2ND OPINION

ഞാനും നിന്നെപ്പോലൊരു പ്രവാചകനാണെന്ന ചിലമ്പിച്ച ശബ്ദം കേട്ടാണ് ഞാന്‍ തലയുയര്‍ത്തി നോക്കിയത്. കഴുതപ്പുറത്തുള്ള സഞ്ചാരിയെ വീണ്ടും ക്ഷീണിച്ച കണ്ണോടുകൂടി ഞാന്‍ നോക്കി. ഉരിയാടിയില്ലെങ്കിലും എന്‍റെ കണ്ണുകളിലെ ചോദ്യഭാവം അറിഞ്ഞതിനാലാകാം, കഴുതപ്പുറത്തുനിന്നു ആ വൃദ്ധന്‍ ബദ്ധപ്പെട്ടിറങ്ങിയത്. നരച്ചവനോടുള്ള ബഹുമാനത്താല്‍ ഉറയ്ക്കാത്ത കാലുകളോടുകൂടി ഞാന്‍ എഴുന്നേല്‍ക്കുവാന്‍ ഒരു ശ്രമം നടത്തി. കരുവേലകത്തിന്‍റെ തായ്തടിയില്‍ തപ്പിപ്പിടിക്കുവാന്‍ ഞാനൊരു പാഴ്ശ്രമം നടത്തി. അതു കണ്ടിട്ടാണ് വൃദ്ധന്‍ എന്നെ എഴുന്നേല്‍ക്കുവാന്‍ സഹായിച്ചത്. പ്രത്യക്ഷത്തിലേ ശോഷണം ഒന്നും ആ കൈകള്‍ക്കു ബാധിച്ചിട്ടേയില്ല. ഉറച്ച ബലിഷ്ഠമായ കരങ്ങള്‍. എന്‍റെ തളര്‍ച്ചയും ബലഹീനതയും കൊണ്ടു ഒരു പക്ഷേ എനിക്കു തോന്നിയതാകാം. എന്തായാലും ഞാന്‍ പരസഹായത്തോടെ എഴുന്നേറ്റു നിന്നു. വേഗം കെട്ടും ഭാണ്ഡവും എടുത്തു കഴുതപ്പുറത്തേക്കു കയറിക്കോ… നീ ഇങ്ങനെ പോയാല്‍ ബേഥേലിന്‍റെ അതിരിനപ്പുറം കടക്കുകയില്ല പിന്നല്ലേ, യഹുദയിലെ നിന്‍റെ സ്വന്ത ദേശം. ഭക്ഷണം കഴിച്ചു വിശ്രമിച്ചു ശേഷം പോയാല്‍ മതി. ഞാന്‍ തന്നെ നിന്നെ കൊണ്ടാക്കാം. എന്‍റെ മുഖത്തു നേരിയ പരിഹാസത്തിന്‍റെ പുഞ്ചിരി വിടര്‍ന്നു. അരുളപ്പാടുകള്‍ക്കു വിഘ്നം സംഭവിച്ചുകൂടാ യെന്നു ഞാന്‍ പറഞ്ഞു മനസ്സിലാക്കണോ ജരാനരകള്‍ ബാധിച്ച അങ്ങേയ്ക്കു.. ദൈവത്തിന്‍റെ വായില്‍ നിന്നു വരുന്ന വചനങ്ങള്‍ ഒരിക്കല്‍ ഉവ്വ് എന്നും മറ്റൊരിക്കല്‍ ഇല്ലായെന്നും അല്ലല്ലോ. അവനില്‍ ഉവ്വ് എന്നു മാത്രമല്ലയോ.

നിര്‍ബന്ധം ഏറിവന്നപ്പോള്‍ എന്നിലും സംശയത്തിന്‍റെ ചില നാമ്പുകള്‍ മുളപ്പൊട്ടുവാന്‍ തുടങ്ങി.

അദ്ദേഹവും ഒരു പ്രവാചകനാണ്. അതും എന്നേക്കാള്‍ പ്രവര്‍ത്തിപരിചയമുള്ള പ്രവാചകന്‍. ഒരുപക്ഷേ സാധ്യതയുണ്ട്. ശരീരത്തിന്‍റെ തളര്‍ച്ച ബലഹീനതയ്ക്ക് വഴിമാറുവാന്‍ വാക്ചാതുര്യ പ്രവീണതുകൊണ്ടു വൃദ്ധനായ പ്രവാചകനു ഏറെക്കുറെ സാധിച്ചു. ഒരു ദൂതന്‍ യഹോവയുടെ കല്പനയാല്‍ തന്നോടു പറഞ്ഞു എന്നു കൂടി കേട്ടതോടെ എന്‍റെ സംശയത്തിനു നിവാരണമായി. ആഹാരം ഇല്ലെങ്കിലും സ്വല്പം വെള്ളെമെങ്കിലും കിട്ടിയാല്‍ ആശ്വാസമായിരുന്നു എന്നു കണ്ടു ഞാന്‍ കൂടെപ്പോകുവാന്‍ തിടുക്കപ്പെട്ടു.

വായനാഭാഗങ്ങള്‍: സങ്കീര്‍ത്തനം 62:11, 1 രാജാക്കന്മാര്‍ 13 ‘ബലം ദൈവത്തിനുള്ളതെന്നു ദൈവം ഒരിക്കല്‍ അരുളിച്ചെയ്തു, ഞാന്‍ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു.’ ചില നാളുകള്‍ക്കു മുന്‍പു രാജാക്കന്മാരുടെ പുസ്തകത്തിലൂടെയുള്ള എന്‍റെ വായനമുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് സംശയനിവാരണവും സന്ദേശം ഒന്നും എനിക്ക് മനസ്സിലാക്കുവാന്‍ കഴിയാത്ത അദ്ധ്യായത്തിലൂടെ കടന്നു പോയത്. പതിമൂന്നാം അദ്ധ്യായത്തില്‍ യൊരോബെയാം എന്ന രാജാവിന്‍റെ അടുക്കലേക്കു യെഹൂദയില്‍ നിന്നും ഒരു പ്രവാചകന്‍ ദൈവത്തിന്‍റെ അരുളപ്പാടുമായി വരുന്നു. യൊരോബെയാമിനെ ദാവീദിന്‍റെ മകനായ ശലോമോന്‍റെ പിന്മാറ്റ ജീവിതത്താല്‍ യിസ്രായേലിന്നു രാജാവാക്കി ദൈവം വാഴിച്ചിരുന്നു. ശലോമോന്‍റെ മകനിലേക്കു അധികാരം പിന്തുടര്‍ച്ചാവകാശംപോലെയോ ദൈവത്തിന്‍റെ ദാവീദിനോടുള്ള മാറ്റം വരാത്ത നിയമംമുഖേനയോ ചെന്നെത്തേണ്ടിയിരിക്കുന്ന സ്ഥാനത്താണ് യിസ്രായേലിന്‍റെ പത്തു ഗോത്രങ്ങളെ കീറിയെടുത്തു ശലോമോന്‍റെ ദാസനായ യൊരോബെയാമിലേക്ക് നല്‍കുന്നത്. എന്നാല്‍ യൊരോബെയാം തനിക്കു ലഭിച്ച അര്‍ഹിക്കാത്ത പദവികള്‍ക്കു ദൈവത്തിനു മഹത്വം കൊടുക്കേണ്ടതിനു പകരവും താന്‍ ആലോചന ദൈവത്തോടു കഴിക്കാത്തത് മുഖാന്തിരവും ദൈവകോപത്തിനു അര്‍ഹനായി.

ജനം യെരുശലേമില്‍ യഹോവയുടെ ആലയത്തില്‍ യാഗം കഴിപ്പാന്‍ പോയാല്‍ ജനത്തിന്‍റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാമിലേക്കു തിരിയുകയോ രാജത്വം തന്നില്‍ നിന്നും വീണ്ടും തിരികെ ദാവീദു ഗ്രഹത്തിലേക്കു മടങ്ങിപ്പോകുകയോ ചെയ്യുമെന്നു ഭയന്നു ജനത്തിനു നമസ്കരിക്കുവാന്‍ രണ്ടുയാഗപീഠങ്ങള്‍
പണിയുകയും യൊരോബെയാം ധൂപം കാട്ടുവാന്‍ ബലിപീഠത്തിലേക്കു കയറുന്നതുമാണ് പശ്ചാത്തലം. യാഗപീഠത്തില്‍ ദൈവത്തിനു വിരോധമായി ധൂപം കാട്ടുവാന്‍ നില്‍ക്കുമ്പോഴാണ് യെഹൂദയില്‍ നിന്നുള്ള ദൈവപുരുഷന്‍ യഹോവയുടെ കല്പനയാല്‍ വന്നു യൊരോബെയാമിനു വിരോധമായി പ്രവചിക്കുന്നത്. ഈ പ്രവചനം യൊരോബെയാമിന്‍റെ ഇംഗിതത്തിനു വിരോധമാകയാലും തന്‍റെ കര്‍ണ്ണപുടങ്ങള്‍ക്കു അലോസരമാകയാലും ഈ പ്രവാചകനെ കൊല്ലുവാനായി കൈനീട്ടി. എന്നാല്‍ നീട്ടിയ കൈ പിന്‍വലിക്കുവാനാകാതെ വരണ്ടുപ്പോയതിനാല്‍ യൊരോബെയാം ദൈവപുരുഷനോടു പറയുന്നത് ‘നീ നിന്‍റെ ദൈവമായ യഹോവയുടെ കൃപയ്ക്കായി അപേക്ഷിച്ചു എന്‍റെ കൈ മടങ്ങുവാന്‍ തക്കവണ്ണം എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ’ എന്നു പറഞ്ഞു. ദൈവം പ്രവാചകന്‍റെ അപേക്ഷയാല്‍ യൊരോബെയാമിന്‍റെ കൈ പൂര്‍വ്വസ്ഥിതിയിലാക്കിയതിന്‍റെ പ്രത്യുപകാരമായി തന്‍റെ അരമനയില്‍ കുറച്ചു സമയമുള്ള വിശ്രമവും സമ്മാനവും പാരിതോഷികമായി പ്രഖ്യാപിച്ചു. യഹുദയില്‍ നിന്നും പുറപ്പെടുന്നതിനു
മുന്‍പ് ദൈവത്തിന്‍റെ അരുളപ്പാടു പ്രവാചകന് കൊടുത്തതു ഇപ്രകാരമായിരുന്നു ‘നീ പോകുന്ന സ്ഥലത്തു വെച്ചു അപ്പം തിന്നരുത്. വെള്ളം കുടിക്കരുത്. പോയവഴിയായി മാടങ്ങരുത്.’

രാജാവിന്‍റെ പാരിതോഷികം നിരസിച്ചു കൊണ്ടുള്ള പ്രവാചകന്‍റെ പ്രസ്താവനയാണ് ‘വിശ്രമവും സമ്മാനവും പോയിട്ടു നിന്‍റെ രാജത്വത്തിന്‍റെ പകുതി തന്നാലും ഞാന്‍ നിന്നോടുക്കൂടെ വരികയില്ല’ എന്നുള്ളത്. ദൈവ കല്പനയെ അക്ഷരം പ്രതി അനുസരിച്ചു വേറെ വഴിയായി മടങ്ങിപ്പോയി പ്രവാചകന്‍. എന്നാല്‍ സംഭവങ്ങള്‍ എല്ലാം കണ്ടും കേട്ടും നിന്ന ജനക്കൂട്ടത്തിനിടയില്‍ തന്‍റെ വിധിയെ മാറ്റുന്ന ചിലരുണ്ടെന്നു പാവം പ്രവാചകനറിഞ്ഞിരുന്നില്ല. ബേഥേലില്‍ താമസിക്കുന്ന വൃദ്ധനായ പ്രവാചകന്‍റെ മക്കള്‍ ഈ സംഭവങ്ങള്‍ എല്ലാം വള്ളിപുള്ളി തെറ്റാതെ തങ്ങളുടെ അപ്പോനോട് അറിയിച്ചു. വൃദ്ധനായ പ്രവാചകന്‍റെ വ്യാജം യഹുദയില്‍ നിന്നു ദൈവത്തിന്‍റെ അരുളപ്പാടുകള്‍ ലഭിച്ചു വന്ന ദൈവപുരുഷന്‍റെ വിധിയെ മാറ്റിയെഴുതി. വഴിയില്‍ വച്ച് അവന്‍ പട്ടു പോയി.

ഒരിക്കല്‍ അരുളിച്ചെയ്ത ദൈവത്തെക്കാള്‍ തലനരച്ച പ്രവാചകന്‍റെ ഭോഷ്ക്കു തേടിപ്പോയാല്‍ എത്ര വലിയ ശുശ്രുഷ ചെയ്ത വ്യക്തിയായാലും കൃപയില്‍ നിന്നു വേര്‍പ്പെട്ടുപ്പോകും.

ഒരുപക്ഷേ രാജാക്കന്മാരോടു പ്രവചനം നടത്തിയിട്ടുണ്ടാവാം. ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തിരിക്കാം. അത്ഭുതങ്ങള്‍ നിങ്ങളുടെ കയ്യാല്‍ നടന്നിട്ടുണ്ടാവാം. ഒരിക്കല്‍ അരുളിചെയ്തവനോടു മറുതലിച്ചാല്‍ മേല്‍പ്പറഞ്ഞ ശുശ്രുഷ ഒന്നും തന്നെ പട്ടികയിലുണ്ടാവില്ല.

ആഹാരത്തിനും വെള്ളത്തിനുമായി തന്‍റെ ദൈവശബ്ദ കേള്‍വിയെ അവന്‍ അവിശ്വസിച്ചു. പ്രവചനത്തിന്‍റെ നിവൃത്തികരണം തന്നെ കണ്മുന്‍പില്‍ കണ്ടിട്ടും രാജാവിന്‍റെ യഥാസ്ഥാപനത്തിനായി തന്നെ അയച്ചെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും തന്‍റെ വ്യക്തിപരമായ ജീവിതത്തില്‍ ദൈവം നേരിട്ടു സംസാരിക്കുമോയെന്ന സന്ദേഹത്തിനു കൊടുക്കേണ്ടി വന്ന വില തന്‍റെ ജീവന്‍ തന്നെയായിരുന്നു.

മോഹങ്ങള്‍ കൊടുക്കുന്ന കള്ളപ്രവചനത്തില്‍ കുടുങ്ങി ജീവിതം ഹോമിക്കുന്ന ശുശ്രുഷകര്‍ ഇന്നും കുറവല്ല. ബഹുഭൂരിപക്ഷവും അങ്ങനെയായിപ്പോകുകയാണ്.

കള്ളപ്രവചനത്തില്‍ കുടുങ്ങി ജീവിതവും സമാധാനവും നഷ്ടപ്പെട്ടു ജീവച്ഛമായി ജീവിക്കുന്നവരെ വളരെ സങ്കടത്തോടെ മാത്രമേ കാണുവാന്‍ കഴിയുകയുള്ളു.

ഈ അന്ത്യകാലത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ ലോകത്തിന്‍റെ മോഹങ്ങള്‍ നല്‍കി നിങ്ങളുടെ നിത്യത നഷ്ടപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരെ ഒഴിഞ്ഞിരിക്കുക.

‘ആഹാരവും വെള്ളവും ഇല്ലെങ്കിലും നീ ബേഥേല്‍ കടക്കും അരുളിചെയ്തവനെ നിരസിച്ചാല്‍ ശവം വഴിയില്‍ കിടക്കും’ ദൈവത്തിന്‍റെ അരുളപ്പാടുമായി കടന്നുവന്ന പ്രവാചകന്‍ മറ്റൊരു പ്രവാചകന്‍റെ വ്യാജവാക്കുകളാല്‍
ദൈവകോപത്തിനിരയായി വഴിയില്‍ വച്ച് പട്ടു പോയി. ഏറ്റവും വിരോധാഭാസമായി ഞാന്‍ കണ്ടതു ഈ ഭോഷ്ക്കു പ്രവചിച്ച പ്രവാചകന്‍റെ കരച്ചിലും വിലാപവും അടക്കശുശ്രുഷയുമാണ്.

മോഹഭംഗങ്ങള്‍ നിരാശയിലേക്കു നമ്മെ നയിക്കും. എനിക്കും അതു ലഭിച്ചാല്‍ എന്താണ് കുഴപ്പമെന്ന നിലയിലേക്കു നമ്മെ എത്തിക്കും.

ലോകത്തെ സ്നേഹമില്ലായെന്നു പ്രസംഗിക്കുമ്പോഴും നമ്മുടെ ഉള്ളില്‍ മറപിടിച്ചുകിടക്കുന്ന ചില മോഹങ്ങളുണ്ട്. ആരെങ്കിലും അതിനെയൊന്നു പ്രീണിപ്പിച്ചാല്‍ പെട്ടെന്നു സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മോഹത്തിന്‍റെ ശേഷിപ്പുകള്‍.

ഒരിക്കല്‍ അരുളിച്ചെയ്താല്‍ രണ്ടുപ്രാവശ്യം കേള്‍ക്കുവാന്‍ ഇടയാകരുത്. രണ്ടാമത് ശരിയായിരിക്കുമോയെന്നു മനുഷ്യനോടു ദൈവവാക്കുകളെ അവിശ്വസിച്ചു അഭിപ്രായം ചോദിക്കരുത്. ബിലെയാമിനോടു കര്‍ത്താവു അരുളിച്ചെയ്തതു ബാലാക്കു പറഞ്ഞുവിട്ടവരുടെ കൂടെ പോകരുത് എന്നാണ്. അരുളപ്പാടിനു വിരുദ്ധമായി രണ്ടാമതും ബിലെയാം കൂലികൊതിച്ചു അരുളപ്പാടു തിരുത്തിയെഴുതിക്കുവാന്‍ അപേക്ഷ കൊടുത്തു. ബിലെയാമിന്‍റെയും അനേക യിസ്രായേലിന്‍റെയും നാശത്തിനുമാത്രം ആ അപേക്ഷ ഉതകി. ബലം ദൈവത്തിനുള്ളതെന്നു ഒരിക്കല്‍ അരുളിച്ചെയ്തതു രണ്ടാമത് കേട്ടവന്‍റെ സമാപ്തി. ശവം വഴിയില്‍ കിടക്കേണ്ടിവന്നു. പേരു ദൈവത്തിന്‍റെ പ്രവാചകനെന്നു തന്നെയാണ്. ഒരു രോഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ നാം മറ്റുള്ളവരില്‍ നിന്നു കേള്‍ക്കുന്ന ഒരു വാചകം ആണ് ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ (ലെരീിറ ീുശിശീി) എടുക്കൂ. മറ്റൊരു ഡോക്ടറെ കൂടി കാണിച്ചു അവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കു. എന്നിട്ടു മാത്രമേ ജീവിതത്തില്‍ ഇത്രയും വലിയൊരു പ്രതിസന്ധിക്കു മുന്‍പില്‍ തീരുമാനം എടുക്കാവൂ എന്നു പലരെയും നാം ബുദ്ധിയുപദേശിക്കുന്നത്. രോഗനിര്‍ണ്ണയത്തില്‍ ഒരു സെക്കന്‍റ് ഒപ്പീനിയന്‍ എടുക്കാമെങ്കിലും പ്രിയപ്പെട്ടവരേ, നിങ്ങള്‍ ഒരു ദൈവപൈതലാണെങ്കില്‍ നിരന്തരം ദൈവസാന്നിധ്യത്തില്‍ നടക്കുന്നവരാണെങ്കില്‍ ദൈവശബ്ദത്തിനു വിരോധമായി ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ എടുക്കരുത്.

പൗലോസ് അപ്പോസ്തോലന്‍ വ്യക്തത വരുത്തി എഴുതി ‘ഞങ്ങള്‍ നിങ്ങളോടു അറിയിച്ചതിനു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.’

മാനുഷികമായി ഒരുകൂട്ടം നഷ്ടങ്ങള്‍ പ്രത്യക്ഷത്തില്‍ സംഭവിക്കാമെങ്കിലും കൂടെ നില്‍ക്കുന്നവര്‍ മണ്ടത്തരം കാണിക്കരുത് സഹോദരാ എന്നു പറഞ്ഞാലും ദൈവത്തില്‍ നിന്നു പ്രാപിച്ച ശബ്ദത്തിനു ഘടകവിരുദ്ധമായി പ്രവര്‍ത്തിക്കരുത്. ഒരു സമയം ഒരു കാര്യവും മറ്റൊരു സമയം അതേകാര്യം തിരുത്തിപ്പറയുവാന്‍ അവന്‍ മനുഷ്യനല്ല. ഇരുവാക്കുകാരെ വെറുക്കുന്ന ദൈവം തന്‍റെ വാക്കുകള്‍ക്കു ഉത്തരവാദിയാണ്.

 

Br. Shibu Daniel