Malayalam Article 1 – June 2024

പ്രാർത്ഥന എന്ന സേവന മേഖല

 

1 പത്രോസ് 4:7 “എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.”

 

ദൈവത്തെയും ദൈവത്തിന്റെ സഭയെയും സേവിപ്പാൻ കടപ്പെട്ടവരാണ് വിളിക്കപ്പെട്ട ഏതൊരു വിശ്വാസിയും. എന്നാൽ എന്തു സേവയാണ് എനിക്കു ചെയ്യുവാൻ കഴിയുക, എങ്ങനെയാണു ഞാൻ സേവിക്കേണ്ടത് എന്നു പലർക്കും നിശ്ചയമില്ല. ദൈവസേവ ഒരു നിശ്ചിതക്കൂട്ടം ആൾക്കാർക്കു മാത്രമുള്ളതാണ് എന്നാണ് പലരുടെയും ധാരണ . പ്രാർത്ഥന എന്നത് ദൈവസഭയെ സേവിക്കുവാനുള്ള ഒരു പ്രധാന ശുശ്രൂഷയാണ് എന്നതാണ് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത്. വിശ്വാസികളായ ഏവരും തങ്ങളുടെ ആത്മീക ജീവിതത്തിൽ പ്രാർത്ഥനയെ തങ്ങൾക്കു നിയമിക്കപ്പെട്ട ഒരു പ്രധാന ശുശ്രൂഷയായി ഏറ്റെടുത്തു മുൻഗണന കൊടുത്തു ചെയ്യേണ്ടതാണ് എന്ന് അപ്പോസ്തോലമാരും ശക്തമായി ഉപദേശിക്കുന്നു. ഇപ്രകാരം അവർ ദൈവസഭയിലെ ദൈവരാജ്യത്തിലെ ശുശ്രൂഷകരും സേവകരും ആകുവാനിടയുണ്ട്.

പ്രീയരേ, പ്രാർത്ഥന അർപ്പിക്കുന്നതിൽക്കൂടി, ഒരു വിശ്വാസിക്കു സഭയെ ഗൗരവമായി സേവിക്കുവാൻ കഴിയും. പ്രാർത്ഥന ഒരു ചെറിയ ശുശ്രൂഷയല്ല. ഏറ്റവും വലിയ പ്രയത്നവും, ഏകാഗ്രതയും, ശ്രദ്ധയും ആവശ്യമുള്ള ഒരു ഭാരിച്ച ശുശ്രൂഷയാണ്. നാം വിചാരിക്കും പ്രസംഗമാണ് വലിയ ശുശ്രൂഷ എന്ന്. ഒരു വിഷയം കണ്ടെത്തി പഠിച്ചാൽ ഒരു മണിക്കൂർ കൊണ്ടു പ്രസംഗം പൂർത്തിയാക്കാം. പ്രസംഗത്തിന്റെ ഒരുക്കത്തിന് പഠനത്തിനുള്ള സമയം കണ്ടെത്താൻ ശ്രമിച്ചാൽ മതി. എന്നാൽ പ്രാർത്ഥന അങ്ങനെയല്ല. പല പ്രാർത്ഥനകളൂം പൂർത്തീകരിക്കുവാൻ പലർക്കും കഴിയുന്നില്ല. അത്രയ്ക്കും ശ്രദ്ധയും ഏകാഗ്രതയും ഒരുക്കവും സമർപ്പണവും ആത്മാവിന്റെ സഹായവും ഒക്കെ ആവശ്യമുള്ള ഒരു കഠിന പ്രയത്നമാണ് പ്രാർത്ഥന. എന്നാൽ ആഗ്രഹിച്ചാൽ ആർക്കും ഈ ശുശ്രൂഷ ചെയ്യുവാനും കർത്താവിനെ സേവിക്കുവാനും സാധിക്കും. നാം ദൈവസഭയിലെ കൂട്ടു വിശ്വാസികൾക്കുവേണ്ടിയും, ദൈവവേലയുടെ മുന്നേറ്റത്തിനുവേണ്ടിയും, കർതൃവേലക്കാരുടെ ശുശ്രൂഷകളുടെ അനുഗ്രഹത്തിനു വേണ്ടിയും ആത്മാക്കൾ രക്ഷിക്കപ്പെടുന്നതിനായും മദ്ധ്യ സ്ഥത അണയ്ക്കുമ്പോൾ സ്വർഗ്ഗത്തെ ചലിപ്പിക്കുന്ന, അന്ധകാരശക്തികളുടെ ബലത്തെ കെടുത്തിക്കളയുന്ന വലിയ ശുശ്രൂഷ നിർവ്വഹിക്കുകയാണ് എന്ന് മറക്കരുത്. പ്രാർത്ഥന ഒരു പോരാട്ടമാണ്. ചിലപ്പോൾ അതൊരു യുദ്ധമാണ്. “നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.” (കൊലോസ്യർ 4:1)

കൂട്ടുവിശ്വാസികൾക്കായിട്ടുള്ള എപ്പഫ്രാസിന്റെ പ്രാർത്ഥന ഒരു പോരാട്ടമായിരുന്നു എന്നു പൗലോസ് അപ്പോസ്തോലൻ ഓർപ്പിക്കുന്നു. വിശുദ്ധന്മാരായ വിശ്വാസികൾ പരീക്ഷയിൽ അകപ്പെട്ടുപോകാതിരിക്കുവാൻ പ്രാർത്ഥിക്കുവാൻ കടപ്പെട്ടവരായ വിശ്വാസികൾ സകല ജാഗ്രതയോടും കൂടെ പ്രാർത്ഥനയിൽ ഉണർന്നിരിക്കേണ്ടതും ശ്രദ്ധയോടെ പ്രാർത്ഥനയിൽ തുടരേണ്ടതുമാണ്. ഉണർന്നു പ്രാർത്ഥിക്കുവാൻ ഭാരമുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെ കർത്താവായ യേശുക്രിസ്തു ഓർപ്പിക്കുവാനിടയായി. “ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടായ്‍വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ” (മർക്കൊസ് 14: 37 – 38) പത്രോസ് അപ്പോസ്തോലനും സഭയ്ക്ക് നൽകുന്ന ആഹ്വാനം ശക്തമാണ്. “എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു, ആകയാൽ പ്രാർത്ഥനയ്ക്ക് സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.” സുബോധത്തോടെ പ്രാർത്ഥിക്കുവാൻ ശ്രമിക്കുക. പ്രാർത്ഥിക്കുമ്പോൾ ആത്മഭാരത്തോടെയും ആത്മദാഹത്തോടെയും പ്രാർത്ഥിക്കുവാൻ കഴിയേണം. നമ്മുടെ പ്രാർത്ഥന നേരങ്ങൾ വിരസമാകുവാൻ ഇടയാകരുത്. പ്രാർത്ഥന പതിവ് ചടങ്ങാകരുത്.

പ്രിയരേ, സുവിശേഷ വേലയുടെ മുന്നേറ്റത്തിനു വേണ്ടിയും, സുവിശേഷ വേലക്കാരുടെ മുന്നേറ്റത്തിന് വേണ്ടിയും സുവിശേഷകരുടെ സന്ധാരണത്തിനു വേണ്ടിയും വിശ്വാസികളുടെ ആത്മീക വളർച്ചയ്ക്ക് വേണ്ടിയും നാം പ്രാർത്ഥിക്കുന്ന സന്ദർഭങ്ങളിൽ സകല എതിർപ്പുകളുമായി ദേശാധിപതി ശകതികൾ എഴുനേൽക്കുകയും നമ്മുടെ പ്രാർത്ഥനയെ തടസ്സപ്പെടുത്തുവാൻ ആവതു പോരാടുകയും ചെയ്യും. എന്നാൽ അതൊരു ആത്മീയ യുദ്ധമാണ് എന്ന ബോധ്യത്തിൽ തോറ്റു പിന്മാറാതെ, ഏകാഗ്രത കൈവിടാതെ ശ്രദ്ധയോടെ ആ പോരാട്ടത്തിൽ തുടരുക. നിങ്ങൾക്കു തുണ നിൽക്കുന്ന ആത്മാവ് നിങ്ങളെ ശക്തികരിക്കും. നിങ്ങളെക്കൊണ്ടു ആ പോരാട്ടത്തിൽ വിജയം കൈവരിപ്പിക്കും. പ്രാർത്ഥന നിർത്തരുത്. ഇടയ്ക്കിടയ്ക്കു എഴുന്നേറ്റു പോകരുത്. പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ. പ്രാർത്ഥന കഠിനപ്രയത്നം ആവശ്യമുള്ള ഒരു വലിയ ശുശ്രൂഷയാണ്. ആ ശുശ്രൂഷയിൽക്കൂടി നിങ്ങൾ ദൈവസഭയെ സേവിക്കുവാനുള്ള അവസരം ഉപയോഗിക്കുകയാണ്.

കൂടെപ്പിറപ്പുകളെ, വിശ്വാസത്തിൽ പ്രാർത്ഥനയാൽ ദൈവസഭയുടെ സേവകരായിത്തീരുക. പ്രാർത്ഥന നിങ്ങൾക്കു പോരാട്ടം കഴിക്കുന്ന മേഖലയാക്കിയെടുക്കുക. ദൈവരാജ്യം വളരട്ടെ, ദൈവസഭ ആത്മീക വർദ്ധനവ് പ്രാപിക്കട്ടെ.

 

Pr Anil Abraham (Abu Dhabi)