Malayalam Article 1 – November 2023

ഇപ്പോൾ കണ്ടതിനേക്കാൾ വലിയത് കാണുവാനുണ്ട്

വായനാഭാഗം – സങ്കീർത്തനങ്ങൾ  27 : 3  “ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും”.

 

ജീവിതത്തിൽ  ദൈവാശ്രയം വച്ചു പുലർത്തുന്ന ഒരു ഭക്തൻ, തന്റെ അകക്കണ്ണ് തുറന്നു കാണുന്ന ഒരു കാഴ്ചയാണ് തനിക്കു ചുറ്റും ഉള്ള ദൈവീക സംരക്ഷണവും കാവലും. അതു അവൻ തന്റെ ഉറച്ച വിശ്വാസത്തിന്റെയും ബോധ്യത്തിന്റെയും വെളിച്ചത്തിൽ വിളിച്ചു പറയുകയും ചെയ്യും. അതു തന്നെയാണ് സങ്കീർത്തനക്കാരൻ ഇവിടെ ഉറക്കെപ്പറയുന്നതും. എന്റെ നേരെ പാളയമിറങ്ങുന്ന സൈന്യത്തിനു എന്റെ ഹൃദയത്തെ ഭയപ്പെടുത്തുവാൻ സാധിക്കുകയില്ല. എനിക്കു നേരിടുന്ന യുദ്ധങ്ങളിൽ ഞാൻ നിർഭയനായിരിക്കും. ദൈവം അറിയാതെ തന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യമാണ് സങ്കീർത്തനക്കാരനെ കൊണ്ട് ഈ പ്രസ്താവന നടത്തുവാൻ ഉത്സാഹിപ്പിക്കുന്നത്. ദൈവം തനിക്കു അനുകൂലമെന്നുള്ള ഉറപ്പാണ് പാളയമിറങ്ങിയ സൈന്യത്തിന്റെ മുൻപിലേക്ക് ധൈര്യത്തോടെ പോകുവാൻ തന്നെ പ്രാപ്തനാക്കുന്നത്. റോമാ ലേഖനമെഴുതുമ്പോൾ കുറച്ചുകൂടെ വ്യക്തതയോടെ പൗലോസ് അപ്പോസ്തോലൻ പരിശുദ്ധാത്മാവിൽ നിറഞ്ഞു കുറിച്ചു ‘ദൈവം നമുക്കു അനുകൂലമെങ്കിൽ ആർ പ്രതികൂലം’. (റോമർ 8: 31) ഹൃദയ ദൃഷ്ടി പ്രകാശിക്കപ്പെട്ട ഭക്തന്റെ കാഴ്ച തനിക്കായി ഒരുക്കിയിരിക്കുന്ന ദൈവീക സംരക്ഷണത്തിന്റെ മാഹാത്മ്യമാണ്.

 

ദൈവ വചനം നമ്മോട് ആഹ്വാനം ചെയ്യുന്നത് നിങ്ങൾ ഭയപ്പെടരുത് എന്നാണ്. ഒരു സൈന്യം നിങ്ങൾക്കെതിരെ തിരിഞ്ഞാലും, ആരൊക്കെ നിങ്ങളെ വെല്ലുവിളിച്ചാലും ഭയപ്പെടരുത്. വലിയവനായ ദൈവം നമ്മോടു കൂടെയുണ്ടെന്നുള്ളതാണ് അതിനു കാരണം. മയങ്ങാതെയും ഉറങ്ങാതെയും തന്റെ ഭക്തനെ കാക്കുന്ന ദൈവത്തിന്റെ സംരക്ഷണം ഉള്ളപ്പോൾ ഭയപ്പാടില്ലാതെ ജീവിക്കുവാനാണ് ദൈവ വചനം നമ്മോടു പറയുന്നത്. യോഹന്നാൻ അപ്പോസ്തോലൻ പറയുന്നത് ഇപ്രകാരണമാണ്. “കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.” (4:4) ദൈവാലോചന പറഞ്ഞുകൊടുത്തു യിസ്രായേൽ രാജാവിനെ ശത്രു രാജാവുമായുള്ള യുദ്ധത്തിൽ നിന്നു രക്ഷപ്പെടുത്തിയ എലീശാ പ്രവാചകനെ പിടിക്കുവാൻ തന്റെ പടയാളികളെ അരാം രാജാവ് നിയോഗിച്ചയച്ചു. എലീശാ പ്രവാചകൻ പാർക്കുന്ന ദോഥാൻ പട്ടണം വളയുവാൻ ശക്തിയുള്ള സൈന്യത്തെ ഏറിയ കുതിരകളും രഥങ്ങളുമായി അരാം രാജാവ് അയച്ചു. അവർ രാത്രിയിൽ വന്നു പട്ടണം വളഞ്ഞു. ദോഥാൻ നിവാസികളെല്ലാം, എലീശായും തന്റെ ബാല്യക്കാരനും ഉറങ്ങിപ്പോയി. എന്നാൽ തന്റെ ഭക്തരെ കാക്കുന്ന പരിപാലിക്കുന്ന യിസ്രായേലിന്റെ പരിപാലകൻ ഉറങ്ങാതെയും ഉറക്കം തൂങ്ങാതെയും തന്റെ ഭക്തരെ കാക്കുന്നുണ്ടായിരുന്നു. ദൈവീക സംരക്ഷണത്തെ കുറിച്ചു ഭക്തർക്കു അറിവും ഉറപ്പും ഉണ്ടെങ്കിലും, ഭക്തനു കേടു വരുത്തുവാൻ ഇറങ്ങി തിരിക്കുന്ന ശത്രുവിന് അതറിയില്ല. അവൻ വീരവാദം മുഴക്കുന്നതും വിളിച്ചു പറയുന്നതും ഞാൻ ഇപ്പോൾ അവരെ പിടിക്കും കൊള്ളയടിക്കും, നശിപ്പിക്കും, പിടിച്ചുകെട്ടി കൊണ്ടു പോകും എന്നതാണ്. എന്നാൽ അതു ഒരിക്കലും നടക്കില്ല. അപ്പോഴും ഭക്തർ ദൈവകൃപയിൽ ആശ്രയിച്ചു ഭയം കൂടാതെ വിശ്രമിക്കും. പ്രഭാതമായപ്പോൾ ദൈവപുരുഷന്റെ ബാല്യക്കാരൻ കൂടാരത്തിന്റെ പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു, ഭയപ്പെട്ടു ദൈവ പുരുഷനോടു ‘അയ്യോ യജമാനനെ നാം എന്ത് ചെയ്യും എന്നു പറഞ്ഞതിനു, പേടിക്കണ്ട, നമ്മോടു കൂടെയുള്ളവർ അവരോടു കൂടെയുള്ളവരേക്കാൾ അധികം’ എന്നു പറഞ്ഞു. അകക്കണ്ണ് തുറക്കപ്പെട്ട ദൈവ പുരുഷൻ കണ്ടത് ശത്രുവിന്റെ ആൾപെരുപ്പമോ പടയൊരുക്കമോ അല്ല. തനിക്കുവേണ്ടിയുള്ള വലിയവനായ ദൈവത്തിന്റെ സംരക്ഷണത്തെയാണ്. അത് കൊണ്ട് തന്നെ പേടിച്ചു പോയ

ബാല്യക്കാരനോട് നീ പേടിക്കേണ്ട എന്നു പറയുകയും, അവന്റെ കണ്ണു ദൈവീക സംരക്ഷണം കാണാൻ തുറക്കപ്പെടേണ്ടതിനു പ്രാർത്ഥിക്കുകയും ആണ് ചെയ്തത്. ദൈവം തനിക്കു വേണ്ടി കല്പിച്ച വാഗ്‌ദത്തങ്ങളിൽ എലീശായ്ക്കു വലിയ വിശ്വാസമുണ്ടായിരുന്നു. “നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.”  (ആവർത്തനാപുസ്തകം 20:1 ) കണ്ണു തുറക്കപ്പെടുവാൻ പ്രാർത്ഥിച്ചപ്പോൾ ബാല്യക്കാരന്റെ കണ്ണു തുറക്കുകയും, അവൻ വിസ്‌മയകരമായ കാഴ്ച കണ്ടു ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. അവന്റെ ഭയവും വെപ്രാളവും നീങ്ങിപ്പോയി. അവൻ തങ്ങൾക്കു വേണ്ടി കാവൽ നിൽക്കുന്ന സ്വർഗ്ഗിയ സൈന്യത്തെ കണ്ടു. ഇതു ആദ്യമേ കണ്ട ദൈവപുരുഷൻ പറഞ്ഞതു, ഭയപ്പെടേണ്ട, നമ്മോടു കൂടെയുള്ളവർ അവരോടു കൂടെയുള്ളവരേക്കാൾ അധികം.

കൂടപ്പിറപ്പുകളെ, നാമും ചില പ്രത്യേക സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ ഭയപ്പെടാറുണ്ട്. അസ്വസ്‌തതകൾ പ്രകടിപ്പിക്കാറുണ്ട് അല്ലേ ? ധൈര്യപ്പെടുക, കണ്ണു തുറന്നു സ്വർഗ്ഗിയ സംരക്ഷണം കാണുവാൻ ഇടയാകേണ്ടതിനു പ്രാർത്ഥിക്കുക. നമ്മോടു കൂടെയുള്ളവർ എന്നു പറയുവാൻ ധൈര്യം പ്രാപിക്കുക. അതുകൊണ്ടു ഞാൻ ഭയപ്പെടുകയില്ല. ഞാൻ നിർഭയനായിരിക്കും എന്നു വിളിച്ചു പറയുവാൻ കൃപ പ്രാപിക്കുക.

 

Pr. Anil Abraham (MFGC Abu Dhabi)