ഞാന്‍ എന്നെത്തന്നെ വെറുത്തു

 

ഇയ്യോബിന്റെ പുസ്തകം ആരംഭിക്കുന്നത്, ഊസ് ദേശത്തെ അതികായനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. ‘നിഷ്‌കളങ്കന്‍, നേരുള്ളവന്‍, ദൈവഭക്തന്‍, ദോഷം വിട്ടകലുന്നവന്‍’ ഇങ്ങനെയാണ് ഈ പുസ്തകത്തിന്റെ ആമുഖം. എന്നാല്‍ നാല്പത്തിരണ്ടാം അദ്ധ്യായത്തില്‍ ഇയ്യോബ് നമ്മളോടു പറയുന്നതു എന്നെപ്പറ്റി ആമുഖത്തില്‍ നിങ്ങള്‍ വായിച്ചതൊന്നും സത്യമല്ലെന്നാണ്. എല്ലാവരും ഇഷ്ടപ്പെടുന്ന എന്നെ ഞാന്‍ വെറുക്കുകയാണ്. തന്നെത്തന്നെ വെറുക്കത്തക്ക നിലയില്‍ നാലപ്പത്തിരണ്ടദ്ധ്യായങ്ങളുടെ ഇടയില്‍ ഇയ്യോബിനു സംഭവിച്ചതെന്താണ്?

ബൈബിളില്‍ അദ്ധ്യായങ്ങളുടെ കണക്കെടുക്കുമ്പോള്‍ ആറാമത്തെ വലിയ പുസ്തകമാണ് ഇയ്യോബിന്റെ. ഇയ്യോബ് എന്ന മനുഷ്യന്റെ കഥ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വായനാസുഖം കിട്ടത്തക്കനിലയില്‍ അവതരിപ്പിക്കുകയായിരുന്നില്ല ഇയ്യോബിന്റെ പുസ്തകത്തിലൂടെ പരിശുദ്ധാത്മാവ് ചെയ്തത്. താല്പര്യമില്ലാത്തവരെയും ആഴത്തിലിറങ്ങുവാന്‍ മനസ്സില്ലാത്തവരെയും ഈ പുസ്തകം സമീപത്തേക്കു അടുപ്പിക്കുന്നതുമില്ല. ആദ്യത്തെ രണ്ടുമൂന്നു അദ്ധ്യായങ്ങള്‍ക്കപ്പുറത്തേക്കു സാധാരണ വായനക്കാരനെ ഇയ്യോബു ക്ഷണിക്കുന്നതുമില്ല. പിന്നെയെങ്ങനെ ജനമനസ്സുകളില്‍ ഇയ്യോബ് കയറിപ്പറ്റി. അരികുപ്പറ്റി നടക്കുവാന്‍ ആഗ്രഹിച്ചവര്‍ക്കും ലോകമെന്ന മോഹം കൊണ്ടുനടന്നവര്‍ക്കും പ്രധാനപ്പെട്ടതെന്നു നാം കരുതുന്നതോ, നമ്മുടെ ജീവിതവുമായി ഒത്തുപോകുമെന്നു വിചാരിക്കുന്നതോ ആയ ചില പദസഞ്ചയങ്ങളോ ആരുടെയെങ്കിലുമൊക്കെ പ്രസംഗ ശകലങ്ങളില്‍ നിന്നോ, പ്രാര്‍ത്ഥനാ വാചകങ്ങളില്‍ നിന്നോ കിട്ടിയതൊക്കെ ചേര്‍ത്തു അരികുപ്പറ്റി നടക്കുന്നവരുടെ ഇടയില്‍ ഇയ്യോബിനെ ജനകീയനാക്കി. ഈ അരികുപ്പറ്റി മാത്രം ജീവിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി ഇയ്യോബ് എന്ന മനുഷ്യനുവേണ്ടി മാറ്റിവച്ച നാല്പത്തിരണ്ടദ്ധ്യായങ്ങളിലൂടെ പരിശുദ്ധാത്മാവു ചെയ്‌തെടുത്ത ഉദ്ദേശം നടക്കാതെ പോകുന്നുവെന്ന ദയനീയ അവസ്ഥയാണ് നമുക്കു കാണുവാന്‍ കഴിയുന്നത്. നമുക്കെങ്ങനെയാണ് ഇയ്യോബിനോടു ഇഷ്ടം തോന്നിയത്?

* ഇയ്യോബ് ഒരു സമ്പന്നനാണ്
* ഇയ്യോബ് ഒരു ദൈവഭക്തനാണ്
*ഇയ്യോബിനും തനിക്കുള്ളതിനൊക്കെയും ഉള്ള ദൈവീക സംരക്ഷണം
*ഇയ്യോബിന് നഷ്ടമായതെല്ലാം ദൈവം ഇരട്ടിയായി തിരികെ നല്‍കിയത് കൊണ്ട് .

ഇയ്യോബിന്റെ സമ്പന്നതയും അതിനുള്ള ദൈവീക സംരക്ഷണവും ആണ് ഇയ്യോബിലേക്കു ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത്. കഷ്ടതയ്ക്കു അപ്പുറം ശോഭനമായ ഭാവി ഭൂമിയില്‍ തന്നെ സ്വപ്നം കാണുന്നവരും ഇയ്യോബിലേക്ക് ആകര്‍ഷിക്കപ്പെട്ടു. സത്യത്തില്‍ ഇയ്യോബ് തന്റെ സമ്പന്നതയെ ആസ്വദിച്ചില്ല. ഈ ഒരവസ്ഥ എന്നെങ്കിലും നഷ്ടപ്പെടുമെന്ന് നഷ്ടപ്പെടലിനു മുന്‍പുതന്നെ ഇയ്യോബ് ഭയന്നിരുന്നു(വാ.3:25). ഇയ്യോബിന്റെ സമ്പന്നതയുടെ ഗുണഭോക്താക്കള്‍ മക്കളും തന്നെ ചുറ്റിപ്പറ്റി ജീവിച്ചവരും ആണ്. അദ്ദേഹം അനുഭവിച്ച സുഖം സമ്പന്നതയിലൂടെ ജനങ്ങള്‍ തനിക്കു നല്‍കിയ വിധേയത്വം എന്ന സുഖം ആണ്. പണത്തിന്റെ കുറവനുസരിച്ചോ സഹായ ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ചോ പെട്ടെന്ന് തന്നെ പിന്‍വലിക്കപ്പെടുന്ന വിധേയത്വം. ജനാധിപത്യ സംവിധാനത്തില്‍ വിധേയത്വം പിന്‍വലിക്കുവാനോ വേറെ ഒരു കൂട്ടര്‍ക്കു വിധേയത്വം പണയം വയ്ക്കുവാനോ നിശ്ചിത കാലയളവ് നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ സഹായഹസ്തം എന്നവസാനിക്കുന്നുവോ അപ്പോള്‍ അവസാനിപ്പിക്കുന്നതാണ് ഇയ്യോബ് അനുഭവിച്ച വിധേയത്വമെന്ന സുഖം. പണമുള്ളവരെയും സ്വാധീനമുള്ളവരെയും ബഹുമാനിക്കുവാനും ഭയപ്പെടുവാനുമുള്ള വല്ലാത്ത ഒരു ത്വര/ അഭിനിവേശം മനുഷ്യ സഹജമായതിനാല്‍ ഇയ്യോബിനും ഇവ തന്റെ നാട്ടുകാര്‍ വേണ്ടത്ര കൊടുത്തു എന്ന് തന്റെ വാക്കുകളിലൂടെ നാം മനസിലാക്കുന്നു.(അദ്ധ്യായം 29) പണം ഉള്ളവരും ഇല്ലാത്തവരും ഹൃദ്യസ്ഥമാക്കേണ്ട ഒരു വലിയ മുന്നറിയിപ്പാണ് ഈ വല്ലാത്ത അഭിനിവേശം പണത്തോടും അതുള്ളവരോടും തോന്നരുത് എന്നത്.

നാട്ടുകാരെ മുഴുവന്‍ സംരക്ഷിച്ചവനാണ്. ദാസനും ദാസിക്കും ന്യായം നടത്തിക്കൊടുത്തവന്‍, ദരിദ്രനെയും വിധവയെയും അനാഥനെയും സംരക്ഷിച്ചവന്‍. ശത്രുവിന്റെ നാശത്തില്‍ സന്തോഷിക്കുകയോ അവന്റെ അനര്‍ത്ഥത്തില്‍ നിഗളിക്കുകയോ അവനെ പ്രാകുകയോ, ജീവനാശത്തിനു വേണ്ടി ആഗ്രഹിക്കുകയോ ചെയ്യാത്തവന്‍. പരദേശികളെ വഴിയില്‍ പാര്‍പ്പിക്കാതെ വഴിപോക്കനു തന്റെ വാതില്‍ തുറന്നുകൊടുത്തവന്‍. ലംഘനങ്ങള്‍ ഏറ്റുപറഞ്ഞു ഉപേക്ഷിച്ചു ദിനംപ്രതി നിരപ്പു പ്രാപിച്ചവന്‍. എല്ലാവരും ബഹുമാനിച്ചവന്‍, എല്ലാവരാലും ബഹുമാനിക്കപ്പെട്ടവന്‍. ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍ രണ്ടു പ്രസ്താവന ഇയ്യോബിനെക്കുറിച്ചു പറയുന്നതല്ലാതെ പിന്നീടങ്ങോട്ടു കര്‍ത്താവു മൗനം അവലംബിക്കുകയാണ്. ആലോചനകളില്‍ ഇരുളുവ്യാപിക്കുകയാണ്. എനിക്കു ഇങ്ങനെ കഷ്ടത വരുവാന്‍ ഒരു സാധ്യതയില്ലെന്നാണ് നമ്മുടെ കണ്ടെത്തല്‍. എന്റെ പ്രവര്‍ത്തി സസൂക്ഷ്മം ഞാന്‍ തന്നെ തൂക്കി നോക്കുമ്പോള്‍ ഞാന്‍ തന്നെ മെച്ചമാണ്. പാസ്സ് ആകുവാനുള്ള മാര്‍ക്ക് എന്തായാലും ഞാന്‍ നേടിയിട്ടുണ്ട്. എന്റെ ചുറ്റിലുമുള്ളവരെയും എന്റെ പ്രവര്‍ത്തികളെയും തുലനം ചെയ്താല്‍ കണ്ണുമടച്ചു എനിക്ക് കയറി പോകാം. അങ്ങനെയുള്ള എനിക്കി വന്ന കഷ്ടത ന്യായരഹിതമാണ്. ബഹുഭൂരിപക്ഷം അദ്ധ്യായങ്ങളും ഇയ്യോബ് അത് സമര്‍ത്ഥിക്കുവാനായി ശ്രമം നടത്തുന്നു. തന്റെ കയ്യാല്‍ താന്‍ നടത്തിയ പ്രവര്‍ത്തികളുടെ വിശകലനത്തിന്റെ പട്ടികയായതുകൊണ്ടു കര്‍ത്താവും തന്റെ കയ്യുടെ പ്രവര്‍ത്തികളുടെ നീണ്ട നിരയെ ഇയ്യോബിന്റെ മുന്‍പില്‍ നിരത്തി ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരുന്നു.
ഇങ്ങനെ വിമര്‍ശനാത്മകമായി കുത്തിക്കുറിക്കുമ്പോള്‍ ഇയ്യോബിനോടു കര്‍ത്താവിനു വെറുപ്പോ മറ്റോ ആയിരുന്നു എന്നു തെറ്റിദ്ധരിക്കരുത്. ദൈവം പറയുന്നത് ഇയ്യോബിന്റെ മുഖം ആദരിക്കുന്നുവെന്നാണ്. അതിനര്‍ത്ഥം ഇയ്യോബ് എപ്പോഴും ദൈവത്തിനു പ്രീയപ്പെട്ടവനായിരുന്നു എന്നാണ്. പ്രവര്‍ത്തികളിലൂടെയുള്ള സ്വയനീതിയെ തച്ചുടയ്ക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗവും കൈകൊള്ളുവാന്‍ ഇല്ലാത്തതിനാല്‍ ഈ ശോധനയില്‍ക്കൂടെ ഇയ്യോബിനെ കടത്തിവിടേണ്ടതു ആവശ്യമായിരുന്നു. സഹോദരങ്ങളെ, ദൈവം നമ്മുടെ കഷ്ടതയുടെ നടുവില്‍ പ്രതിസന്ധികളുടെ നടുവില്‍ നിശ_vZ\mയിരിക്കുന്നു എങ്കിലും ഉപേക്ഷിച്ചു എന്നു അതിനര്‍ത്ഥമില്ല. കര്‍ത്താവു നമ്മെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. നമ്മുടെ വിശുദ്ധികരണമെന്ന പ്രക്രിയ അവസാനിക്കുന്നിടം വരെയും കര്‍ത്താവു നിശബ്ദമായി നമ്മോടൊപ്പമുണ്ടാകും. എന്റെ ഈ പ്രാവശ്യത്തെ വായനയില്‍ ഏറ്റവും അധികം സന്തോഷിപ്പിച്ചതും ചിന്തിപ്പിച്ചതുമായ വാക്യം ദൈവത്തോടുള്ള തന്റെ ആദ്യത്തെ മറുപടിയാണ്. എത്ര മൂല്യമാണ് ആ രണ്ടു വരികള്‍ക്ക്. എത്ര ആഴമാണ് ആ വാക്കുകളുടെ ഉള്ളുകള്‍ക്ക്. ആ വാക്കുകള്‍ ഇങ്ങനെയാണ് (വാ.42:2) ‘നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു’. എന്നെപ്പോലെ ഒരുവനെ പണിതെടുക്കുവാന്‍ നിനക്കു കഴിയും കര്‍ത്താവേ എന്നാണ് ഇയ്യോബിന്റെ ഏറ്റവും വലിയ തിരിച്ചറിവ്. ദൈവത്തിന്റെ സൃഷ്ടികളുടെയും അവയുടെ അത്ഭുതമായ വര്‍ണ്ണനയുടെയും അവയുടെ നിലനില്പിന്റെയും എല്ലാം വിവരണത്തിലൂടെയാണ് മുപ്പത്തിയെട്ടുമുതല്‍ നാല്പത്തിയൊന്നു വരെയുള്ള അദ്ധ്യങ്ങളിലൂടെ കര്‍ത്താവു ഇടപ്പെട്ടതെങ്കിലും ഇയ്യോബ് കണ്ട അത്ഭുതം തന്റെ വിശുദ്ധികരണത്തിനായി ദൈവം ചെയ്ത പ്രവര്‍ത്തിയാണ്.

അക്കമിട്ടു നിരത്തിയ ഒരുകൂട്ടം നീതിപ്രവര്‍ത്തികളുടെ നീണ്ട ലിസ്റ്റ് കയ്യിലിരുന്നു വിറയ്ക്കുകയാണ്. കേള്‍വിയുടെ പിന്‍ബലത്തിലാണ് ചെയ്‌തെടുത്തതെല്ലാം ഓര്‍ത്തെടുത്തു എഴുതി നല്‍കിയത്. കാഴ്ചയുടെ ലോകത്തു ഈ നീതിപ്രവര്‍ത്തികളുടെ നീണ്ട നിരപോയിട്ടു അവ ചെയ്ത എനിക്കുപോലും സ്ഥാനം ഇല്ലെന്നു ഇയ്യോബ് എന്ന ആമുഖത്തില്‍ നാം കണ്ട നിഷ്‌കളങ്കന്‍. അവനെന്നെ കൊന്നാലും ഞാന്‍ എന്റെ നടപ്പു അവന്റെ മുന്‍പാകെ തെളിയിക്കുമെന്നു പറഞ്ഞ നീതിമാന്‍. കര്‍ത്താവിന്റെ തേജസ്സിന്റെ മുന്‍പില്‍ എന്റെ ഒരു പ്രവര്‍ത്തികള്‍കൊണ്ടും നില്‍ക്കുവാന്‍ എനിക്കു സാധ്യമല്ലെന്ന തിരിച്ചറിവ് എന്നെത്തന്നെ വെറുക്കത്തക്കനിലിയിലാക്കി.

 

Br. Shibu Daniel