Malayalam Article 1 – April 2024

ലജ്ജയായതിൽ മാനം തോന്നരുത്

 

ഗലാത്യർ 5 : 25 “ആത്മാവിൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്‌ക.”

 

വിശ്വാസികൾ വിശുദ്ധരായിരിക്കണം. വിശുദ്ധന്മാർ വിളിക്കപ്പെട്ടവരും, തിരഞ്ഞെടുക്കപ്പെട്ടവരുമാകയാൽ ആത്മാവിനാൽ ജീവിക്കുന്നവരാകേണം. ആത്മാവിനാൽ ജീവിക്കുന്നുവെന്നു സാക്ഷ്യമുള്ളവർ ആത്മാവിനാൽ നടത്തപ്പെടണമെങ്കിൽ തങ്ങളുടെ ജീവിതത്തിൽ ഏതു കാര്യത്തിനും ആത്മാവിനെ അനുസരിച്ചു നടക്കേണ്ടവരാണ് എന്ന ബോധ്യമുള്ളവരായിരിക്കേണം. ജീവിതത്തിന്റെ ചില മേഖലകളിൽ ജഡത്തെ അനുസരിച്ചും ചില മേഖലകൾ ആത്മാവിനെ അനുസരിച്ചും ജീവിച്ചാൽ ആ ജീവിതം വിശുദ്ധ ജീവിതമാകയില്ല. ആ ജീവിതം മാതൃകാജീവിതമായി മാറുകയുമില്ല. പരിശുദ്ധാത്മാവിനു പൂർണ്ണമായി വിധേയപ്പെട്ടു ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്താൽ മാത്രമേ മാതൃകാ ജീവിതം, സാക്ഷ്യമുള്ള ജീവിതം നയിക്കുവാനാകയുള്ളൂ.

ആത്മാവിൽ ജീവിക്കുന്നവർ വ്യത്യസ്തരാണ്. ഒരുവൻ വ്യത്യസ്തനാകണമെങ്കിൽ അവന്റെ സംസാരത്തിലും, പ്രവർത്തിയിലും നടപ്പിലും ആഹാരത്തിലും വസ്ത്രധാരണത്തിലുമൊക്കെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തത പുലർത്തേണ്ടതുണ്ട്. ഞാൻ ആരാണെന്നു വെളിപ്പെടുത്തുന്നതായിരിക്കേണം എന്റെ സംസാരം. എല്ലാവരും സംസാരിക്കുന്നതുപ്പോലെ സംസാരിക്കുവാൻ ദൈവവചനം നമ്മെ അനുവദിക്കുന്നില്ല. ഇതൊരു ആത്മീക അറിവാണ്. വിളിക്കപ്പെട്ടവന്റെ സംസാരശൈലിയെക്കുറിച്ചു ആത്മാവിന്റെ ഉപദേശമുണ്ട്. “നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”(കൊലോസ്യർ 4:6) “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു.” എഫെസ്യർ 4:29 ” ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.” എഫെസ്യർ 5:4

ആത്മാവിനാൽ ജീവിക്കുന്നവർ നാവിന്റെ ഉപയോഗത്തെ കുറിച്ചുള്ള ഉപദേശങ്ങൾ അനുസരിക്കുന്നതുപ്പോലെ തന്നെ, തന്റെ മാതൃകാ ജീവിതത്തിനു ആവശ്യമായ തങ്ങളുടെ പ്രവർത്തി എങ്ങനെയായിരിക്കണമെന്നും എങ്ങനെയാകരുതെന്നും ഉള്ള ആത്മാവിന്റെ ഉപദേശങ്ങളും അനുസരിച്ചെങ്കിലേ മതിയാകുകയുള്ളൂ. വിളിക്കപ്പെട്ടവരുടെ പ്രവർത്തി നേരുള്ളതും ദൈവത്തെ പ്രസാദിപ്പിക്കുന്നതും ആയിരിക്കുവാൻ ശ്രദ്ധിക്കേണം. ഭക്തനറെ പ്രവർത്തിയെക്കുറിച്ചുള്ള ആത്മാവിന്റെ ഉപദേശം “നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണ തൃപ്തിയുള്ളവരായി സകല സൽപ്രവർത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.” (2 കൊരിന്ത്യർ 9:8 )

“പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം”. (2 പത്രോസ് 2:11-12) “ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണം”. (2 തിമോ 3: 16 ) “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16) പ്രവർത്തിയെക്കുറിച്ചുള്ള സകല ഉപദേശങ്ങളിലും ദൈവപ്രവർത്തി നമ്മിലൂടെ വെളിപ്പെടുത്തേണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. സംസാരവും പ്രവർത്തിയും മാത്രമല്ല മാതൃകാ ജീവിതത്തിനു അടിസ്ഥാനമായിരിക്കുന്നത്. വിശ്വാസിയുടെ നടപ്പും ഉടുപ്പും ഏറെ പ്രധാനമായവയും അവയെക്കുറിച്ചുള്ള ഉപദേശങ്ങളും അനുസരിക്കുവാൻ തയ്യാറാകുമ്പോഴാണ് ഞങ്ങൾ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ എന്ന് തെളിയിക്കുവാനാകുകയുള്ളൂ. “ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.” (1  പത്രോസ് 2 : 12 ) സങ്കീർത്തനക്കാരൻ ഓർപ്പിക്കുന്നതു  ‘ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും’ എന്നാണ്. ദൈവാശ്രയവും ദൈവഭയവും ഇല്ലാത്ത ഒരാളുടെയും ആലോചന പ്രകാരമായിരിക്കരുത് ഒരു സത്യവിശ്വാസിയുടെ നടപ്പ്. സ്ത്രീകൾ പുരുഷന്മാർ കുഞ്ഞുങ്ങൾ തങ്ങൾക്കു യോജിക്കുന്ന വസ്ത്രം യോഗ്യമായ നിലയിൽ ധരിച്ചു നടക്കുന്നവരാകേണം. ദൈവത്തെ ദുഷിക്കുന്ന നിലയിലുള്ള വസ്ത്രധാരണം നടത്തരുത്. “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.”(1 തിമോത്തി 2:9 ) ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നവർക്കു ലജ്ജയായതിൽ മാനം തോന്നുന്നു എന്ന് പൗലോസിന്റെ ലേഖനത്തിൽ കാണുന്നതുപ്പോലെ മാതൃകയുള്ള വിശ്വാസികളായിരിക്കുന്ന ദൈവമക്കൾ അപ്രകാരമുള്ളവരാകുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. അനുവദിക്കുന്നതുമില്ല. (ഫിലി 3:18-19)

കൂടപ്പിറപ്പുകളെ, നമ്മുടെ വിശ്വാസ ജീവിതത്തിൽ നാം ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവരോ? അങ്ങനെയെങ്കിൽ നാം മാതൃകയും സാക്ഷ്യവുമുള്ള വിശുദ്ധന്മാർ തന്നെയാണ്. അല്ലായെങ്കിൽ നാം ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളും. ലജ്ജയായതിൽ മാനം തോന്നുന്നവരും എന്നു തെളിയിക്കുന്നവർ. നാം ആരെന്നു നാം തന്നെ ദൈവത്തിന്റെയും സാത്താന്റെയും മുൻപിൽ തെളിയിക്കുന്ന ജീവിതത്തിനു ഉടമകളായിരത്തീരട്ടെ.

 

Pr Anil Abraham ( Abu Dhabi)