Malayalam Article 1 – March 2024

പുരുഷനും പുരുഷത്വവും

 

വായനാഭാഗം 1 കൊരിന്ത്യൻ 13:11 “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.”

 

വിശ്വാസിയുടെ ജീവിതാരംഭം ശൈശവത്തിൽ ആണെങ്കിലും ദൈനംദിനം ലഭ്യമാകുന്ന ആത്മീക പോഷണത്താലും കൂട്ടായ്മയാലും വളർച്ചയുടെ പലഘട്ടങ്ങൾ പിന്നിടുന്നവനാണ് ഒരു വിശ്വാസി. ശിശുവായി തുടങ്ങി പുരുഷനാകുന്ന ഒരു വളർച്ച. പുരുഷനായി വളർച്ച പ്രാപിച്ച, പുരുഷ പ്രായത്തിലെത്തിയ ഒരു വിശ്വാസി തികഞ്ഞ പുരുഷത്വം കാണിക്കുന്ന ഒരു ആത്മികനാകേണം. വളർച്ചയുടെ ഘട്ടത്തിൽ പലതും ത്യജിച്ചുകളയുന്നവനെ പുരുഷനാകുവാനും പുരുഷത്വം കാണിപ്പാനും സാധിക്കുകയുള്ളു. ശിശുവിനെപ്പോലെയുള്ള സംസാരം, ശിശുവിനെപ്പോലെയുള്ള ചിന്തകൾ, ശിശുവിന്റെ നിരൂപണങ്ങൾ ഒക്കെ ത്യജിച്ചവനാണ് യഥാർത്ഥ പുരുഷൻ. അങ്ങനെ വളർച്ച പ്രാപിച്ച ഒരു പുരുഷന്റെ തല ക്രിസ്തു എന്നു ദൈവവചനം ഓർപ്പിക്കുന്നു. “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരിന്ത്യർ 11:3) ക്രിസ്തു ആണ് എന്റെ തല എന്ന് ബോധ്യമുള്ള പുരുഷൻ പുരുഷത്വം കാണിക്കുവാൻ ബാധ്യസ്തനാണ്‌. അവൻ തികഞ്ഞ ഒരു പുരുഷത്വത്തിലേക്കു വളർച്ചയെത്തിയ ഒരു ദൈവപൈതലാണ്. വീണ്ടും ജനനപ്രക്രിയയിലൂടെ ശൈശവപ്രായം കടന്ന വിശ്വാസജീവിതത്തതിന്റെ പരിചയങ്ങളും അനുഭവങ്ങളും അനുഗ്രഹങ്ങളും സമ്പാദിക്കുന്ന ഏതൊരു വിശ്വാസിയും ഈ വളർച്ചയുടെ അളവിലെത്തണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. “നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കേണം. (എഫെസ്യർ 4:12 )

രക്ഷിക്കപ്പെട്ട ഏതൊരു വ്യക്തിയും തികഞ്ഞ പുരുഷത്വം പ്രാപിക്കേണ്ടവരാണ്. ആരാണ് പുരുഷൻ? കഷ്ടതയുടെയും പ്രയാസങ്ങളുടെയും ആവശ്യങ്ങളുടെയും നടുവിൽ എന്തു ചെയ്യണം എന്നറിയാതെ ഭാരപ്പെടുമ്പോൾ എനിക്കു പ്രായമുണ്ട് ഞാനൊന്നു നോക്കട്ടെ എന്നു പറഞ്ഞു സ്വന്ത വഴി തേടുന്നവനാകാതെ, സ്വയത്തെ പ്രതിഫലിപ്പിക്കുന്നവനാകാതെ, തന്റെ തലയായ ക്രിസ്തുവിനോടു സംസാരിക്കുന്നവനും ക്രിസ്തുവിന്റെ കയ്യിൽ പൂർണ്ണ നിയന്ത്രണം വിട്ടുകൊടുക്കുന്നവനുമാണ് പുരുഷൻ. ദൈവപുരുഷനായ ഇയ്യോബിന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുകയും തന്നെ ഏറിയ അളവിൽ അപമാനിക്കുകയും വ്യസനിപ്പിക്കുകയും ചെയ്ത സ്‌നേഹിതന്മാരുടെ വാദപ്രതിവാദങ്ങൾക്കു നടുവിൽ തളർന്നു പോയവനായ ഭക്തനോടു, വിശ്വാസത്തോടെ ദൈവപ്രവർത്തിക്കുവേണ്ടി നിന്നവനോടു യഹോവയായ ദൈവം പറയുന്നു, നീ തളരുന്നതെന്ത്? ‘നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.’ എന്നു ചോദിക്കുന്നുണ്ട്. (ഇയ്യോബ് 38: 3, 40:7)

നീ എന്നോടു സംസാരിക്കുക, ഞാൻ നിനക്കു ഉത്തരം അരുളും. ഞാൻ പറയുന്നത് നീ അനുസരിക്കുക ഞാൻ നിനക്കുവേണ്ടി പ്രവർത്തിക്കും. കർത്താവിനോടു സംസാരിക്കുകയും കർത്താവു പറയുന്നത് കേൾക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നതാണ് പുരുഷത്വം. പൗലോസ് അപ്പോസ്തോലന്റെ പ്രസംഗത്തിൽ ദൈവം തിരഞ്ഞെടുത്ത ഒരു പുരുഷനെക്കുറിച്ചു പരാമർശിക്കുന്നു. ‘അവനെ നീക്കിയിട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു.; ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.’ (അപ്പൊ.പ്രവർത്തി 13:22) ദൈവത്തിന്റെ ഹിതം എന്തെന്നു തിരിച്ചറിഞ്ഞു ചെയ്യുന്നവനാണ് യഥാർത്ഥ പുരുഷൻ. നമ്മെ ഓരോരുത്തരെയും ദൈവം തനിക്കായി തിരഞ്ഞെടുത്തിരിക്കുന്ന പുരുഷന്മാരാണ് എന്നു മറക്കാതിരിക്കുക. ദൈവഹിതം തിരിച്ചറിഞ്ഞു അതു നിവർത്തിക്കുന്ന പുരുഷന്മാരായി ദൈവത്താൽ സാക്ഷ്യം പ്രാപിക്കുവാൻ നമുക്കു ഇടയാകേണം. കൂടാതെ, നമ്മെ ദൈവം ‘പുരുഷന്മാരെ’എന്നു വിളിക്കുവാനുള്ള മറ്റൊരു കാരണം കർത്താവിന്റെ വരവാണ്. കർത്താവായ യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുന്ന വേളയിൽ, ആകാശത്തേക്കു നോക്കി നിൽക്കുന്ന ശിഷ്യന്മാരുടെ കൂട്ടത്തെ നോക്കി രണ്ടു ദൂതന്മാർ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നു വിളിച്ചത് ‘ഗലീല പുരുഷന്മാരെ നിങ്ങൾ ആകാശത്തിലേക്കു നോക്കി നിൽക്കുന്നതെന്ത്? എന്നാണ്. അർത്ഥമിതാണ്, കർത്താവിനുവേണ്ടി ഒരുങ്ങുകയും കാത്തിരിക്കുകയും ചെയ്യുന്നവരായ പുരുഷന്മാരാണ് നിങ്ങൾ എന്നാണ് ഇവിടെ നാം മനസ്സിലാക്കേണ്ട സത്യം.

‘പുരുഷത്വം കാണിപ്പിൻ’ എന്ന കല്പന നാം നിറവേറ്റുന്ന ഉത്തരവാദിത്വം ചെയ്യുന്നവരായി മാറണം. പൗലോസ് അപ്പൊസ്‌തനിൽ കൂടി ദൈവത്തിന്റെ ആത്മാവ് നാം എന്നും ചെയ്തുകൊണ്ടിരിക്കുവാനുള്ള അഞ്ചു കല്പനകൾ നൽകുന്നുണ്ട്. അതിൽ മൂന്നാമത്തെ കല്പനയാണ് പുരുഷത്വം കാണിപ്പിൻ എന്നത്. “ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‍വിൻ.”

(1കൊരിന്ത്യർ 16:13-14) ഈ ആഹ്വാനം നമുക്കുള്ളതാണ്. നാം നമ്മുടെ സ്വർഗ്ഗിയ സീയോനിലേക്കുള്ള പ്രയാണത്തിലാണ്. അവിടെ നമുക്കു പിതാവാം ദൈവം അവകാശങ്ങളും പ്രതിഫലങ്ങളും കരുതിവച്ചിരിക്കുന്നു. ആ നിത്യ അവകാശത്തിലേക്ക് നടന്നടുക്കുന്ന വിശ്വാസിയെ, തന്റെ പ്രതിയോഗിയായ ഘോരനാം പിശാച് തടയുമ്പോൾ ദൈവവചനമാകുന്ന വാൾ ഉപയോഗിച്ച് അവനെ വെട്ടുവാൻ കഴിയുന്നതാണ് പുരുഷത്വം. ഈ പ്രയാണത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ ഏവരും പുരുഷത്വം കാണിക്കുന്ന വിശ്വാസത്തിനും ധൈര്യത്തിനും ഉടമകളായിരിക്കണം. ഞാനൊരു സ്ത്രീയാണ്, എനിക്കു പുരുഷത്വം കാണിക്കുവാൻ കഴിയുന്നതെങ്ങനെ എന്ന സന്ദേഹത്തിനു കാര്യമില്ല. സ്ത്രീയുടെ തല പുരുഷൻ, പുരുഷന്റെ തല ക്രിസ്തു. ക്രിസ്തു എന്ന തലയ്ക്കു കീഴിൽ നിന്നു തികഞ്ഞ പുരുഷത്വം കാണിക്കുവാനുള്ള വിശ്വാസത്തിന്റെ വളർച്ച നേടുന്ന ധൈര്യശാലികളായ, ഉറപ്പുള്ള ഭയമില്ലാത്ത വിശ്വാസികളായി പ്രാർത്ഥനാപോരാളികളായി മുന്നേറുവാൻ ശ്രമിക്കുക.

 

Pr Anil Abraham ( Abu Dhabi)