ശാസനയില്‍ക്കൂടിയുള്ള ദൈവീക ശിക്ഷണം

വായനാഭാഗം: ഇയ്യോബ് 5:17
‘ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; സര്‍വ്വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുത്’

 

ലോകത്തില്‍ വ്യത്യസ്ഥ നിലയിലുള്ള ഭാഗ്യവാന്മാരുണ്ട്. ഇവിടെ വചനം പറയുന്നു, ദൈവം ശിക്ഷിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. ദൈവം ശാസിക്കുന്നത് നാം ഒരിക്കലും അവഗണിക്കുകയോ, വെറുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ദൈവീക ശാസന പലപ്പോഴും പലര്‍ക്കും പല വിധത്തിലായിരിക്കും. പല രീതിയില്‍ ദൈവീക ശാസന ജീവിതത്തില്‍ നേരിടുന്നവരുണ്ട്. ചിലരെ കഷ്ടങ്ങളില്‍ കൂടി കടന്നുപോകുവാന്‍ അനുവദിക്കുന്ന ശാസനയുണ്ട്. ചിലര്‍ക്ക് നഷ്ട്ടങ്ങള്‍. മറ്റു ചിലര്‍ക്കു രോഗങ്ങള്‍ തുടങ്ങി വ്യത്യസ്ഥ നിലയില്‍ ദൈവീക ശാസന നേരിടുന്നവരുണ്ട്. ഒരു ദൈവപൈതല്‍ ഇതിലേതു അവസ്ഥയില്‍ കൂടി കടന്നുപോയാലും അവന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ ശാസനയാലും, ബാലശിക്ഷ എന്നു പറയുന്ന ശിക്ഷയാലും ഒക്കെ നാം മനസ്സിലാക്കി ദൈവസന്നിധിയില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചാല്‍ നിശ്ചമായും അത് ഏറിയ അനുഗ്രഹങ്ങള്‍ക്കും ദൈവകൃപ പ്രാപിച്ചു മുന്നേറുന്നതിനും കാരണമാകും.

 

‘നിന്‍റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നത് എനിക്കു ഗുണമായി.’ സങ്കീര്‍ത്തനം 119:71. ദൈവം തനിക്കുവേണ്ടി വേര്‍തിരിച്ച ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം, കഷ്ടത തന്‍റെ ജീവിതത്തില്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍, ദൈവ സന്നിധിയിലേക്കു കൂടുതല്‍ അടുത്ത് ചെല്ലുവാന്‍ സഹായിക്കുന്നതാണ് അത്. ദൈവത്തിന്‍റെ, തന്നെക്കുറിച്ചുള്ള ഇഷ്ടം എന്തെന്നറിയുവാനും അതിനനുസരിച്ചു ജീവിതം നയിക്കുവാനും അവസരം ഒരുക്കിക്കൊടുക്കുന്നതാണ് തന്‍റെ ജീവിതത്തില്‍ നേരിടുന്ന കഷ്ടതകള്‍. അതുകൊണ്ടു ഭക്തന്‍ പറയുന്നു, നിന്‍റെ ചട്ടങ്ങള്‍ പഠിക്കുവാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയിലായിരിക്കുന്നതു എനിക്കു ഗുണമായി. താന്‍ കഷ്ടതയില്‍കൂടി ജീവിതം നയിക്കുവാന്‍ ഇടയായതുകൊണ്ടു ദൈവത്തിന്‍റെ ചട്ടങ്ങള്‍ അവനെ പഠിപ്പിച്ചു എന്നും, അവനു ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ ആയിത്തീരുവാന്‍ ഇടയായി എന്നും സങ്കീര്‍ത്തനക്കാരന്‍ നമുക്കു ഉപദേശം തരുന്നു. ദൈവം തന്നെ ശാസിച്ച ശാസനയും, ദൈവം അനുവദിച്ച കഷ്ടത എന്ന ശിക്ഷയും തന്നെ ശുദ്ധികരിക്കുവാനും, തനിക്കു അനുസരണം പഠിക്കുവാന്‍ ഇടയാകുവാനും, തന്നെ ദൈവകരങ്ങളില്‍ ഏല്പിച്ചുകൊടുത്തു, ദൈവത്തിനു ഉപയോഗിക്കത്തക്ക നിലയില്‍ തീര്‍ക്കുവാനും തന്‍റെ കഷ്ടതയെ അവസരമാക്കി ഉപയോഗിച്ച് എന്നു ഭക്തന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 

ഇയ്യോബ് എന്ന ഭക്തനും തന്‍റെ ജീവിതാവസ്ഥയില്‍ ഈ കാര്യം വ്യക്തമാക്കി തരികയാണ്. ‘ഞാന്‍ കഷ്ടതയില്‍ ആയിരുന്നത് എനിക്കു എന്നത് താന്‍ സൂചിപ്പിക്കുന്നത് തന്‍റെ വിടുതലിനെക്കുറിച്ചാണ്. കഷ്ടത സ്ഥിരമല്ലെന്നു അറിഞ്ഞുകൊള്‍ക എന്നൊരു ധ്വനി അതില്‍ താന്‍ പറഞ്ഞുവയ്ക്കുകയാണ്. ഞാന്‍ കഴിഞ്ഞ നാളുകളില്‍ കഷ്ടതയില്‍ ആയിരുന്നു, എന്നാല്‍ ഇന്നു ഞാന്‍ വിടുവിക്കപ്പെട്ടിരിക്കുന്നു. എന്‍റെ കഷ്ടതയും ഞാന്‍ അതില്‍ കഴിഞ്ഞ നാളുകളും ദൈവ പദ്ധതിയിലെ കാര്യമായിരുന്നു. അതുകൊണ്ടു ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ചട്ടങ്ങളെ ഏറിയ അളവില്‍ വായിക്കുവാനും, ദൈവശബ്ദം കേള്‍ക്കുവാനും, ദൈവ വചനത്തിന്‍റെ പാതയിലേക്കു കടന്നുവരുവാനും, ഞാന്‍ ഏറിയ അളവില്‍ വചനത്താല്‍ ശുദ്ധികരിക്കപ്പെടുവാനും ഇടയായിത്തീര്‍ന്നു. തന്നെയുമല്ല, ഞാന്‍ ദൈവത്താല്‍ ഉയര്‍ത്തപ്പെടുവാനിടയായിരിക്കുന്നു. ജീവിതത്തില്‍ കഷ്ടത, രോഗം, നഷ്ടങ്ങള്‍ ദൈവം അനുവദിക്കുന്നുവെങ്കില്‍ അത് അന്ത്യം വരെ തുടരണമെന്നില്ല. അതിന്‍റെ നാളുകള്‍ നമുക്ക് ചുരുക്കുവാന്‍ കഴിയും. ദൈവീക ഉദ്ദേശത്തിനു നാം വിധേയരായി തീര്‍ന്നാല്‍ മതി. കഷ്ടത മാറും. വിടുതലും ഉദ്ധാരണവും ഉണ്ടാകും എന്നു വചനം ഉറപ്പുതരുന്നു. കഷ്ടത എന്തിനുവേണ്ടി അനുവദിച്ചുവോ, ആ ഉദ്ദേശത്തിലേക്കു നയിക്കപ്പെടണം, അതിനു തയ്യാറായാല്‍ കഷ്ടത ജീവിതത്തില്‍ നഷ്ടമല്ല, ദോഷമല്ല, അനുഗ്രഹമായിത്തീരും.

 

പ്രീയരെ, ദൈവത്തിനു നിങ്ങളോടു സംസാരിക്കുവാനുള്ളത് എന്തെന്നു കേള്‍ക്കുവാന്‍ കഷ്ടതയുടെ നാളുകള്‍ നമ്മെ ഏറെ സഹായിക്കും. ദൈവപാദങ്ങളിലേക്കു നാം ഏറെയടുത്തു ചെല്ലുവാനുള്ള സന്ദര്‍ഭമാണ് ഈ കഷ്ടതയുടെ ദിനങ്ങള്‍. ദൈവം ആഹ്വാനം ചെയ്തിരിക്കുന്നത് ‘കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്കുക, ഞാന്‍ നിന്നെ വിടുവിക്കുകയും, നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും എന്നതാണ്’. ജീവിത നടപ്പില്‍ കഷ്ടതയില്‍ക്കൂടെ നടക്കുന്നവരെ, ഇതു നിങ്ങള്‍ക്കു ഒരുക്കപ്പെടുവാനും അനുഗ്രഹിക്കപ്പെടുവാനുമുള്ള സുവര്‍ണ്ണാവസരമായി കാണുക. അവസരങ്ങള്‍ നഷ്ടമാക്കാതെ ഉപയോഗിക്കുക. തകര്‍ച്ചയും, നുറുക്കവുമുള്ള ഹൃദയത്തോടെ കഷ്ടതയുടെ നടുവില്‍ നാം സേവിക്കുന്ന ജീവനുള്ള ദൈവത്തിന്‍റെ അടുക്കലേക്കു അടുത്തു ചെല്ലുവാനിടയാകണം. അടുത്തു ചെല്ലുന്നവനു വേണ്ടി സ്വര്‍ഗ്ഗം തുറക്കുകയും ദൈവകരം നീട്ടപ്പെടുന്നതു കാണുവാന്‍ ഇടയായി തീരുകയും ചെയ്യും.

 

പ്രീയപ്പെട്ടവരേ, ദുര്‍ഘടസമയങ്ങളിലും നാം പഠിക്കേണ്ട സത്യങ്ങള്‍, ചട്ടങ്ങള്‍ പഠിക്കുവാന്‍ അഹംഭാവം ഉള്ളവര്‍ക്കു കഴിയുകയില്ല. ഹൃദയത്തില്‍ താഴ്മയും വിനയവും ഉള്ളവര്‍ക്കേ ദൈവീക ചട്ടങ്ങള്‍ പഠിക്കുവാനും നിവര്‍ത്തികരിക്കുവാനും കഴിയുകയുള്ളു. പ്രതിസന്ധികളും കഷ്ടതകളും ഇല്ലാതെ ഏറിയ അളവില്‍ ഒന്നും പഠിക്കുവാന്‍ നമുക്കു കഴിയുകയില്ല. പ്രതികൂലം നിറഞ്ഞ ജീവിതാനുഭവങ്ങളില്‍ക്കൂടി നാം കടന്നുപോകുമ്പോള്‍ നമുക്കു ദൈവത്തിന്‍റെ സ്നേഹവും കരുതലും ഇടപ്പെടലും അനുഭവിച്ചറിയുവാനും അനേകര്‍ക്കു ദൈവീക വിടുതലിന്‍റെ വഴിയും നാം പഠിച്ച ചട്ടങ്ങളും ദൈവത്തിന്‍റെ ശാസന രീതികളും നമുക്കു പറഞ്ഞുകൊടുത്തു അവരെ ധൈര്യപ്പെടുത്തുവാനും കഴിയും. അതിനു നമുക്കു ഇടയായി തീരുന്നുവെങ്കില്‍ നമ്മുടെ ജീവിതം ധന്യവും ദൈവപ്രസാദവും ഉള്ളതായി മാറും. ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ.

 

Pr. Anil Abraham (MFGC Abu Dhabi)