പ്രവര്‍ത്തിയിലൂടെ വെളിപ്പെടുന്ന ക്രിസ്തു.

മുറിവേറ്റ് മരണാസന്നനായി വഴിയരികില്‍ കിടന്ന മനുഷ്യനെ കണ്ടിട്ടും കാണാതെപോയ മതമേധാവികള്‍ക്ക് ഒരു അപവാദമായിരുന്നു അവരുടെ പിന്നാലെ വന്ന ശമര്യക്കാരന്‍. പുരോഹിതനും ലേവ്യനും അന്നത്തെ മതത്തിന്‍റെ പ്രതിനിധികളായിരുന്നു. പുരോഹിതന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘പുരത്തിന്‍റെ ഹിതം നിറവേറ്റുന്നവന്‍’. പുരം എന്നാല്‍ സ്വര്‍ഗ്ഗം. അപ്പോള്‍ സ്വര്‍ഗ്ഗത്തിന്‍റെ (ദൈവത്തിന്‍റെ) ഹിതം നിറവേറ്റുന്നവനാണ് പുരോഹിതന്‍. പക്ഷേ ഈ ഉപമയിലെ പുരോഹിതന്‍ ആ കാര്യത്തില്‍ പരാജയപ്പെട്ടു. പ്രസംഗവും, പ്രാര്‍ത്ഥനയും പേരിനുമാത്രം കൊണ്ടുനടന്നവര്‍, പ്രവര്‍ത്തിയില്‍ ദൈവത്തെ വെളിപ്പെടുത്താത്തവര്‍.. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമാണ്. നമ്മുടെ ജീവിതത്തില്‍ വിശ്വാസവും അതിന്‍റെ പ്രവര്‍ത്തിയും തമ്മില്‍ എത്ര അകലം ഉണ്ട് ചിന്തിക്കുക!

മറിയ യേശുവിന്‍റെ അരികില്‍ വന്ന് ഒരു ഭരണി ജടമാംസി തൈലം യേശുവിന്‍റെ കാലില്‍ പൂശി. വളരെ വിലയുള്ള ആ സൗരഭ്യ തൈലം എന്തിന് നശിപ്പിച്ചു കളഞ്ഞു? എന്ന് ചിന്തിച്ചവര്‍ക്ക് യേശുവിനോടുള്ള സ്നേഹം അവള്‍ പ്രകടിപ്പിച്ചതാനെന്ന് മനസ്സിലായില്ല. അവള്‍ക്ക് അല്പം നഷ്ടമുണ്ടായി എന്നത് സത്യമാണ്. യേശുവിനെ ഞാന്‍ സ്നേഹിക്കുന്നു… സ്നേഹിക്കുന്നു.. എന്ന് ദിവസം നൂറ് പ്രാവശ്യം പറയുന്നതിലല്ല, അവള്‍ അത് പ്രകടിപ്പിച്ച രീതിയിലാണ് യേശു വിസ്മയിച്ചത്. വളരെ വിലയുള്ളത് അവള്‍ അതിനായി നഷ്ടപ്പെടുത്തി. നമ്മുടെ ജീവിതംകൊണ്ട് ദൈവസ്നേഹം തെളിയിക്കപ്പെടട്ടെ.

ഗിരിപ്രഭാഷണം എന്നത് പ്രവര്‍ത്തികളിലൂടെ ദൈവ കല്‍പ്പന അനുസരിക്കാനുള്ള യേശുവിന്‍റെ ഒരു ആഹ്വാനമായിരുന്നു. ശത്രുക്കളെ സ്നേഹിപ്പീന്‍.. എന്നുള്ള വചനം ഒരു സാധാരണ മനുഷ്യനും നടപ്പില്‍ വരുത്താന്‍ കഴിയാത്ത കാര്യമാണ്. പക്ഷേ യേശുവിനെ അനുഗമിക്കുന്നവര്‍ അത് അനുവര്‍ത്തിക്കണം. പ്രവര്‍ത്തിക്ക് ഇവിടെ പ്രാധാന്യമുണ്ട്.

ഫ്രാന്‍സിലെ പ്രസിദ്ധനായ ഒരു ചിത്രകാരനെ ഒരിക്കല്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒരു പോലീസുകാരന്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. പോലീസിന് അദ്ദേഹം ആരാണെന്ന് വ്യക്തമായി മനസ്സിലായില്ല. താങ്കള്‍ ആരാണ് എന്ന് പോലീസുകാരന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ചിത്രകാരനാണ് എന്ന് മറുപടി അദ്ദേഹം നല്‍കി. എന്നാല്‍ സംശയം മാറാതിരുന്ന പോലീസുകാരന്‍ അദ്ദേഹത്തോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. കാര്‍ഡ് തന്‍റെ കയ്യില്‍ കരുതാന്‍ മറന്നുപോയ ചിത്രകാരനെ പോലീസ് തടഞ്ഞു വച്ചപ്പോള്‍ ആ മഹാനായ ചിത്രകാരന്‍ തന്‍റെ ബാഗില്‍ നിന്ന് ഒരു പേപ്പറും ഒരു പേനയും എടുത്ത് അല്പം സമയം കൊണ്ട് വളരെ മനോഹരമായ ഒരു ചിത്രം വരച്ച് ആ പോലീസുകാരന്‍റെ കൈയില്‍ കൊടുത്തു. ആ ചിത്രം കണ്ട് പോലീസ്കാരന്‍ അന്തം വിട്ടുനിന്നു. തന്‍റെ മുമ്പില്‍ ഇരിക്കുന്ന ആള്‍ ഒരു ചിത്രകാരന്‍ ആണെന്ന് പോലീസിന് മനസ്സിലായി. തന്‍റെ പ്രവര്‍ത്തിയിലൂടെ അദ്ദേഹം ഒരു ചിത്രകാരന്‍ ആണെന്ന് തെളിയിച്ചു കൊടുക്കുകയായിരുന്നു. ഏത് ഒരു തിരിച്ചറിയല്‍ കാര്‍ഡിനെക്കാളും വലിയ ഒരു അറിവായിരുന്നു ഇത്.

നമ്മുടെ പ്രവര്‍ത്തിയിലൂടെ യേശുവിനെ മറ്റുള്ളവരുടെ മുമ്പില്‍ തെളിയിക്കാന്‍ ദൈവം സഹായിക്കട്ടെ. നമ്മുടെ പ്രവര്‍ത്തിയിലൂടെ ക്രിസ്തു തെളിഞ്ഞു വരട്ടെ.

 

Pr. Bijo Mathew