ല. യഹോവയായ ദൈവം തൻ്റെ ദയകൊണ്ടും ന്യായം കൊണ്ടും നീതികൊണ്ടും പ്രവർത്തിച്ചതുകൊണ്ടു ഉണ്ടായതാണെന്ന് ഗ്രഹിച്ചറിഞ്ഞു അതിൽ പ്രശംസിക്കേണം. നാം ഇങ്ങനെ ചെയ്യുന്നുവെങ്കിൽ ദൈവം നമ്മിൽ പ്രസാദിക്കും. നമ്മുടെ ഹൃദയത്തിൽ പോലും മറിച്ചു ഒരു ചിന്തയുണ്ടാവുകയോ ഉയരുകയോ ചെയ്യുവാൻ അനുവദിക്കരുത്.

ആവർത്തനപുസ്തകത്തിൽ പറയുന്നത് “എൻ്റെ ശക്തിയും എൻ്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്ന് നിൻ്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം” എന്നാണ്. (ആവർത്തനം 8:17 )
ബലം പ്രാപിച്ചവരായ ദൈവമക്കൾ തങ്ങളുടെ സർവ്വമഹത്വവും ദൈവത്തിനു അർപ്പിച്ചുകൊണ്ട് ദൈവത്തെ ശക്തമായി ആരാധിക്കുകയും ദൈവവചനം അനുസരിക്കുകയും എപ്പോഴും ദൈവത്തിൽ ആശ്രയിച്ചുകൊണ്ടുള്ള ഒരു ജീവിത നിലവാരം ഒരുക്കിയെടുക്കുന്നവരുമാകേണം. “ജാതികളുടെ കുലങ്ങളെ, യഹോവയ്ക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവയ്ക്കു കൊടുപ്പിൻ.” (സങ്കീർത്തനം 96 :7 )

കൂടപ്പിറപ്പുകളെ, ഇന്നു നാം ദൈവത്തിൽ ബലപ്പെട്ടിരിക്കുന്നവരാകാം. നാം നമ്മുടെ ബലത്തിൽ സന്തോഷിക്കുന്നവരുമാകാം. എന്നാൽ നമ്മുടെ ബലം നമ്മുടെ കഴിവുകൊണ്ടുള്ളതല്ല. ദൈവത്തിൻ്റെ നീതിയുടെയും ദയയുടെയും ന്യായത്തിൻ്റെയും പ്രവർത്തിയാണ്. അതുകൊണ്ടു ദൈവത്തിൻ്റെ പ്രവർത്തി എന്ന് ഗ്രഹിച്ചറിയുന്നതിൽ പ്രശംസിക്കുവാൻ നമുക്ക് ഇടയാകുന്നുവെങ്കിൽ നമ്മുടെ ദൈവത്തിനു അത് പ്രസാദകരമാണ്. നാം ബലപ്പെട്ടിരിക്കേണം, ബലമുള്ളവരാകേണം എന്നു ദൈവം ആഗ്രഹിക്കുന്നു. നാം ദൈവത്തിൽ മാത്രം ആശ്രയം വച്ചവരെങ്കിൽ ദൈവം നമ്മെ ബലപ്പെടുത്തുകതന്നെ ചെയ്യും. നാം ബലപ്പെട്ടു കഴിയുമ്പോൾ നമ്മിൽ ഉളവാകേണ്ട കാര്യം ദൈവത്തിൻ്റെ പ്രസാദമാണ്. അത് നമ്മിൽ ഉണ്ടാകുന്നതു, നാം ദൈവപ്രവർത്തി എന്തെന്ന് ഗ്രഹിച്ചറിയുന്നതിനാലും, ദൈവത്തിനു നമ്മുടെ മഹത്വവും ബലവും അർപ്പിക്കുന്നതിനാലും ആണ്. അതിനു നമ്മുടെ ജീവിതത്തിനു കഴിയുന്നുണ്ടോ എന്നു പരിശോധിച്ചറിയുക. ബലം മാത്രം പോരാ, ദൈവപ്രസാദവും നമ്മുടെ ജീവിതത്തിൽ നാം പ്രാപിക്കേണം.

 

Pr. Anil Abraham (MFGC Abu Dhabi)