Malayalam Article 1 – February 2024

പരിശ്രമം വ്യർത്ഥമാകരുത്

വായനാഭാഗം : സങ്കീർത്തനം 39:6 “മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.”

 

മനുഷ്യജീവിതം ക്ഷണികമാണ്. ക്ഷണികജീവിതത്തിൽ മനുഷ്യർ ചിലതൊക്കെ നേടാൻ വേണ്ടി പരിശ്രമിക്കുന്നവരും ആ പരിശ്രമത്തിൽ അവർ പരാജയപ്പെടുകയും ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. ക്രിസ്തുവിനെക്കൂടാതെയുള്ള മനുഷ്യന്റെ സകല പരിശ്രമങ്ങളും പരാജയമായിരിക്കും. എന്നാൽ ക്രിസ്തുവിനോടൊപ്പമുള്ളതും ക്രിസ്തുവിനുവേണ്ടിയും ഉള്ള ഒരുവന്റെ പരിശ്രമം അതു വിജയമായി അനുഭവിക്കുവാൻ അവനു ദൈവം ഇടവരുത്തുന്നു. മനുഷ്യന്റെ പരിശ്രമങ്ങൾ മുഴുവൻ നശിച്ചുപോകുന്നതിനു വേണ്ടിയുള്ളതും ഭൂമിയിലുള്ളതിനു വേണ്ടിയുമാണ്. അവന്റെ പരിശ്രമം നിലനിൽക്കുന്നതും നിത്യമായതിനും വേണ്ടിയുള്ളതല്ലാത്തതിനാൽ തിരുവചനം പറയുന്നു, അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം.

അദ്ധ്വാനിച്ചു ജീവിക്കണം എന്നതു ദൈവം കല്പിച്ചതാൽ മനുഷ്യൻ അവന്റെ ഉപജീവനത്തിനായി അദ്ധ്വാനിക്കണം. എന്നാൽ സമ്പാദിച്ചു കൂട്ടി വയ്ക്കുവാനും പേരും പ്രശസ്‌തിയും എന്ന നിഴലുകൾക്കു പുറകെ നടന്നു അതിനായി പാഴ്ശ്രമം നടത്തുന്നതും ക്ഷണിക ജീവിതത്തിനുടമകളായ മനുഷ്യന് ഭൂഷണമല്ല. അതിനെക്കുറിച്ചാണ് വചനം പറയുന്നത് അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവർ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല. ദൈവം തന്നിരിക്കുന്ന ആയുസ്സ് ദൈവഹിത പ്രകാരം ചിലവഴിച്ചു നിത്യത എവിടെ ചിലവഴിക്കും, അതിനായ് ഞാൻ എന്ത് ചെയ്യേണം എന്നു തിരിച്ചറിഞ്ഞു ഉയരത്തിൽ ഉള്ളതിനെക്കുറിച്ചു ചിന്തിച്ചു, നിലനിൽക്കുന്ന ഒരു ഭവനം സ്വർഗ്ഗത്തിൽ സമ്പാദിക്കേണ്ടതിനായി നാലു വിരൽ നീളം മാത്രമുള്ള ഈ ആയുസ്സിൽ പരിശ്രമിച്ചാൽ, കർത്താവിൽ അദ്ധ്വാനിച്ചാൽ അത് മഹത്വം വെളിപ്പെടുത്തുവാൻ കാരണമാകുകയും സ്വർഗ്ഗീയ പ്രശംസയ്ക്കു ഇടയാകുകയും ചെയ്യുമെന്നു തിരിച്ചറിഞ്ഞു ശത്രുവിനോടു പോരാടുന്നവനാണ് ബുദ്ധിമാൻ. ക്ഷണികമായ ജീവിതത്തിനു ഭൂമിയിലുള്ളതിനു വേണ്ടി പാഴ്ശ്രമങ്ങൾ നടത്താതെ, നിത്യമായ നിലനിൽക്കുന്ന ജീവിതത്തിനുവേണ്ടിയും നിത്യജീവൻ നേടേണ്ടതിനുവേണ്ടിയും സ്വർഗ്ഗീയ പ്രതിഫലങ്ങൾക്കു വേണ്ടിയും അദ്ധ്വാനിക്കുന്നവനു വേണ്ടി ദൈവം വിശ്രമം ഒരുക്കുകയും അവനെ തനിക്കുള്ളവനെന്നു തനറെ ആത്മാവിൽ മുദ്രയിടുകയും ചെയ്യുന്നവനാണ് ജീവനുള്ള ദൈവം. “നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ, യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; ” (സങ്കീർത്തനങ്ങൾ 127 :2,1 )ദൈവം നമുക്കു വേണ്ടി പണിയുകാണെങ്കിലേ നമ്മുടെ പരിശ്രമം സഫലമാകുകയുള്ളു. നാം വ്യർത്ഥമായി പരിശ്രമിക്കാതെ, നമ്മുടെ ശ്രമങ്ങൾ പാഴാകാതെ സഫലമായി തീരേണ്ടതിനുവേണ്ടി നമ്മുടെ ജീവിതത്തിൽ ദൈവത്തിനു അവസരം കൊടുക്കുവാൻ ശ്രമിക്കേണം. തനിക്കായി മാത്രം ചിന്തിക്കുന്നവനും, തനിക്കായി മാത്രം ജീവിക്കുന്നവനും ഭൗതീക മനുഷ്യനാണ്. എന്നാൽ നാം വെറും ഭൗതീക മനുഷ്യരായി തീരാതെ ആത്മീയ മനുഷ്യരായി ജീവിക്കേണം. ക്ഷണിക ജീവിതത്തെക്കുറിച്ചും പാഴാകുന്ന പരിശ്രമങ്ങളെക്കുറിച്ചും യാക്കോബ് അപ്പോസ്തോലനും സഭയ്ക്കുള്ള ലേഖനത്തിൽ എഴുതി “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരെ കേൾപ്പിൻ, നാളത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത് ? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ ആവിയല്ലോ.” (യാക്കോബ് 4:12-14) ഭൂമിയിൽ കൂടുതൽ നേട്ടങ്ങൾ സമ്പാദിക്കുവാനുള്ള മനുഷ്യന്റെ പരിശ്രമം, ദൈവത്തെക്കൂടാതെയുള്ള പ്രവർത്തിയാകയാൽ, സങ്കീർത്തനത്തിൽ നിന്നുള്ള മുന്നറിയിപ്പു “അവൻ ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നു അറിയുന്നില്ല.” അടുത്ത തലമുറകൾക്കു വേണ്ടി സമ്പാദിക്കുവാനുള്ള പരിശ്രമം പരാജയപ്പെടുവാനുള്ളതായിരിക്കും എന്നു വചനം വെളിപ്പെടുത്തുന്നു. സമ്പാദിക്കുന്ന ധനത്തിനു മനുഷ്യനെ സഹായിക്കുവാനോ, ധന്യനാക്കുവാനോ കഴിയുകയില്ല. ധനം കൊണ്ടു നിത്യജീവനോ, പരിശുദ്ധാത്മ സഹായമോ നേടുവാനാവില്ല. പണം കൊടുത്തു രക്ഷയും രക്ഷകനെയും സ്വന്തമാക്കുവാനാകില്ല.

ആത്മീകരായ ദൈവമക്കൾ അദ്ധ്വാനിച്ചു നേടുന്ന ധനം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതു വിലപ്പെട്ട കാര്യമാണ്. അതിനെക്കുറിച്ചു ക്രിസ്തുവിലുള്ള ദൈവമക്കൾക്കു ശക്‌തമായ ഉപദേശം ആത്മാവ് നൽകുന്നുണ്ട്. “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശവെപ്പാനും നന്മ ചെയ്യുവാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.” ( 1 തിമോ 6: 17 – 19 ) നമ്മുടെ ധനം കൊണ്ടു ഇതാണ് സാധിക്കേണ്ടത്. ദൈവ വിഷയമായി നാം സമ്പന്നരാകേണം.

 

കൂടപ്പിറപ്പുകളെ, നമ്മുടെ പരിശ്രമങ്ങൾ പാഴ്പ്രവർത്തികളാകാതെ, നിലനിൽക്കുന്നതിനു വേണ്ടിയുള്ളതും, വരും കാലത്തേക്കു നല്ലൊരു അടിസ്ഥാനം നിക്ഷേപിക്കുന്നതുമായിരിക്കേണ്ടതിനു വേണ്ടി നാം പ്രവർത്തിക്കുക.

 

Pr Anil Abraham ( Abu Dhabi)