ആലയത്തിലെ സന്തോഷം

 

വായനാഭാഗം:- സങ്കീര്‍ത്തനം 122 :1
‘യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.’

ഒരു ദൈവപൈതല്‍ എപ്പോഴും സന്തോഷം ഉള്ളവനായിരിക്കേണം. സന്തോഷമില്ലാത്തവര്‍, സന്തോഷിക്കുവാന്‍ കഴിയാത്തവര്‍ ക്രമേണ നിരാശയുടെ പടുകുഴിയിലേക്ക് വീഴ്ത്തപ്പെടും. ദൈവമക്കള്‍ക്കു ജീവിതത്തില്‍ കഷ്ടതയുണ്ടെങ്കിലും സന്തോഷിക്കുവാന്‍ ഏറെ വകയുണ്ട്. ത മക്കള്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നവരാകുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. നാം ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗീയമായ സന്തോഷത്തില്‍ ജീവിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ദൈവം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അതു അവകാശമാക്കുവാനും അനുഭവിക്കുവാനും കഴിയുന്നില്ല.

ലോകപ്രകാരം ജീവിക്കുന്നവരുടെ സന്തോഷവും, ദൈവവചനപ്രകാരം ജീവിക്കുന്നവരുടെ സന്തോഷവും വ്യത്യസ്തമാണ്. ഭൗതിക നിലവാരങ്ങളില്‍ ലോകമനുഷ്യര്‍ സന്തോഷിക്കുമ്പോള്‍ ആത്മീയ വിഷയങ്ങളിലാണ് ഒരു ദൈവപൈതലിന്റെ സന്തോഷം. ദൈവം ദാനം ചെയ്ത രക്ഷയില്‍ സന്തോഷിക്കുന്ന, തങ്ങളെ അനുദിനം ശക്തീകരിക്കുന്ന തിരുവചനത്തില്‍ സന്തോഷിക്കുന്ന ദൈവമക്കള്‍, അവര്‍ തങ്ങളുടെ സന്തോഷം കര്‍ത്താവില്‍ സമര്‍പ്പിച്ചു നന്ദിയര്‍പ്പിച്ചു ജീവിക്കുന്നവരാണ്. ഇപ്രകാരം സന്തോഷിക്കുവാന്‍ കഴിയുന്ന ഒരു ദൈവപൈതല്‍ തുടര്‍ന്നു തന്റെ സന്തോഷം കണ്ടെത്തേണ്ടതു തsâ കൂട്ടായ്മയിലും വിശുദ്ധ സഭായോഗങ്ങളിലുമായിരിക്കേണം. രക്ഷയിലും വചനത്തിലും സന്തോഷമുള്ള ഒരു ദൈവപൈതലിനോട് ആലയത്തില്‍ പോയി നിങ്ങള്‍ ആരാധിക്കേണം എന്നു ആരും നിര്‍ബന്ധിക്കേണ്ടി വരുന്നില്ല. ആലയത്തില്‍ പോയി ആരാധിക്കുന്നതിലും ദൈവമക്കളുമായുള്ള കൂട്ടായ്മയിലും അവര്‍ സന്തോഷം കണ്ടെത്തുന്നവരാണ്. അപ്രകാരമുള്ള ഒരു വിശ്വാസിക്കു തങ്ങളുടെ ആരാധനയും കൂട്ടായ്മയും അവഗണിക്കുവാന്‍ സാധിക്കുകയില്ല. ജീവന്‍ നിലനിര്‍ത്തുവാന്‍ ഓക്‌സിജന്‍ ആവശ്യമായിരിക്കുന്നതു പോലെ രക്ഷിക്കപ്പെട്ട ഒരു ദൈവപൈതലിനു ആരാധനയും കൂട്ടായ്മയും അവഗണിക്കുവാന്‍ സാധിക്കുകയില്ല. അതിനുള്ള സൗകര്യങ്ങള്‍ ദൈവം നമുക്കു നല്‍കിയിരിക്കുമ്പോള്‍ നാം ദൈവത്തോടു നന്ദിയുള്ളവരായി അതു അനുഭവിക്കുകയും ദൈവത്തിനു മഹത്വം അര്‍പ്പിച്ചു ജീവിക്കുകയും വേണം. അതിനുള്ള അവസരങ്ങള്‍ നാം കണ്ടെത്തുകയും അതില്‍ സന്തോഷിക്കുകയും ചെയ്വാന്‍ ഒരു വിശ്വാസിക്കു കഴിയുന്നില്ലെങ്കില്‍ അതു ആത്മീക മരണത്തിലേക്കു കൊണ്ടെത്തിക്കും.

ഭക്തനായ ദാവീദു പറയുന്നത് നോക്കുക. ‘യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.’ ഭക്തന്റെ കാല്‍ വെമ്പല്‍ കൊള്ളുകയാണ് ദൈവാലയത്തിലേക്കു ഓടിച്ചെന്നു യഹോയുടെ സന്നിധിയില്‍ നൃത്തം ചെയ്തു ആരാധിക്കുവാന്‍. ആരാധനയില്‍ സന്തോഷിക്കുവാന്‍ കഴിയുന്ന വിശ്വാസികള്‍ തമ്മില്‍ തമ്മില്‍ ആലയത്തിലേക്കു ചെന്നു ആരാധന അര്‍പ്പിക്കുവാന്‍ ദൈവസന്നിധിയില്‍ കൂട്ടായ്മ പങ്കുവെക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ്.
ആരാധനയ്ക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു നയിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അവര്‍ ഓരോരുത്തരും, ദാവീദിന്റെ സ്‌നേഹിതര്‍ ഓരോരുത്തരും പറയുകയാണ് ദൈവമേ ഞങ്ങളുടെ കാലുകള്‍ നിന്റെ വാതിലിനകത്തു എത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ക്കറിയാം വാതിലിനു പുറത്തു നാശം വാതിലിനകത്തു ആരാധനയും കൂട്ടായ്മയും സുരക്ഷിത്വവും. അനേകരുടെ കാലുകള്‍ വാതിലിനു പുറത്തു നാശത്തില്‍ കുത്തിനില്‍ക്കുമ്പോള്‍, കൃപയാല്‍ നമ്മുടെ കാലുകള്‍ ആലയത്തിനകത്തു വയ്ക്കുവാന്‍ ദൈവം ഭാഗ്യം നല്‍കിയിരിക്കുന്നു. നാം രക്ഷാസങ്കേതത്തിനകത്തു പ്രവേശിക്കപ്പെട്ടതുപ്പോലെ ഇനിയും അനേകര്‍ ഇതില്‍ പ്രവേശിക്കുവാനുണ്ട്. അവരെ പ്രോത്സാഹിപ്പിച്ചു എത്തിക്കുവാന്‍ നമുക്കു ഇടയാകേണം. ‘അങ്ങനെ യഹോവയാല്‍ വീണ്ടെടുക്കപ്പെട്ടവര്‍ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും, നിത്യാനന്ദം അവരുടെ തലമേല്‍ ഉണ്ടായിരിക്കും. അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും. ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും.’ (യെശയ്യാവ് 35:10)

സഹോദരങ്ങളെ, ദൈവസന്നിധിയില്‍ നാം ആനന്ദിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാള്‍ ഉത്തമമാണ്. ‘നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസങ്ങളേക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങയില്‍ പാര്‍ക്കുന്നതിനേക്കാള്‍ എന്റെ ദൈവത്തിന്റെആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെയിഷ്ടം. (സങ്കീര്‍ത്തനം 84:10) നമുക്കു ആദിമ പിതാക്കന്മാരെപ്പോലെ, അപ്പോസ്‌തോലന്മാരെപ്പോലെ ആരാധനയും കൂട്ടായ്മയും, ഉല്ലാസവും ആനന്ദവുമായി അനുഭവിക്കുവാന്‍ കഴിയണം. അതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും ഉള്ള ഉത്തരവാദിത്വവും നിറവേറ്റാം.

 

Pr. Anil Abraham (MFGC Abu Dhabi)