Malayalam Article 1 – January 2024

പ്രകാശം പ്രദർശിക്കപ്പെടേണം

വായനാഭാഗം യെശയ്യാവ്‌ 60:1 “എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.”

 

ഒരു ദൈവപൈതലിന്റെമേൽ ദൈവം വിലയേറിയ നിക്ഷേപം വച്ചിട്ടാണ് അവനെ ഈ ഭൂമിയിൽ ആക്കിവച്ചിരിക്കുന്നത്. അതു എന്തൊക്കെയാണെന്ന് തിരിച്ചറിയുന്നതാണ് ജ്ഞാനം എന്നു പറയുന്നത്. ആ ജ്ഞാനം പ്രാവർത്തികമാക്കുന്നതാണ് വിവേകം എന്ന് പറയുന്നത്. വിവേകത്തോടെ ദൈവരാജ്യത്തിൽ നടക്കുന്നതാണ് ആത്മീയ ജീവിതം. അപ്രകാരമുള്ള ഒരു ജീവിതമാണ് ദൈവം ഓരോ വിശ്വാസിയിൽ നിന്നും ഉണ്ടാവണമെന്നു കല്പിച്ചിരിക്കുന്നത്. നമ്മിൽ ഉള്ള നിക്ഷേപം വിലയേറിയതാണ്. അത് ആരും കാണാതെ, നമ്മുടെ ആവശ്യത്തിനു ഉപകരിക്കപ്പെടാതെ, നമ്മുടെയുള്ളിൽ തന്നെ പൂഴ്ത്തിവയ്ക്കുവാനല്ല ദൈവം നമ്മിൽ പകർന്നിരിക്കുന്നത്. അത് നഷ്ടമാകാതെ നാം ഉപയോഗിക്കുകയും, അതു മറ്റുള്ളവർക്ക് പ്രയോജനപ്രദമായി പ്രദർശിപ്പിക്കുവാനും നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നു. എഴുന്നേറ്റു പ്രകാശിക്കുക, നിന്റെ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.

 

നിന്നിലുള്ളതു പ്രദർശിപ്പിക്കുവാൻ ദൈവം ആവശ്യപ്പെട്ടിരിക്കുമ്പോൾ, നാം ഒന്ന് തിരിച്ചറിയേണം വിലയേറിയതു ഒന്നു നമ്മിൽ പകർന്നു തന്നിട്ടാണ് അത് പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്ന് ഏൽപ്പിക്കാതെ ദൈവം നമ്മോടു ഒന്നു ചെയ്‌വാൻ ആവശ്യപ്പെടില്ല. സുവിശേഷ സത്യം ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്നു. അത് നാം ഈ ലോകത്തിൽ പ്രദർശിപ്പിക്കേണം. സുവിശേഷ സത്യങ്ങൾക്കു അനുസൃതമായ ഒരു ജീവിതം നയിക്കുമ്പോൾ, നമ്മുടെ ജീവിതം പ്രകാശിക്കപ്പെട്ടിരിക്കുന്ന ഒരു വിളക്കുപ്പോലെ ശോഭിക്കുവാൻ ഇടയായിത്തീരും. അന്ധകാരം നിറഞ്ഞിരിക്കുന്ന ഈ ലോകത്തിൽ സുവിശേഷമാകുന്ന സൂര്യൻ ഉദയം ചെയ്തിരിക്കുന്നു. ‘എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയെടുക്കൂടി ഉദിക്കും. (മലാഖി 4:2) “ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.” (ലൂക്കോസ് 1 : 78-79) യെശയ്യാവ്‌ പ്രവചിച്ചത് യഹോവയുടെ തേജസ്സു നിന്റെമേൽ ഉദിച്ചിരിക്കുന്നു എന്നാണ്. സൂര്യന്റെ ഉദയം പോലെ സുവിശേഷമാകുന്ന സൂര്യൻ ഉദയം ചെയ്തിരിക്കുന്നുവെന്നും, അതു നമ്മുടെ ഉള്ളിൽ നിക്ഷേപിച്ചിരിക്കുന്നു എന്നും തിരുവചനഭാഗങ്ങൾ വ്യക്തമാക്കി തരുന്നു. ദൈവജനമാകുന്ന നമ്മുടെമേൽ സുവിശേഷത്താൽ ദൈവം പ്രകാശിക്കുമ്പോൾ ചുറ്റുപാടും എന്തു സംഭവിക്കുന്നു എന്നു നാം മനസ്സിലാക്കേണം. “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശയ്യാവ്‌ 60:2-3) നാം സുവിശേഷത്താൽ പ്രകാശിച്ചാൽ നമുക്കു ചുറ്റുമുള്ള അന്ധകാരം, സമൂഹത്തിൽ വ്യാപാരിച്ചിരിക്കുന്ന കൂരിരുട്ടു വിട്ടു മാറും. നമ്മിൽ പകർന്നിരിക്കുന്ന യഹോവയുടെ തേജസ്സു പ്രകാശിച്ചു നിൽക്കുവാൻ നാം ഇടയായി തീർന്നാൽ അതിന്റെ പരിണിതഫലമായി ജാതികൾ നമ്മിൽ ആകൃഷ്ടരായി തീരും. രാജാക്കന്മാർ നമ്മുടെ ഉഭയശോഭയിലേക്കു കടന്നുവന്നു സന്തോഷവും സമാധാനവും അനുഭവിക്കുവാനിടയാകും.

ഇതു നമ്മിൽ സംഭവിക്കണമെങ്കിൽ, നാം ദൈവത്താൽ പ്രശംസിക്കപ്പെടണമെങ്കിൽ ദൈവം നമ്മെ ആക്കി വച്ചിരിക്കുന്ന കൂട്ടായ്മയിൽ നിന്നുകൊണ്ട്, ആഴമുള്ള ഒരു കൂട്ടായ്മബന്ധം ഉളവാക്കിയെടുത്തു നമ്മെ പാർപ്പിച്ചിരിക്കുന്ന ദേശത്തു വിശ്വസ്തതോയോടെ പാർത്തുകൊണ്ട് നമ്മുടെ ക്രിസ്‌തീയ ജീവിതം നയിക്കുകയും ചെയ്താൽ, തിരുവചന സത്യങ്ങളുടെ പ്രമാണം വിട്ടു ഇടത്തോട്ടോ, വലത്തോട്ടോ ലോകപ്രകാരം നീങ്ങാതിരുന്നാൽ നമ്മിലെ വിലയേറിയ നിക്ഷേപമായ യഹോവയുടെ തേജസ്സു നമ്മിലൂടെ പ്രദർശിപ്പിക്കത്തക്ക നിലയിൽ അതു പ്രകാശിക്കപ്പെടുകയാണ്. അപ്പോഴാണ് നമ്മിൽ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹവും, ആത്മീയ സൗന്ദ്യര്യവും, സുവിശേഷത്തിന്റെ ശക്തിയും മറ്റുള്ളവർ ആസ്വദിക്കുന്ന വിധത്തിൽ പുറത്തു കാണപ്പെടുവാനിടയാകുന്നത്. അപ്പോൾ നാം സുവിശേഷം അറിയിച്ചവർ, നമ്മുടെ സ്‌നേഹിതർ കൂടെ ജോലി ചെയ്യുന്നവർ, അയൽവാസികൾ ഒക്കെ നമ്മിലേക്കു ആകർഷിക്കപ്പെടും. തൽഫലമായി അവർ ക്രിസ്തുവിന്റെ സുവിശേഷം അനുസരിക്കുവാനിടയാകും.

കൂടപ്പിറപ്പുകളെ, നാം പ്രകാശിക്കുവാൻ തക്കവണ്ണം യഹോവയുടെ തേജസ്സിനാൽ നിറയപ്പെട്ടവരാണോ? ആ നിക്ഷേപമാകുന്ന യഹോവയുടെ തേജസ്സാകുന്ന സുവിശേഷം നമ്മിൽ ഉദിച്ചിരിക്കുന്നു എന്ന സത്യം വിസ്മരിച്ചുകൊണ്ടുള്ള ഒരു ജീവിത നിലവാരമായിരിക്കരുത് നമ്മുടെ ജീവിതത്തിലുള്ളത്. നാം പ്രകാശിക്കുവാൻ വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു, നിറയപ്പെട്ടിരിക്കുന്നു. നാം അന്ധകാരത്തെയും കൂരിരുട്ടുകളെയും ഭയപ്പെട്ടു മാറിപ്പോകയല്ല, അവ നമ്മെ കണ്ടു ഭയപ്പെട്ടു ഓടിപ്പോകുവാനിടയാകട്ടെ. നാം മുഖേന അനേകർ നിത്യ പ്രകാശത്തിലേക്കു പ്രവേശിക്കുവാനിടയാകട്ടെ.

Pastor Anil Abraham ( Abu Dhabi)