വാഗ്ദത്തം തടയുന്ന കല്പനാലംഘനങ്ങള്‍

വായനാഭാഗം:- ഉല്പത്തി 11:4 ‘വരുവിന്‍, നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‍ പറഞ്ഞു.’

മനുഷ്യന്‍റെ പാപത്തിന്‍റെ ഭാരം ഭൂമിയില്‍ പെരുകിയപ്പോള്‍, കയ്യിന്‍റെ വഴിയേ സഞ്ചരിച്ച ജനസമൂഹത്തെ ദൈവം ഭൂമിയില്‍ ഉളവാക്കിയ ജലപ്രളയത്താല്‍ നശിപ്പിച്ചു ഒരു ചെറിയ ശേഷിപ്പിനെ, ദൈവത്തിന്‍റെ വാക്കുകേട്ടു അനുസരിച്ച നോഹയെയും കുടുംബത്തെയും ഭൂമിയില്‍ ശേഷിപ്പിച്ചു. ദൈവവാക്കിനാല്‍ അവരുടെ രക്ഷക്കായി ഉണ്ടാക്കപ്പെട്ട പെട്ടകത്തില്‍ കയറിയ നോഹയേയും മൂന്നു പുത്രന്മാരെയും അവരുടെ ഭാര്യമാരെയും ദൈവം ഭൂമിയില്‍ ജീവിക്കുവാന്‍ അനുവദിക്കുകയും അവര്‍ക്കു വാഗ്ദത്തങ്ങള്‍ കൊടുക്കുകയും ചെയ്തു. ആദാമ്യ സൃഷ്ടിയിലുണ്ടായിരുന്ന ദൈവത്തിന്‍റെ ഉദ്ദേശം നോഹയുടെ കുടുംബത്തില്‍ക്കൂടെ ജലപ്രളയാനന്തരം ഭൂമിയില്‍ തുടരുവാന്‍ ദൈവം വീണ്ടും അവസരം ഒരുക്കി. ആദാമിനെയും തന്‍റെ സന്തതിയെയും ലക്ഷ്യം വച്ചു തകര്‍ത്തു കളഞ്ഞ പിശാചു നോഹയെയും തന്‍റെ തലമുറകളെയും ലക്ഷ്യം വച്ചു.

നോഹയുടെ പുത്രന്മാരില്‍ക്കൂടെ ഭൂമിയില്‍ വംശങ്ങള്‍ ഉടലെടുത്തു. ദൈവീക പദ്ധതി ഭൂമിയില്‍ നിറവേറുവാന്‍ തുടങ്ങിയപ്പോള്‍, സാത്താന്‍ ദൈവീക പദ്ധതിക്കെതിരെ മനുഷ്യനെ വീണ്ടും ഉപയോഗിക്കുവാന്‍ വശീകരിച്ചു. ‘നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുവിന്‍.’ എന്നു നോഹയേയും അവന്‍റെ പുത്രന്മാരെയും അനുഗ്രഹിച്ചു കല്പിച്ചതാണ്. അതു നിറവേറി വരവേ അതിനെതിരെയുള്ള പദ്ധതിക്കായി മനുഷ്യനെ സാത്താന്‍ ഉപയോഗിക്കുന്നു. സാത്താന്‍ എപ്പോഴും ചെയ്യുന്നതു വാഗ്ദത്തവും ലക്ഷ്യവുമുള്ളവനെ കല്പനാലംഘനത്തിനു പ്രേരിപ്പിക്കുക എന്നതാണ്. കല്പനാലംഘനത്തില്‍ അകപ്പെടുത്തിയാണ് പിശാച് മനുഷ്യന്‍റെ വാഗ്ദത്തങ്ങളെ തകര്‍ത്തുകളയുന്നത്. ‘ഭൂമിയില്‍ നിറയുവാന്‍ കല്പിച്ചതിനു എതിരെ, മനുഷ്യനെക്കൊണ്ടു പ്രതിയോഗി തീരുമാനം എടുപ്പിക്കുന്നതില്‍ വിജയിച്ചു. അവര്‍ പറഞ്ഞതു, ‘ഭൂമിയിലെങ്ങും ചിതറിപ്പോകാതിരിപ്പാന്‍ വേണ്ടതു നമുക്കു ചെയ്യാം. ഒരു പട്ടണം ഉണ്ടാക്കി അതില്‍ പാര്‍ക്കാം.’ ദൈവകല്പനയ്ക്കു വിരോധമായി പ്രവര്‍ത്തിക്കുവാന്‍ ദൈവമക്കള്‍ തുനിയരുത്. കല്പന ലംഘിപ്പിക്കുക എന്നതു മാത്രമല്ല, ദൈവീക വാഗ്ദത്തങ്ങളില്‍ അവരെ അവിശ്വാസമുള്ളവരാക്കി തീര്‍ക്കുക എന്നതും ശത്രു ഇവിടെ ചെയ്യുകയാണ്. മനുഷ്യന്‍ എടുത്ത തീരുമാനത്തില്‍ നിന്നും നമുക്കതു മനസ്സിലാക്കാം. ‘ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും നമുക്കു പണിയണം. അതില്‍ക്കൂടി നമുക്കൊരു പേരും ഉണ്ടാക്കണം. പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങിയ നോഹൈകസന്തതികളോടു ദൈവം വാഗ്ദത്തം ചെയ്തതു ഇനിയുമൊരു ജലപ്രളയത്തില്‍ക്കൂടി ഭൂമിയെ നശിപ്പിക്കുകയില്ല എന്നതാണ്. അതിനു അവര്‍ക്കൊരു അടയാളവും വാഗ്ദത്തം ഓര്‍ക്കുവാന്‍ വേണ്ടി കൊടുത്തു. ആകാശവിതാനത്തില്‍ നിങ്ങള്‍ എന്‍റെ മഴവില്ലു കാണുമ്പോള്‍ എന്‍റെ വാഗ്ദത്തം ഓര്‍ത്തുകൊള്ളുക. എന്നതും അവര്‍ക്കു ദൈവം കൊടുത്ത ഉറപ്പായിരുന്നു. എന്നാല്‍ പിന്നത്തേതില്‍ സൗകര്യപൂര്‍വ്വം മനുഷ്യന്‍ അതു മറന്നു ഇപ്രകാരം പറഞ്ഞു. പ്രളയം വന്നു നാം നശിച്ചുപോകാതിരിക്കേണ്ടതിനു ആകാശത്തോളം ഉയരമുള്ള ഒരു ഗോപുരം നാം പണിയുക. ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ അവിശ്വസിക്കുവാനുള്ള പ്രവണത മനുഷ്യനില്‍ അന്നു മാത്രമല്ല, ഇന്നും ഉണ്ട്. വാഗ്ദത്തങ്ങളുടെ നിവര്‍ത്തികരണത്തിനായി കാത്തിരിക്കുവാന്‍ കഴിയാതെ മനുഷ്യന്‍ കുറുക്കുവഴികള്‍ തേടാറുണ്ട്. സാറ പറഞ്ഞുകൊടുത്ത കുറുക്കുവഴി അബ്രഹാം അനുസരിച്ചു വാഗ്ദത്ത സന്തതിക്കു വേണ്ടിയുള്ള കാത്തിരിപ്പിനെ തടയുന്ന പ്രവര്‍ത്തി ചെയ്തതിന്‍റെ പരിണിതഫലം തന്‍റെ ജീവിതത്തില്‍ തന്നെ ഏറിയ അളവില്‍ അനുഭവിച്ചിരുന്നു. ദൈവഹിതത്തിനു വിപരീതം ചെയ്യിക്കുക എന്നതു സാത്താന്യ പദ്ധതിയാണ്. ഇന്നും മനുഷ്യന്‍റെ മേലുള്ള ദൈവീക പദ്ധതികളെ പിശാചു ഏറിയ അളവില്‍ തടയുന്നുണ്ട്. അറിഞ്ഞോ അറിയാതയോ ഒക്കെ ദൈവീക പരിപാടിയില്‍ ഇല്ലാത്തതു ചെയ്യിച്ചു പേരു ഉണ്ടാക്കിക്കുക. പ്രശസ്തി ഉണ്ടാക്കിക്കുക എന്നതൊക്കെ ദൈവമക്കള്‍ക്കുമേലുള്ള ശത്രുവിന്‍റെ കാര്യപരിപാടികളാണ്. ‘നമുക്കു ഒരു പേരുണ്ടാക്കുക’ എന്നതും സാത്താന്‍ മനുഷ്യനെക്കൊണ്ടു ചെയ്യിക്കുന്നു. നാം നമ്മുടെ പേര്‍ ഉയര്‍ത്തുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നതു നാം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമം ഉയര്‍ത്തുന്നവരും മഹത്വപ്പെടുത്തുന്നവരും ആകണമെന്നാണ്. നമ്മുടെ പേരു ഉയര്‍ത്തുവാന്‍ നാം താല്പര്യപ്പെടാതെ, ദൈവഹിതപ്രകാരം നാം പ്രവര്‍ത്തിച്ചാല്‍, വാഗ്ദത്തം വിശ്വസിച്ചു അതിനായി കാത്തിരുന്നാല്‍ നമുക്കു കര്‍ത്താവു ഒരു പേര്‍ നല്‍കുമെന്നു വചനം വാഗ്ദത്തം ചെയ്യുന്നു. ‘ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.’ വെളിപ്പാട് 2:17

കൂടപ്പിറപ്പുകളെ, നമുക്കെതിരെയുള്ള ശത്രുവിന്‍റെ തന്ത്രം നാം തിരിച്ചറിയേണം. വിളിക്കപ്പെട്ടവനു വാഗ്ദത്തങ്ങളുണ്ട്. നിയോഗങ്ങളുണ്ട്. അവന്‍റെ മുന്‍പില്‍ ദൈവം വച്ച ലക്ഷ്യം ഉണ്ട്. ഇതു തകര്‍ക്കുക എന്നതാണ് പണ്ട് മുതല്‍ പ്രതിയോഗിയായ പിശാചു ചെയ്തു വരുന്നത്. അതിനു അവന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളാണ്, ദൈവത്തിന്‍റെ കല്പനകളെ ലംഘിപ്പിക്കുക, നിര്‍ദ്ദേശങ്ങളെ അവഗണിപ്പിക്കുക, വാഗ്ദത്തങ്ങളെ അവിശ്വസിപ്പിച്ചു കുറുക്കുവഴി സ്വീകരിപ്പിക്കുക. സ്വയം ഒരു പേരു ഉണ്ടാക്കിപ്പിച്ചു അതിന്‍റെ പ്രശസ്തിയില്‍ ആനന്ദിപ്പിക്കുക. ഇതില്‍ക്കൂടി, തിരഞ്ഞെടുക്കപ്പെട്ടവന്‍റെ മേല്‍ ദൈവീക കോപവും, ശാപവും വീഴ്ത്തുകയും നിത്യനാശത്തിലേക്കു തള്ളിക്കളയുകയും ചെയ്യുക എന്ന സാത്താന്യ തന്ത്രത്തില്‍നിന്നും വിടുതലുള്ളവരായി, വാഗ്ദത്തങ്ങളെ പ്രാപിച്ചു ദൈവം ഏല്പിച്ച ലക്ഷ്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കു എത്തുക.

Pr. Anil Abraham