Malayalam Article 2 – February 2024

കനൽ വഴിയിലൂടെ പെട്ടകം ചുമക്കുന്നവർ

 

കൂടാരത്തിന്റെ കുറ്റികൾ വലിച്ചൂരി സാധനസാമഗ്രികൾ അടുക്കി കെട്ടി മരുഭൂമിയിലൂടെ ഇസ്രയേൽ പുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ഏറ്റവും വിലപ്പെട്ട പെട്ടകം പുരോഹിതർ തന്നെ തോളിൽ ചുമക്കണം. അത് വിശുദ്ധമാണ്. അത്യുന്നതന്റെ സാന്നിധ്യം ഇറങ്ങിയാ വസിക്കുന്ന പെട്ടകം വളരെ വളരെ പ്രധാനപ്പെട്ടതാണ്. 40 വർഷത്തോളം മരുഭൂവിൻ വഴികളിലൂടെ അവരത് ചുമന്നു. യോർദ്ദാനരികെ നിൽക്കുന്ന  ഇസ്രായേലിനോട് ദൈവം പറയുന്നു: പെട്ടകം ചുമക്കുന്ന പുരോഹിതന്മാർ നദിയിലേക്ക് ഇറങ്ങുക. അവർ അങ്ങനെ ചെയ്തപ്പോൾ വെള്ളത്തിൻറെ ഒഴുക്ക് നിന്നു. നദിയുടെ നടുവിൽ ഉണങ്ങിയ നിലത്ത് ചുമലിൽ ദൈവത്തിൻറെ പെട്ടകവുമായി അവർ നിലയുറപ്പിച്ചു. ലക്ഷങ്ങൾ വരുന്ന ജനം ഇടുങ്ങിയ പാതയിലൂടെ നടന്നു കയറുവാൻ സമയം ഏറെ എടുക്കും. അപ്പോഴും പെട്ടകവുമായി നദിയുടെ മധ്യത്തിൽ തന്നെ നിൽക്കുന്ന പുരോഹിതൻമാരെ നമുക്ക് ഇവിടെ കാണാം.

പെട്ടകം എടുക്കുന്നവർക്ക് ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ സ്വാഭാവികമാണ് എങ്കിലും ചുമരിൽ പെട്ടകം ഇരിക്കുമ്പോൾ പ്രതിസന്ധികൾ അവർക്ക് മുമ്പിൽ വഴിമാറും. പെട്ടകം എന്നത് ദൈവസാന്നിധ്യത്തെ കാണിക്കുന്നു. ആരോ ഒരാൾ പറഞ്ഞു: “ദൈവത്തെ അറിഞ്ഞാൽ പിന്നെ ഒരു പ്രശ്നവുമില്ല ജീവിതം സുരക്ഷിതമായി” എന്ന്. പക്ഷേ അത് മുഴുവനും ശരിയല്ല പ്രശ്നങ്ങളുണ്ട് എങ്കിലും ജീവിതം സുരക്ഷിതം തന്നെയാണ്. ഇതൊരു സഹനത്തിന്റെയും, ത്യാഗത്തിന്റെയും മാർഗമാണ്.

പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ഭരിച്ചിരുന്ന നാട്ടുരാജാക്കന്മാർ മറ്റ് ഗോത്രങ്ങളോട് യുദ്ധം ചെയ്ത് ധാരാളം ആളുകളെ പിടിച്ചു അടിമകളാക്കി അവരെ വെള്ളക്കാർക്ക് വിൽക്കുമായിരുന്നു. അപൂർവ്വം ചിലർ അവരുടെ  വലിയ തോണികൾ തുഴയാൻ ഇവരെ ഉപയോഗിക്കുമായിരുന്നു. അവർക്ക് വിശ്രമം അനുവദനീയമല്ല. രാപ്പകൽ തുഴഞ്ഞ്, തുഴഞ്ഞ് കുഴഞ്ഞ് തങ്ങളുടെ യജമാനന് വേണ്ടി ഈ അടിമകൾ വെള്ളത്തിലേക്ക് മരിച്ചു വീഴുമായിരുന്നു! നല്ല യജമാനന് വേണ്ടി ജീവൻ കളയാൻ പോലും തയ്യാറുള്ള ആത്മീയ ജീവിത യാത്ര.

“വിയ ഡോളോറോസ”എന്നാൽ ലാറ്റിൻ പദത്തിൻറെ അർത്ഥം “സഹനങ്ങളുടെ പാത” എന്നാണ്. യേശു ക്രൂശുമായി കടന്നുപോയ പാതയുടെ പേര്. കല്ലും, മുള്ളും നിറഞ്ഞു വീതി കുറഞ്ഞ വഴി കാൽവരി മല മുകളിലേക്ക് വളഞ്ഞു പുളഞ്ഞ് ഇല്ലാതാവുന്ന ചരിത്ര പാത.

ഭാരമുള്ള കുരിശും തോളിൽ വച്ച് കർത്താവ് ഈ വഴി നടന്ന് നീങ്ങി. പുറം അടിച്ച് തകർത്ത് രക്തചാലുകൾ ഊറിയൊലിക്കുന്ന ശരീരവും, തലയിൽ അടിച്ചിറക്കിയ മുൾക്കിരീടവും, താടിരോമം പിഴുതു പറിച്ച് വിരൂപമാക്കപ്പെട്ട മുഖവും ഇങ്ങനെ ആ പാദചൂഢം മുറിവുകളാൽ ചിത്രപ്പണി ചെയ്യപ്പെട്ട ശരീരവുമായി യേശു നടന്ന് കയറിയത് ഈ വഴിയിലൂടെയാണ്.

 

ഇന്നും ദൈവത്തിൻറെ പെട്ടകവുമായി കദനങ്ങൾ  നിറഞ്ഞ സഹനപാതയിലൂടെ നാമും സഞ്ചരിക്കുന്നു. ജീവിത പ്രശ്നങ്ങളോട് സന്ധിയില്ലാ സമരം നടത്തുമ്പോഴും അരുമ നാഥനെ പിൻഗമിച്ചു മുന്നോട്ട് തന്നെ തുടരുന്ന യാത്ര.

 

തകർച്ചകൾക്കു മുമ്പിൽ വഴിമാറാതെ, കുറുക്കുവഴി ചിന്തിക്കാതെ ഇടുക്കവും, ഞെരുക്കവുമുള്ള  ക്രിസ്തീയ പാതയിലൂടെ അതിവേഗം മുന്നോട്ട്. കയറ്റിറക്കങ്ങളിൽ  കൂടെയിരിക്കുന്ന ദൈ വ കരം ദുർഘടങ്ങളിലും കൂടുണ്ടാവും എന്ന വിശ്വാസത്തോടെ വീണ്ടും വീണ്ടും മുന്നോട്ട്.

 

Pastor Bijo Mathew Panathoor