Malayalam Article 1 – May 2024

വിടുതലും വിശുദ്ധികരണവും

 

വിടുതലും വിശുദ്ധികരണവും നമ്മുടെ മുൻപിൽ വച്ചിട്ടു ഇതിൽ ഒന്നിനെ തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ നമുക്കു എടുക്കുവാൻ കഴിയുന്നത് വിടുതലാണ്. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല നമ്മിലുണ്ടായിരുന്ന  പ്രത്യാശ അത്ര ബലഹീനമായി കഴിഞ്ഞിരിക്കുന്നു എന്നതാണ് അതിന്റെ കാരണം. പ്രത്യാശ നഷ്ടപ്പെടുത്തുന്ന വലിയ വിപത്തു നമ്മിൽ വളരെ പതുക്കെ പിടിമുറുക്കി അറിയാതെ നമ്മെ വിഴുങ്ങിക്കളയുന്നതിലേക്കു കൊണ്ടെത്തിക്കുന്നു എന്നത് നാം അറിയാതെ പോകുന്നു. ദൈവത്തോടുള്ള ഭക്തി വികാരനിർഭരമായ ഒന്നായി പലപ്പോഴും മാറ്റപ്പെടുകയാണ്. ലോകത്തിന്റെ കാലഗതികൾക്കും മാറ്റങ്ങൾക്കും അനുസാരമായി വിശുദ്ധിക്കും വിശ്വാസത്തിനും ഭേദഗതി വരുത്താമെന്നുള്ള ചിന്തയിൽ നിന്നോ ഉപദേശത്തിൽ നിന്നോ ആണ് പ്രത്യാശ നഷ്ടപ്പെടുന്നത്. സത്യത്തിൽ പ്രത്യാശ നഷ്ടപ്പെടുന്നില്ല.  കാണാത്തതിനായുള്ള പ്രത്യാശ മാറ്റിയിട്ടു കാണുന്ന കാര്യങ്ങളെ നേടുവാൻ ലക്ഷ്യം വെയ്ക്കുന്നതിനെയാണ് ഇപ്പോൾ പ്രത്യാശിക്കുന്നതു എന്ന വ്യത്യാസം മാത്രമേയുള്ളു. ലൂക്കോസെഴുതിയ സുവിശേഷത്തിൽ കാണുന്ന വിധവ വിടുതലിനായിട്ടാണ് നീതിയില്ലാത്ത  ന്യായാധിപനെ സമീപിക്കുന്നത്. പ്രതിയോഗിയിൽ നിന്നുള്ള നിരന്തര പീഡനമായിരിക്കാം നീതി ലഭിക്കില്ലായെന്നുള്ള ബോധ്യമുണ്ടായിട്ടും ഈ ന്യായാധിപനെ സമീപിക്കുവാൻ അവളെ പ്രേരിപ്പിച്ചത്. ഒടുക്കം അവൾ ആ ലക്ഷ്യത്തിലെത്തുന്നുണ്ട് . നീതിലഭിക്കുവാൻ സാധ്യത ഇല്ലാത്ത സ്ഥലത്തു നിന്നും അസഹ്യമായ ഇടപെടൽ ഫലപ്രാപ്തിയിലേക്കു എത്തിക്കുവാൻ സാധിച്ചെന്നുള്ളത് വിധവയുടെ വിജയമാണ്. മടുപ്പില്ലാതെയുള്ള ബുദ്ധിമുട്ടിക്കൽ നീതിയില്ലാത്ത ന്യായാധിപനെ എത്രത്തോളം അസഹ്യപ്പെടുത്തിയെന്നതാണ് കാര്യസാധ്യത്തിന്റെ വേഗത നിർണ്ണയിച്ചത്.

 

വിധവയുടെ വിജയമായിട്ടു മാത്രമേ അതു ആഘോഷിക്കപ്പെടുകയുള്ളൂ. വിജയങ്ങളുടെ സാക്ഷ്യമാണ് നമുക്കിഷ്ടവും. അതു ആരെ നോവിച്ചാലും അത് നമ്മെ ബാധിക്കുകയുമില്ല. എന്നാൽ പരാജയങ്ങളുടെയോ  നഷ്ടങ്ങളുടെയോ സാക്ഷ്യത്തിനു ആരാധകരില്ലാത്തതാണ് ഈ സാക്ഷ്യങ്ങൾ തമസ്കരിക്കപ്പെടുവാനുള്ള കാരണം. കർത്താവു ആഗ്രഹിക്കുന്നതും  മടുത്തുപോകാതെയുള്ള പ്രാർത്ഥനയാണ്. പക്ഷേ ലക്ഷ്യത്തിൽ നിന്നും  മാറിയുള്ള പ്രാർത്ഥനയാണ് നമ്മിൽ നിന്നും പുറത്തേക്കു വരുന്നത്. വിശുദ്ധികരണത്തിനായിട്ടാണ് വീണ്ടും ജനനം പ്രാപിച്ച ഏതൊരാളുടെയും മുൻപിൽ വരുന്ന സാഹചര്യങ്ങളെ നാം കാണേണ്ടത്. അപ്പോൾ മാത്രമേ പ്രാർത്ഥനയുടെ യഥാർത്ഥ പാതയിലേക്കു നമുക്കു പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. ആത്മാവിനു മാത്രമേ വേണ്ടും പോലെ പ്രാർത്ഥിക്കുവാൻ കഴിയുകയുള്ളു എന്ന പൗലോസ് അപ്പോസ്തോലന്റെ മൊഴികൾ മറക്കാതിരിക്കുക. ഈ ലോകം വിട്ടു പോകുന്നതിനു മുൻപുള്ള വിടവാങ്ങലിൽ കർത്താവ് ശിഷ്യന്മാരോടു പറയുന്ന ഒരു ഭാഗം എന്നെ അത്ഭുതപ്പെടുത്തി. യോഹന്നാന്റെ സുവിശേഷം14:28 “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു”.

 

പ്രത്യാശ ഇതാണ് എപ്പോൾ എനിക്കു പോകുവാൻ കഴിയും. പൗലോസ് അപ്പോസ്തോലന്റെ ഭാഷയിൽ യേശുവിനെക്കാണുവാനുള്ള ഞരക്കമാണ് പ്രത്യാശ.   യാതൊരു സ്മാരകങ്ങളും ആ വലിയ പ്രത്യാശയ്‌ക്കു തടസ്സമാകരുത്.  വിശുദ്ധിയിലേക്കുള്ള പാതയിൽ പ്രതിയോഗികളെ ദീർഘദർശകനായ പിതാവ് നമ്മുടെ വിശുദ്ധികരണത്തിനായി ഉപയോഗിക്കുമ്പോഴാണ് മടുപ്പില്ലാതെ പ്രാർത്ഥിക്കുവാൻ കഴിയുന്നത്. എന്തും അങ്ങേയ്ക്കു എന്നിൽ ചെയ്യുവാൻ അധികാരമുണ്ടെന്നതാണ് വിശ്വാസം. അവിടെ അസഹ്യമാക്കുന്ന നിലവിളിയുണ്ടാകില്ല. വിശ്വാസമില്ലാത്തവനെപ്പോലെയുള്ള ആകുലതകളുണ്ടാവില്ല. അവനറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലായെന്നുള്ള ബോധ്യം നമ്മെ കൂടുതൽ ഉറപ്പിലേക്ക്‌ നയിക്കുകയും വിശുദ്ധികരണമെന്ന സ്വർഗ്ഗിയപിതാവിന്റെ പദ്ധതിയിലേക്കു നമ്മെ നടത്തുകയും ചെയ്യും. വിടുതലെന്ന വേഗത്തിലെ പ്രതിക്രിയ മാറ്റി വിശുദ്ധികരണത്തിന്റെ കാലയളവെന്ന ദീർഘക്ഷമ എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുകയും ചെയ്യും.

Br Shibu Daniel