ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ചുരുക്കം ചിലര്‍

ജയ്മി ബെക്കിംഹാം എഴുതിയ തന്‍റെ പുസ്തകത്തില്‍ തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ഒരിക്കല്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഫ്ലോറിഡയിലെ മെല്‍ബണിലേക്ക് താന്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ താമ്പ ഉള്‍ക്കടലിന് അരികലുള്ള ചെറിയ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനായി ഇറക്കി. ‘മെല്‍ബണിലേക്കുള്ള ആളുകള്‍ വിമാനത്തില്‍ തന്നെ ഇരിക്കുക’ എന്ന് അറിയിപ്പും വന്നു.

എന്നാല്‍ വിമാനം പുറപ്പെടാന്‍ പതിവിലും താമസിക്കുന്നത് എന്താണെന്ന് അന്വേഷിച്ചപ്പോള്‍ രണ്ട് യാത്രക്കാര്‍ മിസ്സിംഗ് ആണെന്ന് മനസ്സിലായി. കുറച്ചു കഴിഞ്ഞ് ഇംഗ്ലീഷ് ഒട്ടും അറിയാത്ത, മധ്യവയസ്കരായ രണ്ട് ഇറ്റാലിയന്‍ സ്ത്രീകള്‍ വിയര്‍ത്ത്, വെപ്രാളപ്പെട്ട് വിമാനത്തിലേക്ക് കയറി വന്നു. സംഭവിച്ചത് ഇങ്ങനെയാണ്: ഇറ്റലിയില്‍ നിന്ന് യുഎസിലേക്ക് ആദ്യമായി വരുന്ന ഇവര്‍ താമ്പാ വിമാനത്താവളമാണ് അവരുടെ ലക്ഷ്യസ്ഥാനമായ മെല്‍ബണ്‍ എന്ന് കരുതി അവിടെ ഇറങ്ങിയതാണ്. ഇറ്റാലിയന്‍ അല്ലാതെ മറ്റു ഭാഷകള്‍ ഒന്നുമറിയാത്ത ഈ പാവങ്ങള്‍ ശരിക്കും പെട്ടുപോയി. അധികം വൈകാതെ വിമാനം പുറപ്പെട്ടു.

നമ്മില്‍ പലരും ഇങ്ങനെയാണ്. നമ്മുടെ ആവശ്യങ്ങള്‍ അല്പം വൈകിയാല്‍ കാര്യം ഗ്രഹിക്കാതെ ദൈവിക പദ്ധതിയില്‍ നിന്ന് ഇറങ്ങിപ്പോകും. ഇവിടെ ഇറങ്ങിയ ഇറ്റാലിയന്‍ സ്ത്രീകള്‍ അവരുടെ ലക്ഷ്യത്തില്‍ നിന്ന് 120 മൈലുകള്‍ അകലെയായിരുന്നു. വചനത്തില്‍ ദൈവത്തിന്‍റെ ഭാഷ അറിയാത്തത് ഒരു പ്രധാന കാരണമാണ്. ദൈവവുമായി ആശയവിനിമയം നടത്തണമെങ്കില്‍ ദൈവത്തിന്‍റെ ഭാഷ അറിയണം. ജീവിതയാത്രയില്‍ തെറ്റായ സ്ഥലത്ത് ഇറങ്ങുന്നവരാണ് നാം. പലപ്പോഴും സമ്പത്തിനെയും, പ്രശസ്തിയെയും, സംരക്ഷണത്തെയും ഒക്കെ വിജയം എന്നതിനൊപ്പം നാം തൂക്കി നോക്കുന്നു. നമ്മുടെ ആത്മീയ ആവശ്യങ്ങളുടെ പരിഹാരമാണ് യഥാര്‍ത്ഥ വിജയം എന്ന് നാം അറിയുന്നതുമില്ല.

യഥാര്‍ത്ഥത്തില്‍ ഇടയ്ക്കിറങ്ങാന്‍ ആണോ ദൈവം നമ്മെ വിളിച്ചത്? വിളി കേട്ടവര്‍ ഇടയ്ക്ക് വച്ച് നിര്‍ത്തുകയില്ല. അവര്‍ ചലിച്ചു കൊണ്ടേയിരിക്കും. വിളി കേട്ടവരെ കണ്ടിറങ്ങിയവന്‍ ഇടയ്ക്ക് വച്ച് തിരിച്ചുപോകും. അബ്രഹാം വിളി കേട്ടവനും ലോത്ത് അബ്രഹാം ഇറങ്ങിയത് കണ്ടിറങ്ങിയവനുമാണ്. എന്നാല്‍ ലോത്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല. അവന്‍ ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോയി. പിന്നീട് ലോത്തിന് സംഭവിച്ചത് വലിയ നാശമാണ്.

അബ്രഹാം മുന്‍പോട്ട് യാത്ര തുടര്‍ന്നു- ലക്ഷ്യത്തിലേക്കുള്ള യാത്ര. ദൈവം നമ്മെ വിളിച്ചത് ഒരു ലക്ഷ്യത്തിലേക്കാണ്. നാം അത് മറന്ന് ഇടയ്ക്ക് വെച്ച് നിര്‍ത്തി പോകരുത്. ഇവിടെ കുറുക്കുവഴികള്‍ ഇല്ല. വളരെ ചുരുക്കം ആളുകള്‍ നമ്മുടെ മുന്‍പിലും പിന്‍പിലുമായി പ്രയാണം ചെയ്യുന്ന ഒരു ഇടുങ്ങിയ വഴിയാണ് ക്രിസ്തീയ ജീവിതം. ഇത് വിശാലമല്ല. വേദനകളും, മുള്ളുകളും തിങ്ങിയ വഴിയാണ്, എങ്കിലും പതറാതെ മുന്നോട്ടുതന്നെ നാം പോകുന്നു.

1700 കളില്‍ വടക്കെ അമേരിക്കയുടെ മധ്യത്തില്‍ കിടക്കുന്ന വരണ്ട മരുഭൂമി കടക്കുവാന്‍ ധീരരായവര്‍ക്ക് പോലും ഇഷ്ടമല്ലായിരുന്നു. സിയറാ നെവേദ മുതല്‍ നെബ്രാസ്ക വരെയും, വടക്ക് യെല്ലോ സ്റ്റോണ്‍ നദി മുതല്‍ തെക്ക് കൊളറാഡോ വരെയുള്ള വിജന പ്രദേശങ്ങള്‍. വിശാലമായ ഷാരസമതലങ്ങള്‍- നിരാശ ഭൂമിയായ ഇവിടെ ജനവാസം ഉണ്ടായിരുന്നില്ല.

വേട്ട സ്ഥലങ്ങള്‍ അന്വേഷിച്ച് യാത്ര ചെയ്തിരുന്ന ഗോത്രവര്‍ഗ്ഗക്കാരായ പൊലീസുകളോ, അപകടകാരികളായ ബ്ലാക്ക്ഫീറ്റുകളോ വല്ലപ്പോഴും ഇതുവഴി യാത്ര ചെയ്യുമായിരുന്നു. ചെന്നായ്ക്കളും, കഴുകന്മാരും, അമേരിക്കന്‍ ബ്രൗണ്‍ കരടികളും മാത്രം വിഹരിച്ചിരുന്ന ഇവിടെ ചില പര്യവേഷകര്‍ ജീവന്‍ പണയപ്പെടുത്തി കടന്നു പോകുമായിരുന്നു! അതെ ആരും പോകാന്‍ ഭയപ്പെടുന്ന ഇടങ്ങളിലൂടെ കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന ചുരുക്കം ചിലര്‍!

അവരാണ് ഇന്നത്തെ വടക്കനമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ഭൂപടം തയ്യാറാക്കിയത്. അക്കാലം വരെ വടക്കനമേരിക്കന്‍ ഭൂഖണ്ഡം എന്താണ് എന്ന് പുറംലോകത്തിന് അറിയില്ലായിരുന്നു അത്രമാത്രം ദുഷ്കരം ആയിരുന്ന ആ സ്ഥലങ്ങള്‍ കണ്ടുപ്പിടിക്കുവാനായി ദുര്‍ഘടങ്ങളിലൂടെ കടന്നുപോയ ചുരുക്കം ചിലര്‍. അവസാനം അവര്‍ വിജയം കണ്ടെത്തി. എല്ലാവര്‍ക്കും അത് കഴിഞ്ഞില്ല. പലരും പകുതി വഴിയില്‍ ആ ശ്രമം ഉപേക്ഷിച്ച് പിന്തിരിഞ്ഞെങ്കിലും ‘ആ ചുരുക്കം ചിലര്‍’ അത് കണ്ടെത്തുക തന്നെ ചെയ്തു. ഇതുപോലെയാണ് ദൈവവിളി കേട്ട് ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ദൈവ പൈതല്‍. ചുരുക്കം ആളുകള്‍ മാത്രം പ്രയാണം ചെയ്യുന്ന ഇടുക്കമുള്ള ഈ പാതയില്‍ അവന്‍ യാത്ര ചെയ്യുന്നു.

1825ല്‍ സര്‍ ജോണ്‍ ബൗറിംഗ് ഹോങ്കോംഗ് ന്‍റെ അരികിലൂടെ യാത്ര ചെയ്യുമ്പോള്‍, തകര്‍ന്ന ഒരു പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാലങ്ങളായി തകരാതെ നില്‍ക്കുന്ന ഒരു കല്‍കുരിശ് കണ്ടു. ഉടനെ പേനയെടുത്ത് അദ്ദേഹം എഴുതി. ‘സമയത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കുമേല്‍ തലയുയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്‍റെ ക്രൂശില്‍ ഞാന്‍ മഹത്വപ്പെടുന്നു’. ഒരു മനോഹരമായ ഗാനം
പിറവിയെടുക്കുകയായിരുന്നു അവിടെ. അതെ കാലത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ക്രൂശിനെ മാത്രം നോക്കി നമുക്കും ലക്ഷ്യത്തിലേക്ക് നീങ്ങാം.

 

Pr. Bijo Mathew Panathur